മുണ്ടക്കൈ ∙ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ അവശേഷിക്കുന്ന വീടുകളിൽ വീണ്ടും മോഷണം വ്യാപകമാകുന്നു. ആൾ താമസമില്ലാത്തതും പൂട്ടിക്കിടക്കുന്നതുമായ വീടുകളിൽ നിന്നു കഴിഞ്ഞ 2 മാസത്തിനിടെ ഒട്ടേറെ വീട്ടുപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, കുടിവെള്ള ടാങ്കുകൾ, മോട്ടർ, പൈപ്പുകൾ എന്നിവ അടക്കം മോഷണം പോയതായി വീട്ടുടമസ്ഥർ പറയുന്നു.
കഴിഞ്ഞ ദിവസം മുണ്ടക്കൈ ചിറക്കൽ സുലൈമാന്റെ വീട്ടിൽ നിന്നു പുതപ്പുകൾ, ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ എന്നിവ മോഷണം പോയി.
ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം സുലൈമാനും കുടുംബവും മേപ്പാടി പൂത്തക്കൊല്ലിയിലാണ് താമസം. കഴിഞ്ഞ ദിവസം മുണ്ടക്കൈയിലെ വീട്ടിലെത്തിയപ്പോഴാണു മോഷണവിവരം അറിഞ്ഞത്.
വീടിന്റെ മുൻവാതിൽ തകർന്ന നിലയിൽ കണ്ടതിനെ തുടർന്നു സുലൈമാൻ അകത്തു കയറി പരിശോധിക്കുകയായിരുന്നു. കഴിഞ്ഞമാസവും ഇതേ വീട്ടിൽ നിന്നു വാട്ടർ ടാങ്കും മോട്ടറും അനുബന്ധ ഉപകരണങ്ങളും മോഷണം പോയിരുന്നതായി സുലൈമാൻ പറഞ്ഞു.
തുടർന്ന് മേപ്പാടി പൊലീസിൽ പരാതി നൽകിയിരുന്നു.
ആൾതാമസമില്ലാത്ത മേഖലകളിലെ കൃഷിയിടങ്ങളിൽ നിന്നു കാർഷിക വിളകൾ മോഷണം പോകുന്നതും പതിവാണ്. ഉരുൾപൊട്ടലിനു ശേഷം മുണ്ടക്കൈ, അട്ടമല, ചൂരൽമല ദുരന്ത മേഖലകളിൽ ആൾതാമസമില്ല.
നോ ഗോസോൺ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇവിടേക്കു പുറത്തു നിന്നുള്ളവർക്ക് പ്രവേശിക്കണമെങ്കിൽ പാസ് നിർബന്ധമാണ്. വീടുകളിലേക്കും മറ്റും പോകണമെങ്കിൽ നാട്ടുകാർ ആധാർ കാർഡും കാണിക്കണം.
പൊലീസിന്റെ കർശന പരിശോധനയും ചൂരൽമല ടൗണിൽ ശക്തമാണ്.
എന്നിട്ടും ദുരന്തമേഖലകളിൽ മോഷണം വ്യാപകമാണ്.
ഉരുൾപൊട്ടൽ ദുരന്തനാളുകളിൽ മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ മോഷണം വ്യാപകമായിരുന്നു. സന്നദ്ധ പ്രവർത്തകരെന്ന വ്യാജേനയായിരുന്നു അന്നത്തെ മോഷണങ്ങൾ.
ഒട്ടേറെ വീടുകളിൽ നിന്നു സ്വർണം അടക്കമുള്ളവ അന്നു മോഷണം പോയിരുന്നു.
വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ദുരന്തമേഖലകളിൽ പട്രോളിങ് ശക്തമാക്കുകയും സന്നദ്ധ പ്രവർത്തകർക്കു റജിസ്ട്രേഷൻ നിർബന്ധമാക്കുകയും ചെയ്തിരുന്നു. ഒരിടവേളയ്ക്കു ശേഷമാണു ദുരന്തമേഖലകളിൽ വീണ്ടും മോഷണം വ്യാപകമാവുന്നത്.
മോഷണത്തിന് പിന്നിൽ ഒരുസംഘം തന്നെയുണ്ടെന്നാണ് വീട്ടുടമസ്ഥർ പറയുന്നത്.
മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നും രാത്രി പട്രോളിങ് ശക്തമാക്കണമെന്നുമാണ് വീട്ടുടമസ്ഥരുടെ ആവശ്യം.
ദുരന്തമേഖലയിൽ വീണ്ടും മോഷണം വ്യാപകമായിരിക്കുകയാണ്. അടച്ചിട്ട
വീടുകളുടെ വാതിലുകളും ജനലുകളുമൊക്കെ തകർത്തും മറ്റുമാണ് മോഷണം. ഇൗ സാഹചര്യത്തിൽ ദുരന്തമേഖലകളിൽ സദാസമയവും പൊലീസിന്റെ നിരീക്ഷണം ഏർപ്പെടുത്തണം.
സുലൈമാൻ ചിറക്കൽ.
മുണ്ടക്കൈ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

