കൽപറ്റ ∙ ‘കോൺഗ്രസ് തിരഞ്ഞെടുപ്പുയോഗം നാളെ കൽപറ്റയിൽ നടക്കും. മേൽപറഞ്ഞ ദിവസം യോഗത്തിൽ ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണ്’– പഴയൊരു തിരഞ്ഞെടുപ്പുകാല അനൗൺസ്മെന്റാണ്.
അന്നൊക്കെ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലെ സ്റ്റാർ ആയിരുന്നു ഉച്ചഭാഷിണി– വിന്റേജ് തിരഞ്ഞെടുപ്പ് പ്രചാരണരീതികളെക്കുറിച്ച് എഐസിസി അംഗം എൻ.ഡി.അപ്പച്ചൻ ഓർക്കുന്നു. ഉച്ചഭാഷിണി കാണാനും അതിലൂടെ ഇഷ്ടനേതാക്കളുടെ പ്രസംഗം കേൾക്കാനും ആളുകൾ കൂട്ടത്തോടെ എത്തുമായിരുന്നു.
വയനാട്ടിൽ വേണ്ടത്ര ഗതാഗതസൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് കിലോമീറ്ററുകളോളം കാൽനടയായി പൊതുപ്രവർത്തനം നടത്തിയയാളാണു വയനാട്ടുകാർ സ്നേഹപൂർവം അപ്പച്ചൻചേട്ടൻ എന്നുവിളിക്കുന്ന എൻ.ഡി.അപ്പച്ചൻ.
വോട്ട് ചോദിച്ച് സ്ഥാനാർഥി പോകുന്നതും നടന്നുതന്നെ. 1977ൽ കെ.രാഘവൻ ബത്തേരിയിൽ സ്ഥാനാർഥിയായപ്പോഴാണു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അപ്പച്ചൻ ഇറങ്ങുന്നത്.
വാഴവറ്റയിൽനിന്ന് വയൽവരമ്പിലൂടെ നടന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കു രാഘവൻ മാഷിനൊപ്പം പോയിട്ടുണ്ട്. 1982ൽ കെ.രാഘവൻ ഡിസിസി പ്രസിഡന്റായിരിക്കുമ്പോൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കു ജീപ്പ് വാങ്ങാൻ ബോംബെയിൽ പോയകാലവും അപ്പച്ചൻ ഓർക്കുന്നു.
ജീപ്പിന്റെ ചേസിസ് മാത്രമാണ് വയനാട്ടിലെത്തിച്ചത്. ഏറെക്കാലം ആ ജീപ്പായിരുന്നു നേതാക്കൾക്ക് ആശ്രയം.
1984ലെ കോൺഗ്രസ് ജില്ലാ സമ്മേളനത്തിന് ആളെയെത്തിക്കാൻ കോഴിക്കോട്ടുനിന്നാണ് അപ്പച്ചനും സംഘവും ബസുകൾ കൊണ്ടുവന്നത്. അക്കാലത്ത് വയനാട്ടിൽ ബസുകളൊന്നുമില്ലായിരുന്നു.
വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായിരുന്നു അത്–അപ്പച്ചൻ ഓർക്കുന്നു. മുട്ടിൽ പഞ്ചായത്തിൽ വാർഡ് അംഗമായി പാർലമെന്ററി രാഷ്ട്രീയത്തിനു തുടക്കമിട്ട
അപ്പച്ചൻ 2006ൽ ബത്തേരിയിൽനിന്നു നിയമസഭയിലെത്തി. ഡിഐസി രൂപീകരണകാലത്ത് ലീഡർ കെ.
കരുണാകരനോടുള്ള വ്യക്തിബന്ധം മുറുകെപ്പിടിച്ചു പാർട്ടിവിടാൻ നിർബന്ധിതനായത് ഇന്നും വേദനയോടെയാണ് അപ്പച്ചൻ നോക്കിക്കാണുന്നത്. ഏതു സീറ്റിൽ വേണമെങ്കിലും മത്സരിക്കാമെന്ന് അഹമ്മദ് പട്ടേലടക്കമുള്ളവർ പറഞ്ഞെങ്കിലും ലീഡറെ വിഷമിപ്പിക്കാൻ തോന്നിയില്ല– അദ്ദേഹം പറഞ്ഞു.
ഗാന്ധികുടുംബവുമായി നല്ല അടുപ്പം സൂക്ഷിക്കാനായതാണു ഏറ്റവും വലിയ സൗഭാഗ്യമായി അദ്ദേഹം കാണുന്നത്.
ഇന്നും എപ്പോൾ വേണമെങ്കിലും ഡൽഹിയിലെത്തിയാൽ രാഹുൽ ഗാന്ധിയെ കാണാനാകും. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എന്ന വ്യക്തിപരമായി നേരിട്ട് അറിയാം.
അതിൽ കൂടുതൽ ഒരു കോൺഗ്രസുകാരന് എന്തുവേണം?– അപ്പച്ചൻ ചോദിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

