കൊച്ചി നഗരത്തിൽ യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ പുതിയ നിയമപോരാട്ടത്തിന് തുടക്കമായി. പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ ബസ് ഉടമയാണ് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചിരിക്കുന്നത്.
ഹർജി സിസിഐ ഫയലിൽ സ്വീകരിച്ചതോടെയാണ് വിഷയം നിയമപരമായ പരിശോധനയിലേക്ക് കടക്കുന്നത്. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റിയുടെ സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി.ആലപ്പാട്ടാണ് ഈ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയത് വഴി സ്വകാര്യ ബസുകളുടെ മത്സരക്ഷമത പൂർണ്ണമായും തകർന്നുവെന്നും, ഇത് കെഎസ്ആർടിസിക്ക് മാത്രമായി വലിയ മുൻതൂക്കം നേടിക്കൊടുത്തുവെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. വിപണിയിലെ തുല്യ മത്സര സാഹചര്യമെന്ന അടിസ്ഥാനപരമായ സാമാന്യ നീതിക്ക് വിരുദ്ധമാണ് ഈ സർക്കാർ പദ്ധതിയെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
പദ്ധതി നിലവിൽ വന്നതോടുകൂടി പ്രൈവറ്റ് സ്റ്റേജ് കാരിയേഴ്സുകളിൽ യാത്ര ചെയ്തിരുന്ന വൻതോതിലുള്ള സ്ത്രീ യാത്രക്കാർ കെഎസ്ആർടിസി സർവീസുകളിലേക്ക് പൂർണ്ണമായി മാറി. യാത്ര തികച്ചും സൗജന്യമാണ് എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ് ഇത്രയധികം യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിച്ചു തുടങ്ങിയത്.
ഇത് സ്വകാര്യ ബസ് ഉടമകളുടെ വരുമാനത്തിൽ ഗുരുതരമായ ഇടിവാണ് ഉണ്ടാക്കിയിട്ടുള്ളത്. നിലവിൽ ബസ് സർവീസുകൾ മുന്നോട്ട് കൊണ്ടുപോവുക എന്നത് സാമ്പത്തികമായി തികച്ചും ലാഭകരമല്ലാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.
വരുമാനത്തകർച്ചയെ തുടർന്ന് ഇതുവരെ 750 സ്വകാര്യ ബസുകൾ ആണ് സർവീസുകൾ പൂർണ്ണമായി നിർത്തലാക്കിയത്. ഇതിനു പുറമെ കൂടുതൽ ബസുകളും സർവീസ് അവസാനിപ്പിക്കേണ്ട
ഡയറക്ട് പ്രതിസന്ധിയുടെ വക്കിലാണ്. ദിവസേനയെന്നോണം കൂടുതൽ സ്ത്രീ യാത്രക്കാർ സ്വകാര്യ ബസുകളിൽ നിന്ന് അകലുന്നത് ഈ മേഖലയിലെ സാമ്പത്തിക നഷ്ടം കൂടുതൽ രൂക്ഷമാക്കുന്നുണ്ട്.
സർവീസുകൾ ഓരോന്നായി നിലച്ചുപോകുന്നത് ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗ്ഗവും തൊഴിലുമാണ് നഷ്ടപ്പെടുത്തുന്നതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

