രാഷ്ട്രീയ സാമ്പത്തിക രംഗത്ത് വലിയ ചർച്ചയായ സംഭവവികാസത്തിനൊടുവിൽ, അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെയുള്ള അന്വേഷണ നടപടികൾ വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട
അഞ്ച് കമ്പനികൾ ചേർന്ന് ആകെ ഒന്നരക്കോടി രൂപയാണ് സെബിക്ക് ഒത്തുതീർപ്പുതുകയായി നൽകിയിട്ടുള്ളത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിൻഡൻബർഗ് റിസർച്ച് 2023 ജനുവരിയിൽ പുറത്തുവിട്ട
റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ലിസ്റ്റിങ് ചട്ടലംഘനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സെബി അന്വേഷണവും തുടർനടടികളും ആരംഭിച്ചത്.
ഈ നിയമപോരാട്ടങ്ങൾക്കാണ് ഒടുവിൽ ഒത്തുതീർപ്പിലൂടെ പരിഹാരമായിരിക്കുന്നത്. ഒത്തുതീർപ്പു വ്യവസ്ഥപ്രകാരം അദാനി എന്റർപ്രൈസസ് 76.05 ലക്ഷം രൂപയും, അദാനി ഗ്രീൻ എനർജി 45.50 ലക്ഷം രൂപയും നൽകി.
കൂടാതെ അദാനി ടോട്ടൽ ഗ്യാസ്, എഡബ്ല്യുഎൽ അഗ്രി ബിസിനസ്, അദാനി എനർജി സൊല്യൂഷൻസ് എന്നീ കമ്പനികൾ 9.75 ലക്ഷം രൂപ വീതവും ഒത്തുതീർപ്പുതുകയായി അടച്ചു. അതേസമയം, സെബിയുടേത് അസാമാന്യ ധൈര്യം തന്നെ എന്ന് കോൺഗ്രസ് പ്രതികരിച്ചു.
ഓഹരി വിപണിയിലെ നിലവിലെ സാഹചര്യം നിയമപരമായ നടപടികൾ അവസാനിച്ചതായി പ്രഖ്യാപിച്ചിട്ടും ഇന്നത്തെ ഓഹരി വിപണിയിൽ കാര്യമായ ഉണർവ് പ്രകടമാക്കാൻ അദാനി ഗ്രൂപ്പ് ഓഹരികൾക്ക് സാധിച്ചിട്ടില്ല. വ്യാപാരത്തിന്റെ തുടക്കത്തിൽ അദാനി എന്റർപ്രൈസസ് ഉൾപ്പെടെയുള്ള പ്രധാന ഓഹരികൾ നേട്ടമുണ്ടാക്കിയെങ്കിലും പിന്നീട് വിപണിയിൽ ചാഞ്ചാട്ടത്തിലേക്ക് വഴിമാറുകയായിരുന്നു.
നിലവിൽ അദാനി വിൽമർ അഗ്രി ബിസിനസ് മാത്രമാണ് ഭേദപ്പെട്ട നേട്ടത്തോടെ മുന്നേറുന്നത്.
എന്നാൽ, ഉച്ചയ്ക്ക് 12 മണിക്കുള്ള കണക്കുകൾ പ്രകാരം അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻസ് എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

