കോഴിക്കോട് ∙ തിരഞ്ഞെടുപ്പ് ചൂട് കൂടിയതോടെ ഓട്ടപ്പാച്ചിലിൽ സ്ഥാനാർഥികൾ. വോട്ടർമാരെ കണ്ടുകിട്ടാനുള്ള കഠിനപ്രയത്നത്തിൽ ചാടിക്കടക്കേണ്ട
മതിലുകൾ ഒരുപാടുണ്ട്. തെരുവുനായയെയും വളർത്തുനായ്ക്കളെയും വരെ പേടിക്കേണ്ട
അവസ്ഥ. എതിരാളികളുടെ രാഷ്ട്രീയ തന്ത്രങ്ങളെ മറികടക്കാം, നായകടി എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ് പാവം സ്ഥാനാർഥികൾ. കഴിഞ്ഞ ദിവസമാണ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് നായയുടെ കടിയേറ്റത്.
വോട്ട് അഭ്യർഥിച്ചു ചെന്ന വീട്ടിലെ ജർമൻ ഷെപ്പേഡ് ഇരുകാലിലും കടിച്ചു പറിച്ചു. തടി ആദ്യം വോട്ട് പിന്നെ എന്നു പറഞ്ഞു രക്ഷപ്പെട്ട
സ്ഥാനാർഥി ഇപ്പോൾ ചികിത്സയിലാണ്.
പല വീടുകളിലും വോട്ടർമാരെ കണ്ടു കിട്ടണമെങ്കിൽ അതിരാവിലെയോ രാത്രിയോ വീടുകളിൽ ചെല്ലണം. ഈ സമയത്തു പ്രധാന വെല്ലുവിളി തെരുവു നായ്ക്കളാണ്.
കടിയേൽക്കാതിരിക്കാൻ കമ്പും കട്ടയുമായാണ് സ്ഥാനാർഥികളും സംഘവും സ്ക്വാഡ് വർക്കിന് ഇറങ്ങുന്നത്. ചിലയിടങ്ങളിൽ കടിയേൽക്കാതിരിക്കാൻ സ്ഥാനാർഥിയും സംഘവും ഓടിരക്ഷപ്പെട്ട
സ്ഥലങ്ങളുമുണ്ട്.സന്ധ്യാസമയം നോക്കി വോട്ട് അഭ്യർഥിക്കാനിറങ്ങുന്ന സ്ഥാനാർഥികളുണ്ട്. പ്രാർഥനാ സമയത്ത് നൽകുന്ന ഉറപ്പ് പിന്നെ മാറ്റില്ല എന്ന സൈക്കോളജിയാണ് അവിടെ പ്രയോഗിക്കുന്നത്.
അനുഗ്രഹിക്കണമെന്നു കാലിൽ വീഴുന്നതും വീട്ടുമുറ്റത്തു നിൽക്കുന്ന കുട്ടികളെ കളിപ്പിക്കുന്നതുമൊക്കെ ഇക്കാലത്തും കൈവിടാൻ കഴിയാത്ത അടവുകളാണ്.
അണുകുടുംബമായതിന്റെ പ്രശ്നങ്ങളും സ്ഥാനാർഥികൾ അനുഭവിക്കുന്നു. ഭാര്യയും ഭർത്താവും ജോലിക്കു പോകുന്ന വീടുകളിൽ പ്രചാരണത്തിനു പലവട്ടം പോകേണ്ട
സ്ഥിതിയുണ്ട്. ഇത്തരം വീടുകൾ നേരത്തേ മാർക്ക് ചെയ്ത് അവധി ദിവസങ്ങളാണ് പ്രചാരണത്തിനു പോകുന്നത്.
ആൾക്കൂട്ടമായി പോകുന്ന പ്രചാരണ രീതിയും വിപരീത ഫലമാണെന്നാണു ചില സ്ഥാനാർഥികളുടെ അനുഭവം. ആൾക്കൂട്ടം കാണുമ്പോൾ വോട്ടർമാരുടെ മുഖം മങ്ങുന്നു.
വീട്ടുകാർ രാവിലെ ഉണരുമ്പോൾ ഉറങ്ങാൻ തുടങ്ങുന്ന ജെൻസീ പിള്ളേരെ കൊണ്ടും സ്ഥാനാർഥികൾ വലഞ്ഞ മട്ടാണ്. വീട്ടുകാരെ കാണാൻ പോകുമ്പോൾ ഇവർ ഉറക്കമായിരിക്കും.
ഉറക്കത്തിൽ നിന്നു വിളിച്ച് ഉണർത്തിയാൽ ഉള്ള ഒരു വോട്ട് പോകുമോ എന്നു പേടിച്ച് രാത്രി വീണ്ടും ഇവരെ തേടിപ്പിടിച്ചു ചെല്ലേണ്ട അവസ്ഥയാണ്.
ചിലയിടത്താണെങ്കിൽ സ്ക്വാഡ് വർക്കിനു വരാൻ അണികളെ കിട്ടാനില്ല.
വോട്ട് അഭ്യർഥിക്കാൻ കൂടെ വരാൻ പ്രത്യേക ‘മോട്ടിവേഷൻ’ നൽകി വേണം ആളെ ഇറക്കാൻ. അതിരാവിലെ സ്ക്വാഡ് വർക്കിന് ഇറക്കണമെങ്കിൽ കാര്യമായ ‘മെനു’ തന്നെ വേണ്ടി വരും.
തുക ചെലവാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണമുണ്ട് എന്ന വാദമൊന്നും വിലപ്പോകില്ല. കാര്യമായി തന്നെ വല്ലതും കൊടുത്തില്ലെങ്കിൽ വോട്ട് ചോദിക്കുന്നതിന് ആവേശം കുറയും.
ഹോട്ടലിൽ നിന്നു വാങ്ങിക്കൊടുത്താൽ മുതലാവില്ല എന്നതിനാൽ ഏതെങ്കിലും ഒരു വീട്ടിൽ സാധനങ്ങൾ വാങ്ങിക്കൊടുത്ത് പാചകം ചെയ്തു വാങ്ങി മുണ്ട് മുറുക്കി ഉടുക്കുകയാണ് സ്ഥാനാർഥികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

