പുൽപള്ളി ∙ ഗോത്ര ഭവന പദ്ധതിയിൽ അനുവദിച്ച വീടുകളുടെ നിർമാണം പൂർത്തീകരിക്കാതെ കരാറുകാരൻ വഞ്ചിച്ചെന്നാരോപിച്ച് കൊളവള്ളി പണിയ ഊരിലെ ഗുണഭോക്താക്കൾ ടൗണിൽ പ്രതിഷേധം നടത്തി. വീടുനിർമാണം നടത്തിയ കരാറുകാരനുമായി ബന്ധമുള്ള ടൗണിലെ വ്യാപാരസ്ഥാപനത്തിനു മുന്നിലാണ് പ്രതിഷേധമുണ്ടായത്.
മണിക്കൂറുകളോളം തുടർന്ന സമരം വൈകുന്നേരം അവസാനിപ്പിച്ചു. വീടുനിർമാണത്തിന്റെ പേരിൽ നടന്ന തട്ടിപ്പുകൾ അന്വേഷിക്കാമെന്ന് പൊലീസ് ഉറപ്പുനൽകി.
കൊളവള്ളിയിലും പരിസരങ്ങളിലുമായി 30 ഓളം വീടുകളുടെ നിർമാണം 10 വർഷമായിട്ടും പൂർത്തീകരിക്കാതെ കരാറുകാരൻ വഞ്ചിച്ചെന്നാണു പരാതി.
പലതവണയായി പണം കൈപ്പറ്റിയിട്ടും വീടുനിർമാണം പൂർത്തികരിക്കാത്തതിനാൽ ഗുണഭോക്താക്കൾ ദുരിതജീവിതം നയിക്കുകയാണ്. ഗോത്രഭവന നിർമാണത്തിലെ ഇടനിലക്കാരുടെ ചൂഷണങ്ങളും വഞ്ചനയും സംബന്ധിച്ച് പൊലീസിലും വിജിലൻസിലും നേരത്തെ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ തട്ടിപ്പു നടത്തിയവർക്കെതിരെ ആദിവാസി പീഡന വകുപ്പുപ്രകാരം കേസെടുക്കുമെന്ന് ജില്ലാഭരണകൂടം നൽകിയ ഉറപ്പും പാലിക്കപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തുകളിലും വ്യക്തികളും ഗോത്രസംഘടനകളും പരാതി നൽകിയിരുന്നു.
കൊളവള്ളിയടക്കമുള്ള ഊരുകളിൽ അവർ താമസിച്ചിരുന്ന വീടുകൾ പൊളിച്ചുമാറ്റിയശേഷമാണ് സർക്കാർ ഭവനനിർമാണം ആരംഭിച്ചത്.
മഴയും വെയിലുമേറ്റ് ഇതുവരെ ചെയ്ത നിർമിതികളപ്പാടെ തകർന്നു. വീടുകളുടെ തറയും ഭിത്തിയും വിണ്ടുകീറി അപകടാവസ്ഥയായി.
ചില വീടുകൾ കാണാൻ കഴിയാത്തവിധം കാടുമൂടി.വർഷങ്ങൾക്കുമുൻപ് പലഘട്ടങ്ങളിലായി നിർമാണം മുടങ്ങിയ വീടുകൾ പൊളിച്ചുമാറ്റി വേറെ വീട് നിർമിക്കേണ്ട അവസ്ഥയുമുണ്ട്.
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ബെനാമി കരാറുകാർ വീടുനിർമാണം നടത്തിയതെന്നാണ് ആരോപണം. നൂറുകണക്കിനു വീടുകളുടെ നിർമാണമാണ് ഓരോ പഞ്ചായത്തിലും മുടങ്ങിക്കിടക്കുന്നത്. പണിപൂർത്തീകരിക്കാതെ തുകനൽകിയതും ഗുണഭോക്താക്കൾ വഞ്ചിക്കപ്പെട്ടതും സംബന്ധിച്ച് അന്വേഷണവും നടപടിയും ആവശ്യപ്പെട്ടാണ് വീടില്ലാത്തവർ തെരുവിലിറങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

