ബത്തേരി ∙ 1982 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ബത്തേരിയിലെ യുഡിഎഫ് സ്ഥാനാർഥി കെ.കെ.രാമചന്ദ്രന് വോട്ടുതേടി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വയനാട്ടിലെത്തിയിരുന്നു. ഗാന്ധി കുടുംബത്തിലെ ഒരാൾ വയനാട്ടിലേക്കെന്ന വാർത്തയറിഞ്ഞ് ഇന്ദിരയെ കാണാൻ ജനസഞ്ചയം ഒഴുകിയെത്തി.
ഹെലികോപ്റ്ററിൽ വന്ന ഇന്ദിര ബത്തേരി സെന്റ് മേരീസ് ഗ്രൗണ്ടിലാണ് ഇറങ്ങിയത്. അന്നത്തെ പഞ്ചായത്തു പ്രസിഡന്റായിരുന്ന പി.സി.അഹമ്മദ് മൈക്ക് കയ്യിലെടുത്ത് ഉച്ചത്തിൽ അനൗൺസ് ചെയ്തത് ഇങ്ങനെ: ഇന്ത്യയുടെ പ്രധാനമന്ത്രി, നമ്മുടെ ഇന്ദിരാ പ്രിയദർശിനി ഇതാ എന്റെ പഞ്ചായത്തിന്റെ വ്യോമാതിർത്തിയും കടന്ന് ബത്തേരിയിലേക്കെത്തുന്നു! അന്ന് സേവാദൾ വൊളന്റിയറായി സ്റ്റേജിൽ നിന്ന ഇന്നത്തെ ബത്തേരി മണ്ഡലം യുഡിഎഫ് ചെയർമാൻ ഡി.പി.
രാജശേഖരൻ അതോർത്ത് ഇപ്പോഴും ചിരിക്കുന്നു. കോൺഗ്രസ് നേതാക്കളുടെ അടുത്തേക്ക് നടന്നു വന്ന ഇന്ദിരാ ഗാന്ധിയോട് വയനാട്ടിലെ വന്യജീവി വിഷയത്തെക്കുറിച്ചും കർഷകർ നേരിടുന്ന പ്രശ്നത്തെക്കുറിച്ചും ചിലർ പറയാൻ ശ്രമിച്ചു.
ആയിടയ്ക്ക് ഒരു കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യം ഇന്ദിരയെ അറിയിക്കാൻ ഒരു കാരണവർ ഇന്ദിരയ്ക്കടുത്തേക്കെത്തി.
അദ്ദേഹം പറഞ്ഞതിങ്ങനെയാണെന്ന് ഡി.പി.
രാജശേഖരൻ ഓർക്കുന്നു: എ ബിഗ് എലിഫന്റ് കം, കട്ട് വേലി കുത്ത് ചെട്ട്യാർ…….. ചെട്ട്യാർ ഡെഡ്.
മുറി ഇംഗ്ലിഷിലും പ്രധാനമന്ത്രിക്ക് കർഷകൻ ഉദ്ദേശിച്ച കാര്യം മനസ്സിലായി. കൃഷിയിടത്തിൽ വേലിക്കുള്ളിൽ നിന്നിരുന്ന കർഷകനെ കാട്ടിൽ നിന്നെത്തിയ ആന വേലി തകർത്ത് കുത്തിക്കൊന്നു എന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. കേന്ദ്രമന്ത്രിയായിരുന്ന സി.എം.
സ്റ്റീഫനാണ് അന്ന് ഇന്ദിരയുടെ പ്രസംഗം തർജമ ചെയ്തത്. പിന്നീട് ഇതേ ഗ്രൗണ്ടിൽ ഇന്ദിരയുടെ മകൻ രാജീവ് ഗാന്ധിയും മരുമകൾ സോണിയ ഗാന്ധിയും കൊച്ചുമക്കളായ പ്രിയങ്കയും രാഹുലും എത്തിയതും ചരിത്രം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

