അമ്പലവയൽ ∙ കാർഷിക കോളജിൽ പഠിക്കാനെത്തുന്ന വിദ്യാർഥികൾക്ക് ഇരുട്ടടിയായി മൂന്നിരട്ടി ഫീസ് വർധന. പുതിയ ബാച്ചിലെത്തുന്ന വിദ്യാർഥികളുടെ ഫീസ് കാർഷിക സർവകലാശാലയാണ് മൂന്നിരട്ടിയിലേറെയായി വർധിപ്പിച്ചത്.
അമ്പലവയൽ കാർഷിക കോളജിൽ ഇന്ന് മുതൽ ക്ലാസ് ആരംഭിക്കുന്ന പുതിയ ബാച്ച് വിദ്യാർഥികൾ മുതൽ വർധിപ്പിച്ച ഫീസ് അടയ്ക്കണം. 15000 രൂപയായിരുന്ന ഒരു സെമസ്റ്ററിന്റെ ഫീസാണ് അൻപതിനായിരത്തോളമായി വർധിപ്പിച്ചത്.
എട്ട് സെമസ്റ്ററുള്ള കോഴ്സിൽ ഒാരോ ആറു മാസം കൂടുമ്പോഴും അൻപതിനായിരത്തോളം രൂപ വിദ്യാർഥികൾ ഫീസായി അടക്കണം.
ചെറിയ തുകയിൽ പഠനം നടത്താൻ കാർഷിക കോളജിലേക്കെത്തുന്ന വിദ്യാർഥികൾ ഇതോടെ ആശങ്കയിലായി. അമ്പലവയൽ കാർഷിക കോളജിൽ ബിഎസ്സി അഗ്രിക്കൾച്ചർ കോഴ്സിൽ 67 സീറ്റുകളാണുള്ളത്. ഇതിലാണ് ഇപ്പോൾ പ്രവേശനം നടക്കുന്നത്.
എട്ട് സെമസ്റ്ററുകളുള്ള കോഴ്സ് പഠിച്ച് തീർക്കുമ്പോൾ 4 ലക്ഷത്തോളം ഫീസായി മാത്രം നൽകേണ്ട അവസ്ഥയിലാണ്. കൂടാതെ ഹോസ്റ്റൽ ഫീസും മറ്റു ചെലവുകളും കണക്കിലെടുക്കുമ്പോൾ പഠിച്ചിറങ്ങാൻ നല്ലൊരു തുക വിദ്യാർഥികൾ കണ്ടത്തേണ്ടി വരും. സ്വകാര്യ കോളജുകളേക്കാൾ ഫീസ് കുറവായതിനാലാണ് സർവകലാശാലയുടെ നാല് ക്യാംപസുകളിൽ എൻട്രൻസ് വഴി വിദ്യാർഥികൾ പഠിക്കാനെത്തുന്നത്.
ഇപ്പോൾ ഫീസ് സ്വകാര്യ കോളജുകളുടെ മാതൃകയിൽ വർധിപ്പിച്ചതിനെതിരെ വിദ്യാർഥികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. കാർഷിക കോളജിൽ പുതിയതായി എത്തിയ വിദ്യാർഥികളുടെ ഒപ്പം വന്ന രക്ഷിതാക്കളെല്ലാം അമിതമായ ഫീസ് വർധനയിൽ പ്രതിഷേധിച്ചു.
സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വിധമാണ് ഫീസ് വർധിപ്പിച്ചതെന്നും ഇനി എല്ലാ സെമസ്റ്ററിലും ഫീസ് അടയ്ക്കാൻ ലോൺ എടുക്കേണ്ടതായി വരുമെന്ന അവസ്ഥയിലാണെന്നും അവർ പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള രക്ഷിതാക്കളാണ് ഇന്നലെ വിദ്യാർഥികളുടെ പ്രവേശന നടപടിയുടെ ഭാഗമായി കോളജിലെത്തിയത്.
ഫീസ് കുറവാണെന്നത് മുൻകൂട്ടി കണ്ടാണ് അഗ്രിക്കൾച്ചർ കോഴ്സിന് ചേർത്തതെന്നു രക്ഷിതാക്കൾ പറഞ്ഞു.
എന്നാൽ, കോളജിലെത്തിയപ്പോഴാണ് വലിയ തുക അടയ്ക്കണമെന്ന കാര്യം പലരും അറിഞ്ഞത്. ആദ്യം തുക അടച്ചവരോട് ബാക്കി കൂടെ അടയ്ക്കാൻ ആവശ്യപ്പെട്ടു.
കാർഷികസർവകലാശാലയുടെ സാമ്പത്തിക ബാധ്യതയാണു ഫീസ് വർധനയ്ക്കു കാരണമായി അധികൃതർ പറയുന്നത്. എന്നാൽ, ഉദ്യോഗസ്ഥരുടെ പിടിപ്പുകേടുകൊണ്ടുണ്ടായ സാമ്പത്തിക ബാധ്യത വിദ്യാർഥികളുടെ തലയിൽ കെട്ടിവയ്ക്കരുതെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തം
അമ്പലവയൽ ∙ കാർഷിക കോളജിൽ ഫീസ് കുത്തനെ കൂട്ടിയതിനെതിരെ അമ്പലവയൽ കാർഷിക കോളജിലെ എസ്എഫ്ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി.
ബോർഡിൽ കൈപ്പത്തി പതിപ്പിച്ചാണ് എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. കോളജിന്റെ മുൻപിലായി പ്രതിഷേധ ബോർഡും സ്ഥാപിച്ചു.
നിലവിൽ വരുന്ന വിദ്യാർഥികൾക്കാണ് ഫീസ് കുത്തനെ വർധിപ്പിച്ചതെങ്കിലും ക്യാംപസിലുള്ള മറ്റു ബാച്ചിലുള്ള വിദ്യാർഥികളിലും കാർഷിക സർവകലാശാലയുടെ നടപടിയിൽ പ്രതിഷേധം ശക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

