പനമരം ∙ ഡിവിഷനിൽ ആര് കയറും എന്ന് ഉറ്റുനോക്കുകയാണ് മുപ്പത്താറായിരത്തിലധികം വരുന്ന വോട്ടർമാർ. എസ്ടി വനിത സംഭരണ വാർഡായ ഇവിടെ ഇത്തവണ വീറും വാശിയുമേറിയ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. മുൻ പഞ്ചായത്തംഗങ്ങളെ നിർത്തിയാണ് യുഡിഎഫും എൽഡിഎഫും ഏറ്റുമുട്ടുന്നത്.
എൻഡിഎ സ്ഥാനാർഥിയും ശക്തമായി മത്സര രംഗത്തുണ്ട്. മൂവരും ഡിവിഷന് പുറത്തുനിന്നുള്ളവരാണെന്നു മാത്രം.
ഇതിൽ യുഡിഎഫ് എൽഡിഎഫ് സ്ഥാനാർഥികൾ പനമരം പഞ്ചായത്തിലെ പള്ളിക്കുന്ന് വാർഡിൽ ഉള്ളവരാണെങ്കിൽ എൻഡിഎ സ്ഥാനാർഥി കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് നിന്നാണ് പോരാട്ടത്തിന് ഇറങ്ങിയത്.
കഴിഞ്ഞ തവണ കൈവിട്ടു പോയ തങ്ങളുടെ കോട്ട പിടിച്ചെടുക്കുമെന്ന് യുഡിഎഫും കഴിഞ്ഞ തവണ ജയിച്ചു കയറിയ ആത്മവിശ്വാസത്തിൽ എൽഡിഎഫും നേർക്കുനേർ പോരിനിറങ്ങുമ്പോൾ ആത്മവിശ്വാസത്തോടെ എൻഡിഎയും രംഗത്തുണ്ട്.
പനമരം പഞ്ചായത്തിലെ 15 ഉം പുൽപള്ളി പഞ്ചായത്തിലെ 4 ഉം കണിയാമ്പറ്റ പഞ്ചായത്തിലെ ഒരു വാർഡും ചേർന്ന പനമരം ഡിവിഷനിൽ 36217 വോട്ടർമാരാണ് ഉള്ളത്. പാക്കം, പനമരം, വിളമ്പുകണ്ടം ബ്ലോക്ക് ഡിവിഷനുകൾ ചേർന്നതാണ് പനമരം ജില്ലാ പഞ്ചായത്ത് ഡിവിഷൻ.
കഴിഞ്ഞ തവണ ഉണ്ടായിരുന്ന കുണ്ടാല, അഞ്ചുകുന്ന് ബ്ലോക്ക് ഡിവിഷൻ തരുവണ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് മാറിയതിനു പകരം പുതിയ ഡിവിഷനായ വിളമ്പുകണ്ടം പനമരം ഡിവിഷനിൽ കൂട്ടിച്ചേർത്തു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
2000 മുതൽ 4 തവണയും യുഡിഎഫിനായിരുന്നു പനമരത്ത് വിജയം.എന്നാൽ കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു പ്രകാശ് 1500 ൽ അധികം വോട്ടിന് മുഫീദ തെസ്നിയെ പരാജയപ്പെടുത്തിയതോടെ ഡിവിഷന്റെ പതിവുരീതിക്കു മാറ്റം വന്നു. ഇതുകൊണ്ടുതന്നെ എന്തു വില കൊടുത്തും ഈ കോട്ട
പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ മുൻ പനമരം പഞ്ചായത്ത് അംഗവും, മഹിള കോൺഗ്രസ് പനമരം ബ്ലോക്ക് പ്രസിഡന്റ് ഏച്ചോം സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ ബീനാ സജിയെ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.
എന്നാൽ കിട്ടിയ ഡിവിഷൻ നിലനിർത്താൻ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് നിലവിൽ പനമരം പഞ്ചായത്തംഗവും സിപിഎം ലോക്കൽ കമ്മിറ്റിയംഗവും എകെഎസ് ഏരിയ കമ്മിറ്റിയംഗവുമായ അനീറ്റ ഫെലിക്സിനെയാണ്. എൻഡിഎക്കു വേണ്ടി മത്സരത്തിനിറങ്ങിയിരിക്കുന്നത് ബിജെപി സംസ്ഥാന കൗൺസിൽ അംഗവും മഹിളാ മോർച്ച മുൻ ജില്ലാ അധ്യക്ഷയും കൽപറ്റ പോസ്റ്റ് ഓഫിസ് ആർഡി ഏജന്റുമായ രമാ വിജയനാണ്.
കഴിഞ്ഞ തവണ തോൽവിക്കു കാരണമായ സാഹചര്യം ഇക്കുറിയില്ലെന്നും ഡിവിഷൻ തിരിച്ചുപിടിക്കുമെന്നും യുഡിഎഫ് പറയുമ്പോൾ ഈ കാലയളവിലെ ഭരണ നേട്ടവും ഡിവിഷന്റെ മാറ്റവും കൂട്ടിച്ചേർക്കലും മൂലം ഡിവിഷൻ നിലനിർത്താനാകുമെന്നു എൽഡിഎഫും വാദിക്കുന്നു.
എന്നാൽ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വിജയം ഉറപ്പിക്കുമെന്നാണു എൻഡിഎയുടെ പക്ഷം.എൽഡിഎഫ് സ്ഥാനാർഥി അനിറ്റ ഫെലിക്സ് 20 വാർഡുകളിലെയും തൊഴിലുറപ്പ് കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം കയറിയുള്ള ഒന്നാം റൗണ്ട് പ്രചാരണം പൂർത്തിയാക്കി ഇന്നലെ രാവിലെ 9 ന് മുക്രമൂലയിൽ നിന്ന് വാഹന പര്യടന പരിപാടി ആരംഭിച്ചു.
പ്രവർത്തകർ ഇന്നലെ വാഹന പര്യടനത്തിന് 10 ഇടങ്ങളിൽ സ്വീകരണം നൽകി. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമെന്നാണ് അനീറ്റയുടെ പക്ഷം.
ഇതിനോടകം ഒട്ടുമിക്ക വാർഡുകളും കയറിയിറങ്ങിയ യുഡിഎഫ് സ്ഥാനാർഥി ബീനാ സജി ഇന്നലെ പനമരം ആര്യനൂർ ഊരിൽ നിന്നാണ് വോട്ടഭ്യർഥിച്ചു തുടങ്ങിയത്. കഴിഞ്ഞ തവണ കൈവിട്ട
ഡിവിഷൻ തിരിച്ചുപിടിക്കുമെന്ന് ബീനാ സജി പറയുന്നു. എൻഡിഎ സ്ഥാനാർഥി രമാ വിജയൻ 10 വാർഡുകളിൽ ഒന്നാം ഘട്ട
വോട്ടഭ്യർഥന പൂർത്തിയാക്കി. ചീക്കല്ലൂരിലായിരുന്നു ഇന്നലെ പ്രചാരണം.
മികച്ച നേട്ടം കൈവരിക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്ന് രമയും പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

