ബത്തേരി∙ ദേശീയപാത 766ൽ കാർ തടഞ്ഞു നിർത്തി യാത്രക്കാരെ മർദിച്ച ശേഷം കാർ തട്ടിയെടുത്ത സംഘത്തെ സഹായിച്ച വയനാട് സ്വദേശി പിടിയിൽ. പുൽപള്ളി പാടിച്ചിറ, സീതാമൗണ്ട്, പുതുച്ചിറ വീട്ടിൽ രാജൻ(61)ആണ് ബത്തേരി പൊലീസിന്റെ പിടിയിലായത്.
വാഹനം തട്ടിയെടുക്കുന്നതിനും കുത്തിപ്പൊളിക്കുന്നതിനും തെളിവു നശിപ്പിക്കുന്നതിനും പ്രതികളെ ഒളിപ്പിക്കുന്നതിനുമാണ് ഇയാൾ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിന്റെ ഡാഷ് ബോർഡിലുണ്ടായിരുന്ന ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് ഇയാളിലേക്കെത്തിയത്.
2010 ൽ നാടൻ തോക്ക് പിടിച്ച സംഭവത്തിലും 2016 ൽ മദ്യം പിടികൂടിയ കേസിലും പുൽപള്ളി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ആയുധധാരികളായ സംഘം കഴിഞ്ഞ 4ന് രാത്രി പത്തിനാണ് വാഹനം തട്ടിയെടുത്തത്.
ഹൈവേയിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾ തടഞ്ഞ് പണവും സ്വർണവും വിലയേറിയ വസ്തുക്കളും മോഷ്ടിക്കുന്ന സംഘമാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ബെംഗളൂരുവിൽ നിന്ന് കാറിൽ വരുമ്പോൾ കോഴിക്കോട് കാരപ്പറമ്പ് സ്വദേശി സന്തോഷ്കുമാർ(53), ഡ്രൈവർ ബാലുശ്ശേരി സ്വദേശി ജിനേഷ് (48) എന്നിവരാണ് മുത്തങ്ങയ്ക്കടുത്ത് കല്ലൂർ 67 പാലത്തിന് സമീപം ആക്രമിക്കപ്പെട്ടത്. ചുറ്റിക ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും രണ്ടു പേരെയും വാഹനത്തിൽ നിന്ന് വലിച്ചിറക്കുകയും ചെയ്തു.
ഇതിനുശേഷം വാഹനവുമായി കടന്നു കളയുകയായിരുന്നു. കാറിൽ ലാപ്ടോപ്, ടാബ്, മൊബൈൽ ഫോൺ ബാഗുകൾ എന്നിവയുമുണ്ടായിരുന്നു.
പുൽപള്ളി മുള്ളൻകൊല്ലി പാടിച്ചിറ തറപ്പത്തുകവലിയിൽ കുത്തിപ്പൊളിച്ച് ഉപേക്ഷിക്കപ്പെട്ട
നിലയിൽ 5ന് പുലർച്ചെ കാർ കണ്ടെത്തുകയായിരുന്നു. കല്ലൂരിൽ നിന്ന് കാറുമായി കടന്ന സംഘം 40 കിലോമീറ്ററിലധികം സഞ്ചരിച്ച് രാജന്റെ വീട്ടിലെത്തുകയും പണവും മറ്റും കണ്ടെത്തുന്നതിനായി പൊളിച്ചു പരിശോധിക്കുകയും ചെയ്തു.
അതിനു ശേഷം കാർ വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. സന്തോഷ്കുമാറിന്റെ ബാഗും വസ്ത്രങ്ങളും വാഹനത്തിന്റെ പാർട്സുകളും രാജന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
ബത്തേരി എസ്എച്ച്ഒ ശ്രീകാന്ത്.എസ്.നായർ, എസ്ഐ രാംകുമാർ, എഎസ്.ഐ ഗോപാലകൃഷ്ണൻ, എസ്സിപിഒമാരായ മുസ്തഫ, പ്രജീഷ്, രജീഷ്, ഫിറോസ്, രവീന്ദ്രൻ, സി.പി.ഒമാരായ സിജോ, നിയാദ്, ഡോണിത്ത്, അനിത്ത്, അജിത്ത് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
ഹൈവേ റോബറി സംഘത്തിൽ ഏഴോ, എട്ടോ പേരുണ്ടായിരുന്നെന്നാണ് പൊലീസ് കരുതുന്നത്. കുഴൽ പണ ഇടപാടുകളാണോ സംഭവത്തിനു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേ സമയം കാർ മാറി തടഞ്ഞ് ആക്രമിച്ചതാണെന്നും വിവരമുണ്ട്.
മറ്റൊരു കാറിനായി ക്വട്ടേഷനെടുത്ത് കാത്തു നിന്ന് ആ കാറാണെന്നു കരുതി ആക്രമിക്കുകയായിരുന്നെന്നും സൂചനയുണ്ട്. പ്രതികളിൽ ഒന്നിൽ കൂടുതൽ പേർ പൊലീസിന്റെ നിരീക്ഷണത്തിലുണ്ട്. അവരെ പിടികൂടുന്നതോടെ മാത്രമേ യഥാർഥ സംഭവം പുറത്തു വരികയുള്ളു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

