കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട വിദ്യാർഥികൾ വിഡിയോ കോളിലൂടെ മന്ത്രി ടി.
സിദ്ദീഖിനെ ബന്ധപ്പെട്ട് സ്നേഹാദരങ്ങൾ അറിയിച്ചു. ദുരന്തത്തിന്റെ കടുത്ത പ്രതിസന്ധികൾക്കിടയിലും തങ്ങൾക്ക് കൈത്താങ്ങായി നിന്ന മന്ത്രി, ഭരണഘടനാപരമായ ഉന്നത പദവിയിലെത്തിയതിലുള്ള സന്തോഷം വിദ്യാർഥികൾ അദ്ദേഹവുമായി പങ്കുവെച്ചു.
“ആരുമില്ലാത്തപ്പോൾ താങ്ങും തണലുമായി കൂടെനിന്ന പ്രിയപ്പെട്ടവർ ഉയരങ്ങളിലെത്തുമ്പോൾ അത് ഞങ്ങളുടെ കൂടി വിജയമാണ്. ടൗൺഷിപ് ഉദ്ഘാടനവേളയിലെ കൂവൽ ഞങ്ങളുടെ കണ്ണുനിറച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഈ മന്ത്രിക്കസേരയിൽ അങ്ങയെ കാണുമ്പോൾ മനസ്സ് നിറയുകയാണ്”- വിദ്യാർഥികൾ മന്ത്രിയോട് പറഞ്ഞു. വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ വിഡിയോ കോൾ സംഭാഷണത്തിൽ പങ്കെടുത്തു.
വിദ്യാർഥികളുടെ വാക്കുകൾക്ക് നന്ദി രേഖപ്പെടുത്തിയ മന്ത്രി, അതിജീവനത്തിന്റെ പാതയിൽ ഇവർ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം സമൂഹത്തിന് വലിയൊരു മാതൃകയാണെന്ന് അഭിപ്രായപ്പെട്ടു. 2024-ലെ ഉരുൾപൊട്ടലിൽ പഠനം പ്രതിസന്ധിയിലായ 152 വിദ്യാർഥികൾക്കായി ‘എംഎൽഎ കെയർ’ പദ്ധതി വഴി പ്രത്യേക സംവിധാനങ്ങൾ നേരത്തെ തന്നെ ഒരുക്കിയിരുന്നു.
സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ച് പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുടെ സഹകരണത്തോടെയാണ് ഇവരുടെ പഠനച്ചെലവുകൾ പൂർണമായും കണ്ടെത്തിയത്. ഇതിലൂടെ മെഡിക്കൽ, എൻജിനീയറിങ്, ഏവിയേഷൻ തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് തടസ്സമില്ലാതെ വിദ്യാഭ്യാസം തുടരാൻ സാധിച്ചു.
പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞുവെന്നും, നിലവിൽ പഠനം തുടരുന്ന മുഴുവൻ പേർക്കും കോഴ്സ് പൂർത്തിയാകുമ്പോൾ തൊഴിൽ ഉറപ്പാക്കുമെന്നും മന്ത്രി ടി. സിദ്ദീഖ് വ്യക്തമാക്കി.
നിലവിൽ ജില്ലയിൽ 351 വിദ്യാർഥികളാണ് ‘എംഎൽഎ കെയർ’ പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസം നേടുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പദ്ധതി വഴി 21 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

