പാടശേഖരങ്ങളിൽ പക്ഷിശല്യം രൂക്ഷം
പനമരം ∙ നെല്ല് കതിരായ പാടശേഖരങ്ങളിൽ പക്ഷി ശല്യം രൂക്ഷമാകുന്നു. മുൻപെങ്ങുമില്ലാത്ത വിധമാണ് ചെറിയ പക്ഷികൾ അടക്കം നെല്ല് തിന്നുതീർക്കാനായി കൂട്ടത്തോടെ എത്തുന്നത്. പക്ഷികളെ തുരത്താൻ വലിയ ചെലവില്ലാത്ത രീതിയിലുള്ള മാർഗങ്ങൾ എല്ലാം തന്നെ കർഷകർ സ്വീകരിക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ ഫലപ്രദമാകുന്നില്ലെന്ന് കർഷകർ പറയുന്നു. പലയിടങ്ങളിലും നെല്ല് കതിരായി തുടങ്ങിയതോടെ കാട്ടുപന്നി, മാൻ, മയിൽ, കാട്ടാന എന്നിവയ്ക്കു പുറമേ പക്ഷിശല്യവും കൂടി രൂക്ഷമായതോടെ നെല്ല് കൊയ്തെടുക്കാൻ രാവും പകലും കാവലിരിക്കേണ്ട
അവസ്ഥയാണ്. പക്ഷി, കാട്ടുപന്നി, മാൻ എന്നിവയെ തുരത്താൻ പല കർഷകരും പാടത്തിനു നടുവിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടൽ, പടക്കക്കെണി, കുപ്പികൾ കൂട്ടി കെട്ടിയുള്ള പ്രയോഗങ്ങൾ ഒക്കെ നടത്തുന്നുണ്ടെങ്കിലും പക്ഷിശല്യത്തിന് കുറവില്ല.
കർഷകർ ലൈറ്റർ തോക്ക്, ഏറുപടക്കം, ഓലപ്പടക്കം എന്നിവ പൊട്ടിച്ച് ഓടിച്ചാലും നിമിഷങ്ങൾക്കുള്ളിൽ അവ തിരിച്ചെത്തി നെല്ല് തിന്നുതീർക്കുന്ന അവസ്ഥയാണ്. പല പാടശേഖരങ്ങൾക്കും സമീപം കാടുവെട്ടിത്തെളിക്കാത്ത ഒട്ടേറെ കൃഷിയിടങ്ങൾ ഉള്ളതാണ് ഇത്തരത്തിൽ കർഷകർക്ക് ദ്രോഹകരമായി തീരുന്ന രീതിയിൽ പക്ഷികൾ പെരുകാൻ കാരണം. മുൻപ് കൃഷിയിടങ്ങളിൽ വ്യാപകമായി പേരയ്ക്ക, മാങ്ങ തുടങ്ങിയ കായ് ഫലങ്ങൾ ഉണ്ടായിരുന്നു. ഇവയെല്ലാം കാട്ടാന നശിപ്പിച്ചതോടെ തീറ്റയില്ലാതെ പക്ഷികളും പട്ടിണിയിലായതോടെയാണ് കതിരായ പാടങ്ങളിൽ പക്ഷിശല്യം രൂക്ഷമാകാൻ മറ്റൊരു കാരണമെന്ന് കർഷകർ പറയുന്നു.
പുലിയിറങ്ങി ആടിനെ കൊന്നുതിന്നു
റിപ്പൺ ∙ വാളത്തൂരിൽ പുലിയിറങ്ങി ആടിനെ കൊന്നുതിന്നു.
ഇന്നലെ പുലർച്ചെയെത്തിയ പുലിയാണു വാളത്തൂർ സ്വദേശി ശിഹാബ് ഫൈസിയുടെ 4 ആടുകളിൽ ഒന്നിനെ പുലി പിടിച്ചത്. കൂട്ടിൽ കെട്ടിയ ആടിനെയാണു പുലി കൊന്നുതിന്നത്. ആടിനെ കാണാതായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം നടത്തിയ പരിശോധനയിൽ വനത്തിനുള്ളിൽ ആടിന്റെ അവശിഷ്ടങ്ങൾ കിട്ടിയതായി ശിഹാബ് ഫൈസി പറഞ്ഞു. ഇതു രണ്ടാംതവണയാണു ശിഹാബ് ഫൈസിയുടെ ആടിനെ പുലി പിടികൂടുന്നത്.
നേരത്തെ ഇറങ്ങിയ പുലി മാന്തിപ്പരുക്കേൽപിച്ച ആടിനെയാണ് ഇന്നലെ പിടികൂടിയത്. പുലിഭീതി മൂലം കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ പോലും പേടിയാണെന്നു രക്ഷിതാക്കൾ പറഞ്ഞു.
ഈ പ്രദേശത്തു കഴിഞ്ഞ കുറെനാളുകളായി പുലി ഉൾപെടെയുള്ള വന്യജീവികളുടെ ശല്യം രൂക്ഷമാണ്.
കാട്ടാന കൃഷി നശിപ്പിച്ചു
ബത്തേരി∙ കാടിറങ്ങി വന്ന കൊമ്പൻ നെൽക്കൃഷി പാടെ നശിപ്പിച്ചു. കൊട്ടനോട് നാരകക്കൊല്ലി ശിവന്റെ വലയിലാണ് കാട്ടാന നാശം വിതച്ചത്.
സമീപത്തെ വനമേഖലയിൽ സ്ഥാപിച്ച ഫെൻസിങ് മരം മറിച്ചിട്ട് തകർത്ത ശേഷമാണ് കാട്ടാന നെൽവയലിൽ കയറിയത്. രാത്രി മുഴുവൻ നെൽപാടത്ത് ചെലവഴിച്ച കാട്ടാന ഒട്ടേറെ കൃഷി ചവിട്ടി നശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണ് കാട്ടാന കൃഷിയിടത്തിൽ നിന്ന് മടങ്ങിയതെന്ന് ശിവൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

