പനമരം∙ കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നികൾ തെങ്ങിൽ കയറി തേങ്ങയിട്ട് പൊട്ടിച്ച് കഴിക്കാനും തുടങ്ങിയതോടെ കർഷകരുടെ കാര്യം കഷ്ടത്തിലായി. കിഴങ്ങുവിളകളും നെൽക്കൃഷിയും നശിപ്പിക്കുന്നതിന് പുറമേയാണ് കുള്ളൻ തെങ്ങുകളിലെ തേങ്ങ കാട്ടുപന്നികൾ പറിച്ചു പൊട്ടിച്ചു ഭക്ഷിക്കുന്നത്. പൊക്കം കുറഞ്ഞ തെങ്ങിന്റെ തേങ്ങകൾ വലിയ പന്നികൾ രണ്ടു കാലിൽ നിന്ന് കൈകൾ കൊണ്ട് തെങ്ങിൽ പിടിച്ച് തേറ്റാ കൊണ്ടും വായ്കൊണ്ടും പറിച്ചാണ് പൊട്ടിച്ച് ഭക്ഷിക്കുന്നതെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞ ദിവസം പനമരം പഞ്ചായത്തംഗവും കർഷകനുമായ അമ്മാനി കാഞ്ഞിരത്തിങ്കൽ ജയിംസിന്റെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നികൾ വീട്ടുമുറ്റത്ത് നിന്ന ഉയരം കുറഞ്ഞ തെങ്ങിൽ നിന്നും ആറോളം പച്ച തേങ്ങകൾ ഇത്തരത്തിൽ പറിച്ച് ഭക്ഷിച്ചതായി കർഷകൻ പറഞ്ഞു. കൃഷിയിടത്തിൽ എത്തുന്ന കാട്ടുപന്നികൾ തെങ്ങിന് ചുവട്ടിൽ വീഴുന്ന തേങ്ങ പൊതിച്ച് പൊട്ടിച്ച് ഭക്ഷിക്കാറുണ്ടെങ്കിലും ആദ്യമായാണു തെങ്ങിൽ നിന്ന് തേങ്ങ പറിച്ച് ഭക്ഷിക്കുന്നതെന്ന് ജയിംസ് പറയുന്നു.
ഇക്കണക്കിന് പോയാൽ ഒരു കൃഷിയും നടത്താൻ പറ്റാത്ത അവസ്ഥ വരുമെന്ന് കർഷകർ പറയുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ വീണ്ടും കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. വീട്ടുമുറ്റത്തെത്തുന്ന കാട്ടുപന്നികൾ കുരച്ചുചാടുന്ന വളർത്തുനായ്ക്കളെ ആക്രമിക്കുന്നതായും വനം വകുപ്പും പഞ്ചായത്തും ചേർന്ന് കൃഷിയിടങ്ങളിൽ പെരുകുന്ന കാട്ടുപന്നികളെ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

