ശബരിമല തീർഥാടന കാലം അടുത്തുവരവെ എരുമേലിയിൽ കെഎസ്ആർടിസി ഓഫിസിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലേക്ക്. ധർമശാസ്താ ക്ഷേത്രത്തിനു സമീപമുള്ള ദേവസ്വം ബോർഡ് കെട്ടിടത്തിലെ മുറികൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് അധികൃതർ നോട്ടിസ് നൽകിയതോടെയാണ് അനിശ്ചിതത്വം ഉടലെടുത്തിരിക്കുന്നത്.
നിലവിലുണ്ടായിരുന്ന കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, കഴിഞ്ഞ തീർഥാടന കാലത്താണ് തൊട്ടടുത്ത ദേവസ്വം ബോർഡ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ രണ്ട് മുറികൾ താൽക്കാലികമായി അനുവദിച്ചു നൽകിയത്. നിലവിൽ ടിക്കറ്റ് ആൻഡ് കാഷ് വിഭാഗവും വെഹിക്കിൾ സൂപ്പർവൈസർ ഓഫിസുമാണ് ഈ മുറികളിൽ പ്രവർത്തിക്കുന്നത്.
ഈ സൗകര്യമാണ് ഇപ്പോൾ നഷ്ടപ്പെടുന്നത്. അപകടാവസ്ഥയിലുള്ള കെട്ടിടം
കെഎസ്ആർടിസി ഓപ്പറേഷൻ സെന്റർ പ്രവർത്തിക്കുന്ന കെട്ടിടം പൂർണ്ണമായും അപകടനിലയിലാണെന്നും അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്താൻ കഴിയില്ലെന്നും ദേവസ്വം ബോർഡ് മരാമത്ത് വിഭാഗവും പൊതുമരാമത്ത് കെട്ടിട
വിഭാഗവും പഞ്ചായത്ത് വകുപ്പും ചേർന്ന് ഒരു വർഷം മുൻപ് തന്നെ കെഎസ്ആർടിസി അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നതാണ്. 2018 ലെ പ്രളയത്തിൽ വലിയതോട്ടിൽ നിന്ന് വെള്ളം കയറിയതിനെ തുടർന്ന് ഈ കെട്ടിടത്തിന്റെ അടിത്തറ ഉൾപ്പെടെ തകർന്ന് ഗുരുതരമായ അവസ്ഥയിലാണ്.
ഓഫിസ്, ടിക്കറ്റ് കൗണ്ടർ, യാത്രക്കാരുടെ വിശ്രമകേന്ദ്രം, ജീവനക്കാരുടെയും തീർഥാടകരുടെയും ശുചിമുറികൾ എന്നിവയെല്ലാം ഇവിടെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ഈ സ്ഥലം സംബന്ധിച്ച നിയമതർക്കത്തിൽ കോടതി വിധി സ്വകാര്യ വ്യക്തിക്ക് അനുകൂലമായതിനാൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.
തകർന്നടിഞ്ഞ് ബസ് സ്റ്റാൻഡ്
എരുമേലി ഓപ്പറേറ്റിങ് സെന്റർ പ്രദേശം പൂർണ്ണമായും കുണ്ടും കുഴിയുമായ അവസ്ഥയിലാണ്. മഴവെള്ളം കെട്ടിക്കിടന്ന് ഇത്തരം കുഴികൾ ദിവസേന വലുതായിക്കൊണ്ടിരിക്കുകയാണ്.
തീർഥാടന കാലം ആരംഭിക്കാൻ ഒന്നര മാസം മാത്രം ബാക്കിനിൽക്കെയാണ് ഈ ദുസ്ഥിതി. നിയമപരമായ തടസ്സങ്ങൾ നിലനിൽക്കുന്നതിനാൽ ബസ് സ്റ്റാൻഡ് നവീകരണത്തിനായി സർക്കാരിന്റെ ഫണ്ട് വിനിയോഗിക്കാനും സാധിക്കുന്നില്ല.
സ്റ്റാൻഡ് എത്രയും വേഗം നവീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ശക്തമായ ആവശ്യം. അധിക ബസുകൾ ആവശ്യപ്പെട്ട് അധികൃതർ
ആകെ അനുവദിച്ച 29 ബസുകളിൽ 26 സർവീസുകൾ നടത്തിവരുന്ന എരുമേലി ഓപ്പറേറ്റിങ് സെന്റർ, വരാനിരിക്കുന്ന തീർഥാടന കാലത്ത് ശബരിമല സ്പെഷൽ സർവീസുകൾക്കായി 30 ബസുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ മണ്ഡലകാലത്ത് 25 ബസുകൾ ആവശ്യപ്പെട്ടെങ്കിലും 20 എണ്ണം മാത്രമാണ് ലഭ്യമായത്. വേണ്ടത്ര ബസുകൾ കിട്ടാതെ വന്നത് കാരണം തീർഥാടകർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യം മുൻപ് ഉണ്ടായിട്ടുണ്ട്.
ഈ ദുത്ഭവം ഒഴിവാക്കാനാണ് ഇത്തവണ മുൻകൂട്ടി 30 ബസുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

