അടിമാലി∙ മൂന്നാറിനു സമീപം ആനച്ചാലിൽ പ്രവർത്തിക്കുന്ന സ്കൈ ഡൈനിങ്ങിൽ (ആകാശ ഭക്ഷണശാല) 2 കുട്ടികൾ ഉൾപ്പെടെ നാലംഗ കുടുംബവും ജീവനക്കാരിയും കുടുങ്ങി. അനിശ്ചിതത്വം നിറഞ്ഞ മൂന്നര മണിക്കൂറിനുശേഷം അഗ്നിരക്ഷാസംഘമെത്തി രക്ഷിച്ചു.
120 അടി ഉയരത്തിലാണ് ഇവർ കുടുങ്ങിയത്. മംഗളൂരുവിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന, മക്കളായ ഇവാൻ (6), ഇനാറ (3), ജീവനക്കാരി ഹരിപ്രിയ എന്നിവർ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു അപകടത്തിൽപ്പെട്ടത്. ഡൈനിങ് കാബിൻ ഉയർത്തുന്ന ക്രെയ്നിന്റെ സെൻസർ തകരാറായതാണു പ്രശ്നമായത്.
തകരാർ പരിഹരിക്കാമെന്ന ആത്മവിശ്വാസത്തിൽ ആദ്യഘട്ടത്തിൽ അഗ്നിരക്ഷാസേനയെയോ പൊലീസിനെയോ ജീവനക്കാർ വിവരമറിയിച്ചില്ല.
ഒരു മണിക്കൂറിനുശേഷം നാട്ടുകാരാണു ദേവികുളം സബ് കലക്ടറെ വിവരമറിയിച്ചത്.തുടർന്ന് അഗ്നിരക്ഷാസേനാ അസി. സ്റ്റേഷൻ ഓഫിസർ ടി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം സ്ഥലത്തെത്തി ഡൈനിങ് സംവിധാനത്തിൽ നിന്നു താഴേക്ക് കിടന്നിരുന്ന കയർ ഉപയോഗിച്ച് മുകളിലെത്തുകയും ഓരോരുത്തരെയായി താഴെയെത്തിക്കുകയുമായിരുന്നു.
രക്ഷാദൗത്യം ഒന്നര മണിക്കൂർ നീണ്ടു.
രക്ഷകർക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
അടിമാലി ∙ ആകാശ ഭക്ഷണശാലയിൽ കുടുങ്ങിയവരെ രക്ഷിച്ച അഗ്നിരക്ഷാസേനാംഗങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി.മൂന്നാർ അഗ്നിരക്ഷാസേനാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ ടി.അജയകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സി.ജെ.മനോജ്, വിപിൻ രാജ്, റിജിൻ ദാസ്, അർജുൻ ടി.സോമൻ, ആർ.രാഹുൽ, ബിനീഷ് ഗോപി എന്നിവരാണു രക്ഷാദൗത്യം പൂർത്തീകരിച്ചത്.
അടിമാലി, ഇടുക്കി അഗ്നിരക്ഷാസേനാ യൂണിറ്റ് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.ഏറ്റവുമാദ്യം തൗഫീനയെ ആണു കയർ വഴി താഴെയെത്തിച്ചത്. പിന്നീട് അജയകുമാർ, കുട്ടികളെ ശരീരത്തിൽ വച്ചുകെട്ടി ഇറങ്ങി.
പിന്നീടു സഫ്വാൻ, ഹരിപ്രിയ എന്നിവരെയും താഴെയെത്തിച്ചു. രക്ഷാദൗത്യം ഒന്നര മണിക്കൂർ നീണ്ടു.
വൈകിട്ട് അഞ്ചോടെയാണു ദൗത്യം അവസാനിച്ചത്.
റിപ്പോർട്ട് എവിടെ?
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണു സ്കൈ ഡൈനിങ് പ്രവർത്തിക്കുന്നതെന്നു കാട്ടി ഒക്ടോബർ 15നു സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിനും കൈമാറിയിരുന്നു.
ഇതു വകവയ്ക്കാതെയാണു പ്രവർത്തിച്ചിരുന്നതെന്നാണു വിവരം. ഒക്ടോബർ 5ന് ആണു സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.
സ്കൈ ഡൈനിങ് എങ്ങനെ?
ക്രെയ്നിന്റെ സഹായത്തോടെ 120 അടി ഉയരത്തിൽ ആകാശക്കാഴ്ച കണ്ട് ഭക്ഷണം കഴിക്കാം.
ആളുകൾ കയറി സീറ്റ് ബെൽറ്റ് ഇട്ടുകഴിഞ്ഞാൽ ക്രെയ്ൻ ഉയർത്തും.
എവിടെ
കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽനിന്ന് ഇരുട്ടുകാനം–ആനച്ചാൽ റോഡിൽ എസ് വളവിനു സമീപം.
സീറ്റുകൾ
16 ചെലവ് അര മണിക്കൂറിന് ഒരാൾക്ക് 1,000 രൂപ (ഭക്ഷണം ഉൾപ്പെടെ)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

