ഇരുളം ∙ നാട്ടിലെങ്ങും കാർഷിക വിള മോഷണം വ്യാപകമായതോടെ പരിഹാരം തേടി കർഷകർ. കാപ്പി, കുരുമുളക്, അടയ്ക്കാ, വാഴക്കുല, തേങ്ങ എന്നിവയാണ് മൂപ്പെത്തും മുൻപേ തോട്ടങ്ങളിൽ നഷ്ടമാകുന്നത്.
വന്യമൃഗശല്യം രൂക്ഷമായതോടെ ഇരുട്ടു വീണാൽ പിന്നെ കർഷകർക്ക് തോട്ടത്തിൽ പ്രവേശിക്കാനാവുന്നില്ല. ഈ അവസരം കൂടി മോഷ്ടാക്കൾ മുതലെടുക്കുന്നു.
മൂപ്പെത്താത്ത കാപ്പിയും അടയ്ക്കയുമാണ് കൂടുതലായി മോഷണം പോകുന്നത്.
ജില്ലയിൽ എല്ലായിടത്തും ഇത്തരം മോഷണസംഘങ്ങൾ സജീവമായതിനാൽ ജില്ലാ പൊലീസ് ഇക്കാര്യത്തിൽ ആവശ്യമായ കരുതലും കാവലും ശക്തമാക്കണമെന്ന് ഇരുളത്ത് ചേർന്ന കർഷകരുടെയും വിവിധ സംഘടനകളുടെയും യോഗം ആവശ്യപ്പെട്ടു. അപരിചിതരായവർ അസമയങ്ങളിൽ വിൽക്കാൻ കൊണ്ടുവരുന്ന ഉൽപന്നങ്ങളുടെ നിജസ്ഥിതിയന്വേഷിക്കാൻ വ്യാപാരികളും വാഹന ഡ്രൈവർമാരും ശ്രദ്ധിക്കാമെന്നു യോഗം തീരുമാനിച്ചു.
ഒരിടത്തുനിന്നു മോഷ്ടിക്കുന്ന വിളകൾ മറ്റിടങ്ങളിലാണ് വിൽക്കാൻ കൊണ്ടുപോകുന്നത്. ഉൽപന്നം പച്ചയായി വാങ്ങുന്ന വ്യാപാരികൾ ഉൽപന്നത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നും സംശയമുണ്ടായാൽ തിരിച്ചറിയൽരേഖയും ഭൂമിയുടെ കൈവശരേഖയും പരിശോധിക്കണമെന്നും നിർദേശമുയർന്നു.
ഗ്രാമപ്രദേശങ്ങളിൽ തുച്ഛമായ വിലയ്ക്ക് ഗോത്രവിഭാഗക്കാരടക്കമുള്ളവരുടെ ഉൽപന്നങ്ങൾ വാങ്ങുന്ന ഇടനിലക്കാരുണ്ടെന്നും അവരുടെ ചൂഷണവും ശ്രദ്ധിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
ഗോത്ര സങ്കേതങ്ങളിൽ പകുതി മൂപ്പെത്തിയ വിളപോലും പറിച്ചുതുടങ്ങി. ഇവ വാങ്ങിയെടുക്കാൻ ഏജന്റുമാരെത്തുന്നുമുണ്ട്.
വ്യാപാരികളും ഓട്ടോക്കാരും കർഷകരും പൊതുസമൂഹവും ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി ജാഗ്രതയോടെ പ്രവർത്തിക്കാമെന്നും ആവശ്യമെങ്കിൽ പൊലീസ് സഹായം ലഭ്യമാക്കാമെന്നും യോഗം തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
കേണിച്ചിറ എസ്.ഐ.തങ്കച്ചൻ, വ്യാപാരി സംഘടനാ നേതാക്കളായ വി.ഡി.ജോസ്, എ.ജെ.കുര്യൻ, വിവിധ സംഘടനാ പ്രതിനിധികളായ പി.ജെ.ഷാജി, മുഹമ്മദ് ബഷീർ, ടി.മനോജ്, പി.ആർ.രാജൻ, ഒ.പി.സുകുമാരൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

