കയ്പമംഗലം ∙ നിരോധിത വലകൾ ഉപയോഗിച്ച് കടൽ തീരത്തോടു ചേർന്ന് മീൻപിടിത്തം നടത്തിയ 2 ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. കയ്പമംഗലം കമ്പനിക്കടവ് ഫിഷ് ലാൻഡിങ് സെന്ററിന് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് അനധികൃതമായി കരയോടു ചേർന്ന് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ പിടിച്ചത്.
എറണാകുളം മുനമ്പം സ്വദേശി ശശി, കുഞ്ഞിത്തൈ വലിയാറ വീട്ടിൽ ചാർളി മെൻഡസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ട്രൈടൺ, എലോഹികാ എന്നീ പേരുകളിലുള്ള ബോട്ടുകളാണ് സംഘം പിടിച്ചെടുത്തത്.
ബോട്ടിലുണ്ടായിരുന്ന മത്സ്യം മുനയ്ക്കക്കടവ് ഹാർബറിൽ പരസ്യ ലേലം ചെയ്ത 3,42,500 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടി. തൃശൂർ ജില്ലാ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഡോ.
സി.സീമ നടപടികൾ പൂർത്തിയാക്കി.
ട്രൈടൺ ബോട്ട് രണ്ടര ലക്ഷം രൂപയും, എലോഹികാ ബോട്ട് 5 ലക്ഷം രൂപയും പിഴ ഒടുക്കി. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് മീൻപിടിത്തം നടത്തിയതിനും, കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചതിനും, ട്രോളറുകൾക്കു നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ മീൻപിടിത്തം നടത്തിയതിനുമാണു പിഴ.
ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി.ഗ്രേസി, എഫ്ഇഒ അശ്വിൻ രാജ്, മെക്കാനിക്കുമാരായ കൃഷ്ണകുമാർ, മനോജ്, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിഭാഗം ഓഫിസർമാരായ വി.എൻ.പ്രശാന്ത് കുമാർ, വി.എം.ഷൈബു, ഇ.ആർ.ഷിനിൽ കുമാർ, റെസ്ക്യൂ ഗാർഡ് വർഗീസ് ജിഫിൻ, വിബിൻ, യാദവ് എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണു ബോട്ടുകൾ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

