ചൂരൽമല ∙ കുരുന്നുകളുടെ ശബ്ദവും ചിരിയും സൗഹർദ്ദവും ഇഴചേർന്ന വെള്ളാർമല സ്കൂളിലെ ഒാർമകളുടെ സാക്ഷിയായി വാകമരം വീണ്ടും പൂവിട്ടു. ഉരുളെടുത്ത അക്ഷരങ്ങളുടെ വിദ്യാലയത്തിൽ സൗഹർദ്ദ തണലായി നിന്ന വാകമരമാണ് സ്വപ്നങ്ങളും പ്രതീക്ഷകളും തട്ടിത്തെറിപ്പിച്ച നാടിന്റെയും വിദ്യാലയത്തിന്റെ മുറ്റത്ത് വീണ്ടും ചുവന്ന പൂക്കളാൽ നിറഞ്ഞത്.
പതിറ്റാണ്ടുകൾ വിദ്യാലയത്തിന്റെ മുറ്റത്ത് തണലായി നിന്നതാണ് വാകമരം. ആർത്തലച്ചെത്തിയ ഉരുളിൽ വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ തകർന്നപ്പോഴും വാകമരം അവിടെ വേറുപ്പിച്ചു നിന്നു.
വിദ്യാലയത്തിന്റെയും വിദ്യാർഥികളുടെയും ഒാർമച്ചെപ്പിലെ തണലായി, വീണ്ടും പൂവിട്ടു തളിർത്തെങ്കിലും, കാണാനും ആസ്വാദിക്കാനും ശൂന്യമായ കെട്ടിടാവശിഷ്ടങ്ങളും കൂറ്റൻ പാറക്കല്ലുകളും മാത്രമായെന്നത് നൊമ്പരങ്ങളുടെ കാഴ്ചയായി.
എൽപി വിഭാഗത്തിന്റെ മുൻപിലുണ്ടായിരുന്ന കെട്ടിടത്തിന് മുൻപിലെ ഈ മര ചുവട്ടിൽ ഒഴിവു സമയം വിദ്യാർഥികളാൽ നിറഞ്ഞിരുന്നു. കാലങ്ങളായി സ്കൂളിൽ പഠനം നടത്തിയ വിദ്യാർഥികൾക്കും അധ്യാപകർക്കും വാകമരത്തിന്റെയും അവിടുത്തെ പൂക്കളുടെയും ഒാർമകൾ ഇപ്പോഴുമുണ്ട്.
അവധിക്കാലത്താണ് പൂവിടുന്നതെങ്കിലും അവധിക്കാല ക്ലാസുകൾക്ക് എത്തിയിരുന്ന പത്താംക്ലാസുകാരടക്കം പൂക്കളാൽ നിറഞ്ഞ ഇവിടെയായിരുന്നു അവരുടെ സൗഹർദ്ദങ്ങളെ ചേർത്ത് വെച്ചിരുന്നത്.
ജൂണിൽ വിദ്യാലയും പൂർണമായും തുറക്കുമ്പോൾ അവശേഷിക്കുന്ന പൂക്കൾ മരത്തിലും കൊഴിഞ്ഞു പോയ പൂക്കൾ മരത്തിന്റെ അടിഭാഗങ്ങളിലും ചിതറികിടന്നിരുന്നത് ഒാർമകളുടെ കാലമായി പലരും ഇപ്പോഴും നൊമ്പരമായി മനസിൽ സൂക്ഷിക്കുന്നുണ്ട്. സൗഹാർദ്ദത്തിന്റെ തണലായി നിന്നിരുന്ന വാകമരത്തിന്റെ മുൻപിലൂടെയാണ് സ്കൂൾ കെട്ടിടവും തകർത്ത് ഉരുളെഴുകിയെത്തിയത്.
മരത്തിനോട് ചേർന്ന് വെള്ളക്കെട്ടുകളും കൂറ്റൻ പാറക്കല്ലുകളുമെല്ലാം ഒഴുകിയെത്തിയെങ്കിലും മരത്തിന് ഒന്നും പറ്റിയിരുന്നില്ല. നാടിന്റെ തകർത്തെത്തിയ ഉരുൾ സ്കൂളിനെ ഇല്ലാതാക്കിയപ്പോഴും വാകമരം അവിടെയുണ്ടായിരുന്നു ദുരന്തത്തിന്റെ നേർസാക്ഷിയായി, ഇപ്പോൾ അതിജീവനത്തിന്റെ പ്രതീക്ഷയുമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

