വടുവൻചാൽ ∙ 25 വർഷത്തെ യുഡിഎഫിന്റെ കുത്തക ഭരണം അവസാനിപ്പിച്ചു മൂപ്പൈനാട് പഞ്ചായത്തിൽ എൽഡിഎഫിന് വിജയം. ആകെയുള്ള 17 വാർഡുകളിൽ 9 എണ്ണം നേടിയാണ് എൽഡിഎഫ് ഭരണം പിടിച്ചെടുത്തത്.
കഴിഞ്ഞ തവണ 11 സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ 8 സീറ്റുകളിലേക്കു ചുരുങ്ങി. സ്ഥാനാർഥി നിർണയത്തിലെ അപാകതകളും പഞ്ചായത്ത് ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനായ തോമാട്ടുചാലിലെ സ്ഥാനാർഥികളെ ചൊല്ലിയുള്ള തർക്കങ്ങളുമാണു യുഡിഎഫിന് തിരിച്ചടിയായത്.
പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥി നിർണയം മുസ്ലിം ലീഗിലും കോൺഗ്രസിലും തുടക്കത്തിലേ കല്ലുകടിയായിരുന്നു.
ഇതു പരിഹരിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായെങ്കിലും തോമാട്ടുചാൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർഥി നിർണയം വീണ്ടും യുഡിഎഫിനെ പ്രതിസന്ധിയിലാക്കി. ഡിവിഷനിൽ അവകാശവാദമുന്നയിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയലും മൂപ്പൈനാട് മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.എൻ.ശശീന്ദ്രനും രംഗത്തിറങ്ങിയതാണു പ്രതിസന്ധിക്കിടയാക്കിയത്.
പ്രശ്നം പരിഹരിക്കാൻ ഒട്ടേറെത്തവണ ഡിസിസി നേതൃത്വം ചർച്ച നടത്തിയെങ്കിലും ഇരുവരും മത്സരിക്കാനായി നാമനിർദേശ പത്രിക സമർപ്പിച്ചു.
ഒടുവിൽ കെപിസിസി നേതൃത്വം ഇടപ്പെട്ടതിനെ തുടർന്ന് അവസാന മണിക്കൂറിലാണ് ജഷീർ നാമനിർദേശ പത്രിക പിൻവലിച്ചത്. ഇതിനിടെ, കോൺഗ്രസ് മൂപ്പൈനാട് മുൻ മണ്ഡലം പ്രസിഡന്റും കൽപറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന പി.വി.വേണുഗോപാൽ പാർട്ടി വിട്ടതും യുഡിഎഫിന് തലവേദനയായി.
ഇദ്ദേഹത്തെ ആർജെഡി സ്ഥാനാർഥിയാക്കി തോമാട്ടുചാൽ ഡിവിഷനിൽ മത്സരിപ്പിക്കുകയും ചെയ്തു.
ഇക്കാര്യങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ ഉയർത്തി കാണിച്ചാണു എൽഡിഎഫ് പഞ്ചായത്തിൽ പ്രചാരണത്തിനിറങ്ങിയത്. പഞ്ചായത്ത് ഇളക്കിമറിച്ച പ്രചാരണമായിരുന്നു എൽഡിഎഫിന്റേത്. ഇക്കുറിയും തങ്ങൾക്കു തന്നെയാവും ഭരണമെന്ന ചിന്തയും യുഡിഎഫിന്റെ പ്രാദേശിക നേതാക്കളിൽ പ്രകടമായിരുന്നു.
പല നേതാക്കളും തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായില്ല. ഇതും യുഡിഎഫിന് തിരിച്ചടിയായി.
ഫലം വന്നപ്പോൾ അക്ഷരാർഥത്തിൽ യുഡിഎഫ് ക്യാംപ് ഞെട്ടി. യുഡിഎഫിന്റെ പല കോട്ടകളും നിലംപൊത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

