ധനവകുപ്പിലെ അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകൾ സർക്കാരിന് പുറത്തുള്ള സ്വകാര്യ സംഘത്തിന് കൈമാറിയ നടപടിയിൽ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിന് പകരം, തെറ്റായ നടപടികളെ മുഖ്യമന്ത്രി തുടർച്ചയായി ന്യായീകരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
താൻ സ്ഥാനമൊഴിയുമ്പോൾ ഖജനാവിൽ 6,000 കോടി രൂപയുണ്ടെന്ന് വെളിപ്പെടുത്തിയത് രഹസ്യ വിവരമാണോയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തെ കെ എൻ ബാലഗോപാൽ തള്ളി. സാമ്പത്തിക വർഷാവസാനമായ മാർച്ച് 31-ഓടെ സർക്കാരിന്റെ വരവ്-ചെലവ് കണക്കുകളും ക്യാഷ് ബാലൻസും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്നത് ധനമന്ത്രിയുടെ പതിവ് ചുമതലയാണെന്നും, അത് സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച സുതാര്യമായ വിവരങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമായി ധനവകുപ്പിലെ അതീവ രഹസ്യ വിഭാഗം കൈകാര്യം ചെയ്യുന്ന മുഴുവൻ ഇടപാടുകൾ, ദൈനംദിന റിപ്പോർട്ടുകൾ, ഭാവി വരവ്-ചെലവ് അനുമാനങ്ങൾ തുടങ്ങിയ വിവരങ്ങൾ ഔദ്യോഗിക സംവിധാനത്തിന് പുറത്തുള്ള സ്വകാര്യ വ്യക്തികൾക്ക് കൈമാറിയത് ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ഒരിടത്തും കേട്ടുകേൾവിയില്ലാത്ത ഇത്തരം നടപടികൾ സർക്കാരിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്നതാണ്.
തന്റെ ഭാഗത്തുണ്ടായ വീഴ്ച അംഗീകരിക്കുന്നതിന് പകരം, തെറ്റായ വാദങ്ങളിലൂടെ അതിനെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഈ നിലപാട് തിരുത്താൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

