സുൽത്താൻ ബത്തേരി: കർണാടകയിലെ ഗുണ്ടൽപേട്ടിലേക്കുള്ള സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചതോടെ സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് സ്ത്രീകളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വയനാട് ജില്ലയിൽ നിന്നുള്ളവരെക്കാൾ കൂടുതൽ യാത്രക്കാരെത്തുന്നത് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ വടക്കൻ ജില്ലകളിൽ നിന്നാണ്.
പൂന്തോട്ടങ്ങളും മുന്തിരിപ്പാടങ്ങളും കാണാനായി കൂട്ടത്തോടെയെത്തുന്ന സ്ത്രീകൾ ബത്തേരിയിൽ വണ്ടിയിറങ്ങി ഗുണ്ടൽപേട്ടിലേക്കുള്ള ബസുകളിലേക്ക് കയറുകയാണ്. യാത്രാവേളയിൽ തിരികെ വരും വരെ ബസിൽ നിന്ന് പുറത്തിറങ്ങാത്തവരും യാത്രക്കാരിൽ ഏറെയുണ്ട്.
ചില സർവീസുകളിൽ 140 പേർ വരെ ബസിൽ കയറുന്നതായി ജീവനക്കാർ വ്യക്തമാക്കുന്നു. അത്യധികം ഭാരവുമായി സർവീസ് നടത്തുന്നതിനാൽ ബസുകൾക്ക് വർക്ഷോപ്പിൽ കയറാൻ പോലും സമയമില്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസം അമിതഭാരം മൂലം ഒരു ബസിന്റെ ടയർ പൊട്ടി വഴിയിൽ കിടന്നിരുന്നു. പല ബസുകളുടെയും ജോയിന്റുകൾ പൊട്ടുന്ന സ്ഥിതിയുമുണ്ട്.
ഓരോ ബസിനും നിലവിൽ കാൽ ലക്ഷം രൂപ വരെയാണ് കലക്ഷൻ ലഭിക്കുന്നത്. ഇതിൽ ജീവനക്കാരുടെ കയ്യിൽ ശരാശരി 4000 രൂപ മാത്രമാണ് ലഭിക്കുന്നത്.
ബാക്കി തുക സൗജന്യയാത്രയ്ക്കുള്ള സർക്കാരിൽ നിന്ന് കിട്ടേണ്ട പണമാണ്.
50 പേരെ ഇരുത്തിയും 20 പേരെ നിർത്തിയും കൊണ്ടുപോകാവുന്ന ബസുകളിൽ ഇതിന്റെ ഇരട്ടിയാളുകളാണ് കയറുന്നത്. ജീവനക്കാർ എതിർപ്പ് പ്രകടിപ്പിച്ചാലും പല യാത്രക്കാരും അത് ഗൗനിക്കാറില്ല.
ഇത്രയധികം യാത്രക്കാരെ കുത്തിനിറച്ചുളള സർവീസുകൾ വലിയ രീതിയിൽ അപകട സാധ്യതയും വർധിപ്പിക്കുന്നുണ്ട്.
ആകെ 3 ബസുകളാണ് ബത്തേരിയിൽ നിന്ന് ഗുണ്ടൽപേട്ടിലേക്ക് സർവീസ് നടത്തുന്നത്. രാവിലെ 6, 7, 9, 10.20, 12, ഉച്ചയ്ക്ക് 1, 2.20, വൈകിട്ട് 4.20 എന്നീ സമയങ്ങളിലാണ് ബത്തേരിയിൽ നിന്നുള്ള ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്.
ബത്തേരിയിൽ നിന്ന് പുറപ്പെട്ട് 13 കിലോമീറ്റർ സഞ്ചരിച്ചാൽ മുത്തങ്ങയിലെത്താം. തുടർന്ന് 7 കിലോമീറ്റർ വയനാട് വന്യജീവി സങ്കേതവും 19.5 കിലോമീറ്റർ ബന്ദിപ്പൂർ കടുവാ സങ്കേതവുമാണ്.
കാട്ടുപാത പിന്നിട്ടാൽ ഗുണ്ടൽപേട്ട് ടൗൺ വരെയുള്ള 15 കിലോമീറ്റർ ദൂരം പൂപ്പാടങ്ങളും മറ്റ് കൃഷിയിടങ്ങളും നിറഞ്ഞതാണ്. നിലവിൽ സഞ്ചാരികൾക്കിടയിൽ ഏറെ ട്രെൻഡായ മുന്തിരിത്തോട്ടങ്ങളും ഇവിടെയുണ്ട്.
ഈ 15 കിലോമീറ്റർ ദൂരത്തിനിടയിൽ 6 സ്റ്റോപ്പുകളാണുള്ളത്. ഈ സ്റ്റോപ്പുകളിലൊക്കെ ഇറങ്ങി തിരികെ കയറിയാണ് പലരും യാത്ര ആസ്വദിക്കുന്നത്.
എന്നാൽ ചില യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങാതെ കാഴ്ചകൾ കണ്ട് സീറ്റിൽ തന്നെ ഇരിക്കാറുണ്ട്. കഴിഞ്ഞ ദിവസം യാത്രക്കാരിൽ 35 പേർ ഗുണ്ടൽപേട്ട് ബസ് സ്റ്റാൻഡിൽ പോലും ഇറങ്ങാതെ ബസിൽ തന്നെ ഇരുന്ന് തിരികെ സുൽത്താൻ ബത്തേരിയിലേക്ക് യാത്ര തുടർന്നതായി കണ്ടക്ടർ സാക്ഷ്യപ്പെടുത്തുന്നു.
ഗുണ്ടൽപേട്ടിലേക്കുള്ള യാത്ര പൂർണ്ണമായും സുഗമമാകണമെങ്കിൽ നിലവിലുള്ളതിന് പുറമെ നൂറോളം ട്രിപ്പുകളെങ്കിലും നടത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

