സുൽത്താൻ ബത്തേരിയില്‍ ആനക്കൊമ്പുകൾ വില്‍പ്പന നടത്താൻ ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വടക്കനാട് പണയമ്പം തെക്കേക്കുന്നത്ത് ഷെമിൻ ഫ്രാൻസിസ് (32), ചെതലയം ആറാംമൈൽ വെട്ടുപാറപ്പുറത്ത് അഭിലാഷ് (44), കുറിച്യാട് സ്വദേശികളായ രാജേഷ് (35), ബാലൻ (54), പണയമ്പം സ്വദേശി ജിത്തു (27) എന്നിവരാണ് പിടിയിലായത്.
പ്രതികളായ ഷെമിൻ, അഭിലാഷ് എന്നിവരിൽ നിന്നും രണ്ട് ആനക്കൊമ്പുകളും ഒരു ചെറിയ കഷണവും വനംവകുപ്പ് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നാല് മണിയോടെ ചെതലയത്തെ ഒരു ഹോംസ്റ്റേയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. തിരുവനന്തപുരം ഫോറസ്റ്റ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപറ്റ ഫ്ലയിങ് സ്ക്വാഡും കുറിച്യാട് റേഞ്ച് അധികൃതരും ഇരുളം, കുപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ആനക്കൊമ്പുമായെത്തിയ സംഘം വലയിലായത്.
പിടിച്ചെടുത്ത കൊമ്പുകൾക്ക് ഏകദേശം ഒന്നേമുക്കാൽ കിലോയോളം തൂക്കമുണ്ടെന്ന് റേഞ്ച് ഓഫിസർ വ്യക്തമാക്കി. ആനക്കൊമ്പ് വാങ്ങാൻ ചിലർ എത്താനിരിക്കെയാണ് കൊമ്പുകളുമായി സംഘം ഹോംസ്റ്റേയിൽ എത്തിയത്.
പിടിയിലായവർക്ക് കൊമ്പ് എത്തിച്ചു നൽകിയവരാണ് മറ്റു മൂന്ന് പേർ എന്നാണ് കരുതുന്നത്. കാട്ടിൽ നിന്ന് വീണു കിട്ടിയ കൊമ്പുകളാണെന്നാണ് പിടിയിലായവരുടെ മൊഴി.
ഈ കേസിൽ ഒരാളെക്കൂടി ഇനി പിടികൂടാനുണ്ടെന്നാണ് വിവരം. ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ ആഷിഫ്, കുറിച്യാട് റേഞ്ച് ഓഫിസർ എൻ.
രൂപേഷ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ബൈജുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

