അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള നിർണായക ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് യുഎസിൽ എത്തിച്ചേർന്നു. അദ്ദേഹത്തെ സ്വീകരിക്കാനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് വിമാനത്താവളത്തിൽ എത്തിയിരുന്നു.
ചൈനീസ് പ്രസിഡന്റിന്റെ ഔദ്യോഗിക സംഘത്തിൽ അദ്ദേഹത്തിന്റെ ഭാര്യ പെങ് ലിയുവാൻ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി) കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും സിപിസി കേന്ദ്ര കമ്മിറ്റിയുടെ ജനറൽ ഓഫിസ് ഡയറക്ടറുമായ കായ് ക്വി, സിപിസി കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റിക്കൽ ബ്യൂറോ അംഗവും വിദേശകാര്യ മന്ത്രിയുമായ വാങ് യി എന്നിവരും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ മേയ് മാസത്തിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ചൈന സന്ദർശിച്ചിരുന്നു.
ഇതിനു പിന്നാലെ ആറ് മാസത്തിനുള്ളിൽ ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാർ നടത്തുന്ന പരസ്പര സന്ദർശനം ഉഭയകക്ഷി ബന്ധത്തിലെ ചരിത്രപരമായ നാഴികക്കല്ലായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രസിഡന്റ് ഷി ചിൻപിങ് വൈറ്റ് ഹൗസിൽ വെച്ച് യുഎസ് പ്രസിഡന്റുമായി സുപ്രധാന കൂടിക്കാഴ്ചകൾ നടത്തും.
യുഎസ്-ചൈന വ്യാപാര കരാറുകൾ, തായ്വാൻ വിഷയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ, ആഗോള സമാധാനം തുടങ്ങിയ വിവിധ വിഷയങ്ങൾ ഇരുനേതാക്കളും തമ്മിലുള്ള ചർച്ചകളിൽ പ്രധാനമായും ഇടംപിടിക്കും. ആഗോളതലത്തിൽ എഐ സാങ്കേതികവിദ്യയുടെ നിയന്ത്രണത്തിലും മേധാവിത്വത്തിലും ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന കടുത്ത മത്സരത്തിന്റെയും തർക്കങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ ഉന്നതതല സന്ദർശനം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
സാങ്കേതിക രംഗത്തെ ഈ മേധാവിത്വ മത്സരം ഇരുമഹാരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ മുൻപ് വലിയ ഭിന്നതകൾക്ക് വഴിവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

