ഇരിങ്ങാലക്കുട∙ കരിങ്കൽ ക്വാറിയിൽ ഷെയർഹോൾഡറാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ആളൂർ സ്വദേശിയായ സ്ത്രീയുടെയും മകളുടെയും കയ്യിൽ നിന്ന് 88 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതിയെ തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടി. ആളൂർ വെള്ളാംഞ്ചിറ സ്വദേശി അരിക്കാടൻ വീട്ടിൽ വാട്സനെ (42) ആണ് തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ഉല്ലാസ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയും മകളും മംഗളൂരുവിൽ ക്രഷർ ബിസിനസ് നടത്തിയിരുന്ന സമയത്ത് ഇവരുടെ സഹായിയായി കൂടെയുണ്ടായിരുന്ന വാട്സൻ ക്രഷറിലേക്ക് കരിങ്കൽ ലഭിക്കാൻ ക്വാറി ഉടമയായ മംഗളൂരു സ്വദേശി ഗജേന്ദ്രബാബു (43) എന്നയാളുടെ ക്വാറിയിൽ ഷെയർ എടുക്കണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ക്വാറി ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 57,50,000 രൂപയും ഇയാൾക്ക് കൈമാറാൻ 30,70,000 രൂപ വാട്സന്റെ ബാങ്ക് അക്കൗണ്ടിലേക്കും വാട്സൻ അയപ്പിച്ചു. 2023 ഏപ്രിൽ മുതൽ നവംബർ വരെ പല തവണയായാണ് പണം നൽകിയത്. തുടർന്ന് പാർട്നർമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഗജേന്ദ്ര ബാബുവിന്റെ ക്വാറി അടച്ച് പൂട്ടി.
പരാതിക്കാരിയെയും മകളെയും പാർട്നർ ആക്കുകയും ചെയ്തില്ല. ഇതിനിടയിൽ പരാതിക്കാരിക്ക് ഗജേന്ദ്ര ബാബു നൽകാനുള്ള 88,20,000 രൂപയിൽ നിന്ന് 37 ലക്ഷം രൂപയും വാട്സൻ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങി.
ഈ വിവരം പരാതിക്കാരിയിൽ നിന്നു മറച്ചു വച്ച് മംഗളൂരുവിലെ ചിക്കബെല്ലാപൂർ എന്ന സ്ഥലത്ത് ജനപ്രിയ സ്റ്റോൺ ക്രഷർ എന്ന സ്ഥാപനത്തിൽ ഷെയർ വാങ്ങുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
നേരത്തെ ബഹ്റൈനിൽ ഷേക്ക് അഹമ്മദ് എന്നയാളുടെ സ്ഥാപനങ്ങളുടെ ജനറൽ മാനേജർ ആയി ജോലി ചെയ്തിരുന്ന വാട്സൻ സാമ്പത്തിക തിരിമറി നടത്തിയ കേസിൽ 4 മാസം ബഹ്റൈനിലെ ജയിലിൽ കിടന്നിരുന്നു . തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ജിഎസ്ഐമാരായ ബെനഡിക്ട്, രാജേഷ്, ശിവൻ, ജിഎഎസ്ഐമാരായ റാഫി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

