കൽപറ്റ ∙ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 20 വരെ നടക്കുന്ന അശ്വമേധം 7.0 കുഷ്ഠ രോഗ നിർണയ ഭവന സന്ദർശന പരിപാടിക്ക് വയനാട് ജില്ലയിൽ തുടക്കമായി. ജില്ലയിലെ 2,22,868 വീടുകളിൽ ആശ പ്രവർത്തകരും പ്രത്യേക പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുമടങ്ങുന്ന 942 ടീമുകൾ 14 ദിവസങ്ങളിലായി സന്ദർശനം നടത്തും.
‘പാടുകൾ നോക്കാം ആരോഗ്യം കാക്കാം’ എന്ന സന്ദേശവുമായി നടത്തുന്ന ക്യാംപെയ്നിൽ ശരീരത്തിലെ പാടുകൾ അടക്കമുള്ള കുഷ്ഠ രോഗ സാധ്യതാ ലക്ഷണങ്ങൾ പരിശോധിക്കും. സംശയാസ്പദമായ ലക്ഷണങ്ങളുള്ളവരെ വിദഗ്ധ പരിശോധനയ്ക്ക് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അയയ്ക്കും.
ഗൃഹസന്ദർശനത്തിലൂടെ സമൂഹത്തിൽ ഒളിഞ്ഞിരിക്കുന്ന കുഷ്ഠ രോഗം കണ്ടെത്തി ശരിയായ ചികിത്സ നൽകി ഭേദമാക്കി മറ്റുള്ളവരിലേക്ക് പകരുന്നത് തടഞ്ഞ് കുഷ്ഠ രോഗ നിർമാർജനം സാധ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയിൽ നിലവിൽ 16 കുഷ്ഠ രോഗ ബാധിതരാണുള്ളത്.
സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, തടിച്ചതും തിളക്കമുള്ളതുമായ ചർമം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിൽ മരവിപ്പ്, വൈകല്യം, കണ്ണ് അടയ്ക്കാനുള്ള പ്രയാസം എന്നിവയാണ് കുഷ്ഠ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
ലക്ഷണങ്ങളിൽ ഏതെങ്കിലും ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി വിദഗ്ധ പരിശോധനയ്ക്ക് വിധേയമാകണം. ശരിയായ ചികിത്സ നടത്തി രോഗം പൂർണമായി ഭേദമാക്കി മറ്റുള്ളവരിലേക്ക് പകരുന്നത് ഒഴിവാക്കാം.
ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ അംഗ വൈകല്യങ്ങൾക്കും മരണത്തിനും കുഷ്ഠ രോഗം കാരണമാകും. ദീർഘകാലത്തെ സമ്പർക്കത്തിലൂടെയാണ് കുഷ്ഠ രോഗം പകരുന്നത്.
കുഷ്ഠ രോഗ ബാധിതരെ മാറ്റി നിർത്തുകയോ അവരോട് വിവേചനം കാണിക്കുകയോ ചെയ്യരുത്.
അശ്വമേധം 7.0 ക്യാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം പൂതാടി പാപ്ലശ്ശേരിയിൽ ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. ആൻസി മേരി ജേക്കബ് നിർവഹിച്ചു.
ജില്ലാ ലെപ്രസി ഓഫിസർ ഡോ. ആര്യ വിജയകുമാർ അധ്യക്ഷയായ പരിപാടിയിൽ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.
സമീഹ സൈതലവി, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ കെ.എം മുസ്തഫ, ഡപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ പി.എം ഫസൽ, ടെക്നിക്കൽ അസിസ്റ്റന്റ് വി സുന്ദരൻ, വാർഡ് അംഗം കെ.വി സുമയ്യ ടീച്ചർ, പൂതാടി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സജീവ്, വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി കെ.ടി മധു, സാമൂഹിക സാംസ്കാരിക പ്രതിനിധികളായ ടി.ബി സുരേഷ്, രാജീവ് മടത്തിക്കര, റിയാസ് എന്നിവർ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

