മാനന്തവാടി ∙ വയനാട് മെഡിക്കൽ കോളജിൽ എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ അതു പരിഹരിക്കാൻ നിതാന്ത പരിശ്രമം തുടരുമെന്നും ഏതെങ്കിലും പ്രത്യേകം ലക്ഷ്യം വച്ചു സ്ഥാപനത്തെ തകർക്കാനുള്ള ശ്രമമുണ്ടെങ്കിൽ അത് അനുവദിക്കില്ലെന്നും മന്ത്രി ഒ.ആർ.കേളു. വയനാട് ജില്ലയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കണമെന്ന സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഭാഗമായാണ് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയെ 2021ൽ മെഡിക്കൽ കോളജായി ഉയർത്തിയത്.
125 അധ്യാപക തസ്തികകളും, 15 അനധ്യാപക തസ്തികകളും അടക്കം 140 തസ്തികകൾ മെഡിക്കൽ കോളജിനായി അനുവദിച്ചതായിരുന്നു സർക്കാർ ആദ്യം സ്വീകരിച്ച നടപടി.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളജിനോട് അനുബന്ധിച്ച് ഒരു നഴ്സിങ് കോളജ് കൂടി ലഭിച്ചു. പിന്നീട് കാർഡിയോളജി വിഭാഗം ആരംഭിക്കുകയും അവശ്യം വേണ്ട
തസ്തികകൾ അനുവദിക്കുകയും, കാത്ലാബ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കാത്ലാബ് ഇതിനകം 1000ത്തിലേറെ പേർക്ക് ആശ്രയമായി.
എംബിബിഎസ് പഠന സൗകര്യത്തിനായി നാഷനൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിക്കുന്നതിനായി വലിയ പരിശ്രമം സർക്കാരും ആരോഗ്യ വകുപ്പും നടത്തി. 10 കോടിയോളം രൂപ ഈ സൗകര്യങ്ങൾ ഒരുക്കുന്നതിനായി സർക്കാർ അനുവദിച്ചു.
നിലവിൽ 50 കുട്ടികൾ മെഡിക്കൽ കോളജിൽ പഠിക്കുന്നുണ്ട്.
മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷ്യൽറ്റി തസ്തികകൾ കൂടി അനുവദിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. ന്യൂറോളജി, ന്യൂറോ സർജറി, കാർഡിയോ, കാർഡിയോ തൊറാസിക് സർജറി, നെഫ്രോളജി എന്നീ സൂപ്പർ സ്പെഷ്യൽറ്റി വകുപ്പുകളാണ് അനുവദിച്ചത്.
ഇതിലേക്ക് 15 തസ്തികകളും അനുവദിച്ചു.
അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി എംഎൽഎ ഫണ്ടിൽ നിന്ന് മാത്രം 10 കോടി രൂപയും കഴിഞ്ഞ 9 വർഷം കൊണ്ട് മാനന്തവാടി മെഡിക്കൽ കോളജിൽ ചെലവഴിച്ചു. പോസ്റ്റ് ഓഫിസ് ജംക്ഷൻ മുതൽ പഴശ്ശി കുടീരം വരെയും ആശുപത്രിക്കുള്ളിലെ റോഡുകളും ആധുനിക രീതിയിൽ നവീകരിക്കുന്നതിന് 2 കോടി രൂപ അനുവദിച്ച് ജോലി ആരംഭിച്ചു.മെഡിക്കൽ കോളജിന്റെ ക്യാംപസ് സ്ഥാപിക്കുന്നതിന് ബോയ്സ് ടൗണിലുള്ള സ്ഥലം ഏറ്റെടുക്കാൻ നിയമ തടസ്സം ഉണ്ടായതിനെ തുടർന്ന് മാനന്തവാടി അമ്പുകുത്തിയിൽ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടു കിട്ടുന്നതിനായി ഊർജിത പ്രവർത്തനം നടത്തി വരികയാണ്.
സിടി സ്കാൻ സംവിധാനം പരിഹരിക്കാൻ കഴിയാത്ത വിധത്തിൽ തകരാറിലായതിനാൽ പുതിയ സിടി സ്കാൻ സംവിധാനം സ്ഥാപിക്കുന്നതിന് ബജറ്റിൽ 1.5 കോടി രൂപ വകയിരുത്തിയിരുന്നു.
എന്നാൽ തുക മതിയാകാത്തതിനാൽ നവകേരള സദസ്സിന്റെ ഭാഗമായി നിയോജക മണ്ഡലത്തിന് ലഭിച്ച 4 കോടി രൂപ ഇതിനായി വിനിയോഗിക്കാൻ തീരുമാനിച്ചു.
ഉപകരണങ്ങൾക്ക് ഓഡർ നൽകി കഴിഞ്ഞു. ഇതു മറച്ചു വച്ചാണു കാട്ടേരിക്കുന്ന് പാലത്തിന് വേണ്ടി ഫണ്ട് വകമാറ്റി എന്ന വ്യാജ പ്രചാരണം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.2025 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ വയനാട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയ രോഗികളുടെ വിവരങ്ങൾ:
ഒപി – 6,05,709
ഐപി – 18,493
ഡയാലിസിസ് – 13,603
ആൻജിയോപ്ലാസ്റ്റി -267
ആൻജിയോഗ്രാം – 471
മേജർ സർജറി -3,746
മൈനർ സർജറി -6,074
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

