കൽപറ്റ: വയനാട് മെഡിക്കൽ കോളജ് മടക്കിമലയിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ലോകായുക്തയിൽ നിർണായക ഉത്തരവ്. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന് കീഴിലുള്ള മെഡിക്കൽ കോളജ് റജിസ്ട്രേഡ് ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജിയിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.
കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ നടന്ന ക്യാംപ് സിറ്റിങ്ങിലാണ് വിഷയം പരിഗണിച്ചത്. ലോകായുക്ത ജസ്റ്റിസ് എൻ.
അനിൽ കുമാർ, ഉപലോകായുക്ത വി. ഷെർസി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എതിർകക്ഷികൾക്ക് മറുപടി നൽകാൻ സർക്കാർ സമയം തേടിയതിനെ തുടർന്നാണ് കോടതിയുടെ പുതിയ നിർദ്ദേശങ്ങൾ. കേസിൽ ജില്ലാ കലക്ടർ മറുപടി സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാരിനു വേണ്ടി ഹാജരായ സീനിയർ ഗവൺമെന്റ് പ്ലീഡർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
എന്നാൽ കലക്ടറുടെ മറുപടി പൂർണ്ണമായി അംഗീകരിക്കാനാകില്ലെന്നും, ഇത് നയപരമായ തീരുമാനമായതിനാൽ എതിർകക്ഷികളായ ചീഫ് സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി എന്നിവരാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ആദിവാസി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള പിന്നോക്കാവസ്ഥയിലുള്ള ജനങ്ങൾ അത്യാഹിത ഘട്ടങ്ങളിൽ ചികിത്സയ്ക്കായി മറ്റ് വിദൂര ജില്ലകളെ ആശ്രയിക്കേണ്ടി വരുന്നത് ഗൗരവകരമായ കാര്യമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
യാത്രയിലുള്ള പ്രയാസങ്ങളും മറ്റ് യാത്രാതടസ്സങ്ങളും ജനങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ഇത് പ്രഥമ പരിഗണന അർഹിക്കുന്ന വിഷയമാണെന്നും ബെഞ്ച് വ്യക്തമാക്കി. മെഡിക്കൽ കോളജ് എവിടെയാണ് സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഹർജിക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിന്റെ നയം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ 1 മുതൽ 3 വരെയുള്ള എതിർകക്ഷികൾക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉത്തരവിന്റെ പകർപ്പ് ഇവർക്ക് നേരിട്ട് അയച്ചു നൽകാനും ഉത്തരവായി. സർക്കാരിന്റെ വിശദീകരണം ലഭിച്ച ശേഷം കേസ് ഒക്ടോബർ 14-ന് വീണ്ടും പരിഗണിക്കും.
ആക്ഷൻ കമ്മിറ്റിക്കു വേണ്ടി സീനിയർ അഭിഭാഷകരായ വി.പി. എൽദോ, ഷീബ മാത്യു, അബ്ദുൽ സലാം, നിഷ എൻ.
ഭാസി എന്നിവർ കോടതിയിൽ ഹാജരായി വാദങ്ങൾ അവതരിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

