മാനന്തവാടി ∙ പയ്യമ്പള്ളി പടമല മണിയില ബിജീഷിന്റെ വീടിനു സമീപത്തുനിന്നു മൂർഖൻ പാമ്പിനെയും 25 കുട്ടികളെയും പിടികൂടി. മാളത്തിൽനിന്നു തല വെളിയിലിട്ടിരിക്കുന്ന പാമ്പിനെ കണ്ട് ബിജീഷ് സമീപവാസിയായ ജ്യോതിഷിനെ വിളിച്ച് വരുത്തുകയായിരുന്നു.
പാമ്പ് മൂർഖൻ ആണെന്ന് ഉറപ്പിച്ച ജ്യോതിഷ് ഉടൻ വനം വകുപ്പിന് കീഴിലെ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാടിനെ ഫോണിൽ വിളിച്ച് വരുത്തി. നാട്ടുകാരുടെ സഹായത്തോടേ മാളം പൊളിച്ച് പരിശോധിച്ചുവെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീട് മാളത്തിൽ വെള്ളം നിറച്ച് പരിശോധന തുടർന്നപ്പോൾ ആദ്യം ഒരു കുഞ്ഞു മൂർഖൻ പുറത്തേക്ക് വന്നു.
പിന്നാലെ തുടരെത്തുടരെ കുഞ്ഞുങ്ങൾ വെളിയിൽ വന്നു തുടങ്ങി. ഓരോന്നിനെയും പിടിച്ച് പ്ലാസ്റ്റിക് ബോട്ടിലിൽ ആക്കി.
ആകെ 25 കുഞ്ഞുങ്ങളെയാണ് ജീവനോടെ പിടികൂടിയത്. ഏറ്റവും ഒടുവിൽ തള്ളപ്പാമ്പും പുറത്തുവന്നു.
ഇതിനെ പ്രത്യേക സഞ്ചിയിലേക്ക് മാറ്റി. പിടികൂടിയ പാമ്പുകളെയെല്ലാം വനപാലകർക്കു കൈമാറി.
ഇവയെ ഉൾവനത്തിൽ തുറന്നുവിട്ടു. മൂർഖൻ പാമ്പിന് 25 കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് അപൂർവമല്ലെന്നും പലപ്പോഴും 50 കുഞ്ഞുങ്ങൾ വരെ ഉണ്ടാകാറുണ്ടെന്നും സുജിത്ത് പറഞ്ഞു.
പാമ്പിൻ കുഞ്ഞുങ്ങൾ എല്ലാം അതിജീവിക്കാറില്ല. മറ്റ് ജീവികൾ പലപ്പോഴും ചെറിയ പാമ്പിൻ കുഞ്ഞുങ്ങളെ ഭക്ഷണമാക്കും എന്നതിനാൽ കുറഞ്ഞ എണ്ണം മാത്രമാണ് അതിജീവിക്കുക.
കരുതൽ വേണം
വിഷപ്പാമ്പുകളായ വെള്ളിക്കെട്ടൻ, മൂർഖൻ, അണലി എന്നിവയുടെ കുട്ടികൾ പിറക്കുന്ന സമയമാണിതെന്നും ജാഗ്രത പുലർത്തണമെന്നും വനംവകുപ്പ്.
ജനവാസ മേഖലകളിൽ ഭക്ഷണ അവശിഷ്ടങ്ങൾ ധാരാളമായി കിട്ടുമെന്നതിനാൽ അതിന് അനുസരിച്ച് എലികൾ ഉണ്ടാവുകയും അവയൊക്കെ ധാരാളം മാളങ്ങൾ ഉണ്ടാക്കി വയ്ക്കുകയും ചെയ്യും. ഇത്തരം മാളങ്ങളിലും ചിതൽപ്പുറ്റുകളിലും, കൽക്കെട്ടുകളിലുമൊക്കെയാണ് പാമ്പുകൾ വസിക്കുന്നതും പ്രജനനം നടത്തുന്നതും.
ജനിക്കുമ്പോൾ തന്നെ കൊടും വിഷവുമായി ഇറങ്ങുന്ന പാമ്പിൻ കുഞ്ഞുങ്ങൾ ഇരയെന്ന് തെറ്റിദ്ധരിച്ചും പേടി കൊണ്ടും സമീപത്ത് കാണുന്ന ചലിക്കുന്ന വസ്തുവിൽ കടിച്ചേക്കാം. കടിയേറ്റാൽ കുഞ്ഞാണല്ലോ എന്ന് കരുതി അവഗണിക്കരുത്.
പാമ്പ് വിഷത്തിന് ചികിത്സ ലഭ്യമായ ഏറ്റവും അടുത്തുള്ള ആശുപത്രികളിൽ ഉടനടി എത്തി ചികിത്സ തേടുകയാണ് വേണ്ടത്.
വെള്ളിക്കെട്ടനാണ് കടിച്ചതെങ്കിൽ കടിയേറ്റ പാടുകൾ കാണാൻ കഴിഞ്ഞെന്ന് വരില്ല. തറയിൽ കിടന്ന് ഉറങ്ങുന്നവർക്കാണ് സാധാരണയായി വെള്ളിക്കെട്ടന്റെ കടിയേൽക്കാറുള്ളത്.
കിടക്കുന്നതിന് മുൻപായി മുറി നന്നായി പരിശോധിക്കുക. പാമ്പുകൾ കടന്ന് വരാൻ സാധ്യതയുള്ള വിടവുകൾ ഉണ്ടെങ്കിൽ അടയ്ക്കുക.
എയർ ഹോളുകളിലും ജനാലകളിലും വായുസഞ്ചാരം ലഭ്യമായതും എന്നാൽ കൊതുക് ,എലി, പാമ്പ് തുടങ്ങിയവയുടെ പ്രവേശനം തടയാനുതകുന്നതുമായ വലകൾ ഘടിപ്പിക്കുക. പക്ഷി മൃഗാദികളെ വളർത്തുന്ന ഇടങ്ങളിൽ ഇര തേടി എത്തുന്നതിന് പുറമേ കൊടും ചൂടിൽ വെള്ളം തേടിയും തണുപ്പ് തേടിയും പാമ്പുകൾ വീടുകളിലേക്ക് കടന്നുവരാം.
വളർത്തു ജീവികളും വീടിനു പരിസരത്തെ കാക്ക, ബുൾബുൾ തുടങ്ങിയ പക്ഷികളും, അണ്ണാനും ഒക്കെ പാമ്പുകളെ കണ്ടാൽ മറ്റു ജീവികൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്.
ജനവാസ മേഖലകളിലെ പാമ്പുകളെ നീക്കം ചെയ്യണം എന്ന് ഉണ്ടെങ്കിൽ അടുത്തുള്ള വനം വകുപ്പ് ഓഫിസുമായി ബന്ധപ്പെടണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

