പുൽപള്ളി ∙ രാജ്യത്തെ പ്രമുഖ കടുവസങ്കേതങ്ങളായ നാഗർഹൊളയിലെയും ബന്ദിപ്പൂരിലെയും അനിയന്ത്രിതമായ വനസഫാരി കടുവകൾ കാടിറങ്ങാൻ ഇടയാക്കുന്നെന്നു കണ്ടെത്തൽ. ബന്ദിപ്പൂർ വനമേഖലയിലെ സർഗൂർ, നുഗു, എഗ്ഗൂർ ഭാഗത്ത് ഒരുമാസത്തിനിടെ 4 പേരെ കടുവ ആക്രമിച്ചു.
അതിൽ 3പേർ കൊല്ലപ്പെടുകയും മറ്റൊരാൾ ഗുരുതരാവസ്ഥയിൽ കഴിയുകയുമാണ്. വനത്തിനു പുറത്ത് കൃഷിയിടങ്ങളിൽ വച്ചാണ് ആളുകൾ കടുവ ആക്രമണത്തിനിരയായത്.
വനപാലകർ രാപകൽ തിരച്ചിൽ നടത്തിയിട്ടും ശല്യത്തിനു കുറവില്ല. പ്രദേശത്ത് ജനരോഷവും ആളിക്കത്തുന്നു.
വനത്തിനുള്ളിലെ സന്ദർശക ബാഹുല്യവും ബഹളവുമാണു കടുവകൾ കാടിറങ്ങാൻ കാരണമെന്നു വനംവകുപ്പിനു ബോധ്യപ്പെട്ടതിനെ തുടർന്ന് നാഗർഹൊള, ബന്ദിപ്പൂർ സങ്കേതങ്ങളിൽ താൽക്കാലികമായി സഫാരി നിരോധിച്ചു.
രാജ്യത്തിനകത്തും പുറത്തുനിന്നും ഒട്ടേറെ സഞ്ചാരികളാണ് കടുവയെ കാണാൻ വൻതുക മുടക്കി കബനിക്കരയിലെത്തുന്നത്. നാഗർഹൊള ദമൻഘട്ടയിൽനിന്നു ഡസൻ കണക്കിനു വാഹനങ്ങളാണ് ഔദ്യോഗിക സഫാരിക്കു പുറപ്പെടുന്നത്.
സ്വകാര്യ റിസോർട്ടുകളിൽനിന്നു വനത്തിലേക്കു കയറുന്നതിനു കണക്കുമില്ല. ഒറ്റയ്ക്കും കൂട്ടായും സഞ്ചാരികളെ സഫാരിക്കു കൊണ്ടുപോകുന്ന വിവിധതരം പാക്കേജുകളാണ് റിസോർട്ടുകാരുടേത്.
കബനിയുടെ ഇരുകരകളിലുമായി ഡസൻ കണക്കിനു സ്വകാര്യ റിസോർട്ടുകളും സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചനക്ഷത്ര റിസോർട്ടുമുണ്ട്.
ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗവും പേരുടെയും ലക്ഷ്യം വനസഫാരിയാണ്. സ്വകാര്യ റിസോർട്ടുകളിലധികവും ഭരണ സ്വാധീനമുള്ളവരുടേതാണ്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വൻതുക നൽകിയാണ് മിക്ക സ്വകാര്യ റിസോർട്ടുകാരും രാപകൽ വനസഫാരിക്ക് സൗകര്യം ചെയ്തു കൊടുക്കുന്നത്.
വനംവകുപ്പിന്റെ വാഹനവും വനത്തിലെ ക്യാംപ് ഷെഡ്ഡുകളും ഐബികളും വിട്ടുകൊടുത്ത് കാശുവാരുന്ന ഉദ്യോഗസ്ഥരുമുണ്ട്. വനത്തിനുള്ളിൽ താമസസൗകര്യം ചെയ്തുകൊടുക്കുന്ന ഏർപ്പാടുമുണ്ട്.
സഫാരി റൂട്ടിൽ എവിടെയെങ്കിലും കടുവയെ കണ്ടാലുടൻ മറ്റുറൂട്ടിലെ വാഹനങ്ങളും സ്ഥലത്തേക്ക് കുതിച്ചെത്തുന്നു.
ഒരു കടുവയുടെ ചുറ്റിലുമായി വാഹനങ്ങൾ വലയമുണ്ടാക്കുന്നു. ഒരു കടുവയെ കാണിച്ച് എല്ലാ റൂട്ടിലെയും സഞ്ചാരികളെ സന്തോഷിപ്പിച്ചാണു മടക്കം.
തലങ്ങും വിലങ്ങുമുള്ള ഈ വാഹനഘോഷയാത്രയും ബഹളവും കടുവകളുടെ സ്വൈരവിഹാരത്തിനു തടസ്സമാണെന്നും അവ നാട്ടിലേക്കിറങ്ങുമെന്നുമുള്ള മുന്നറിയിപ്പ് ബന്ധപ്പെട്ടവർ അവഗണിക്കുന്നു. വനസംരക്ഷത്തിനു നിയോഗിക്കുന്നതിലുമധികം ജീവനക്കാരെ സഫാരിക്കും സഞ്ചാരികളുടെ ക്ഷേമത്തിനുമായി നിയോഗിച്ചിരിക്കുന്നു.
വനപാതകളിലെ യാത്ര നടുവൊടിക്കുന്നതാണെങ്കിൽ സഫാരി റൂട്ടിലെ വഴികൾ കുഴികളില്ലാതെ കൃത്യമായി പരിചരിക്കുന്നു.
കടുവയുടെ ആവാസത്തിനു കൂടുതൽ സ്ഥലം വേണമെങ്കിലും ഇവയുടെ പെരുപ്പംമൂലം ഉള്ള സ്ഥലം തികയാതെ വരുന്നു. ബന്ദിപ്പൂരിലും നാഗർഹൊളയിലും കടുവയുടെ എണ്ണം കാര്യമായി കൂടിയിട്ടുണ്ട്.
വനത്തിൽ സ്ഥലമില്ലാതാവുകയും മറ്റുകടുവകളുമായി സംഘർഷമുണ്ടാകുന്നതും പതിവായതോടെയാണ് അവ നാട്ടിലേക്കിറങ്ങി കുഴപ്പമുണ്ടാക്കുന്നത്. വനമേഖല നാൾക്കുനാൾ അസ്വസ്ഥമാകുന്നതു കണക്കിലെടുത്താണ് വനംവകുപ്പ് താൽക്കാലികമായി സഫാരി നിരോധനം നടപ്പാക്കിയത്.
സഫാരി നിലച്ചാൽ റിസോർട്ടുകൾ കാലിയാകുമെന്നതിനാൽ സഫാരി വീണ്ടും തുടങ്ങാൻ റിസോർട്ട് ഉടമകൾ ശക്തമായി രംഗത്തിറങ്ങുമെന്നതിനും സംശയമില്ല. മാത്രവുമല്ല, വനംവകുപ്പിന്റെയും മുഖ്യവരുമാനങ്ങളിലൊന്നാണ് സഫാരി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

