സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ ഹൂതി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരൻ തെലങ്കാന സ്വദേശിയാണെന്ന് ഔദ്യോഗിക സ്ഥിരീകരണം.
ഹൈദരാബാദ് മെഹ്ദിപട്ടണം സ്വദേശിയായ മുഹമ്മദ് യൂസുഫ് (46) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ബന്ധുക്കളും എം.പി അസദുദ്ദീൻ ഉവൈസിയും ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.
റിയാദിൽ ഐ.ടി പ്രൊഫഷണലായി ജോലി ചെയ്യുകയാണ് യുസുഫ്. നാട്ടിൽ നിന്ന് കുടുംബം ഒരാഴ്ച മുമ്പാണ് ഉംറ കർമങ്ങൾ നിർവഹിക്കുന്നതിനായി സൗദിയിലേക്ക് എത്തിയത്.
ഒക്ടോബർ 10-ന് മദീനയിലേക്ക് യാത്ര തിരിക്കാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് യൂസുഫിന് ഗുരുതര പരിക്കേറ്റത്.
സംഭവത്തിൽ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
യൂസുഫിന്റെ ഭാര്യയും മകളും അത്ഭുതകരമായി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇവർക്കൊപ്പം യാത്രയിലുണ്ടായിരുന്ന യൂസുഫിന്റെ അമ്മായിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെങ്കിലും നിലവിൽ അപകടനില തരണം ചെയ്തതായി അസദുദ്ദീൻ ഉവൈസി എം.പി അറിയിച്ചു.
കുടുംബത്തിന് അടിയന്തര സഹായം അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രാലയത്തിന് സന്ദേശം അയച്ചതായി അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു. ഈ ആക്രമണത്തിൽ യൂസഫിന്റെ ഒരു മകൻ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ്.
മറ്റൊരു മകൻ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നും, അദ്ദേഹത്തിന്റെ കാൽവിരലുകളിൽ മൂന്നെണ്ണം മുറിച്ചുമാറ്റേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിയാദിലുള്ള യൂസഫിന്റെ ബന്ധുവുമായി താൻ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് മിഷൻ ബഷീർ അഹമ്മദ് തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും എംപി അറിയിച്ചു.
കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണം എന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്.
ജയശങ്കറിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

