നഗരത്തില്‍ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും വനിതകള്‍ക്ക് സുരക്ഷിത യാത്രാസൗകര്യം ഒരുക്കുന്നതിനുമായി കോഴിക്കോട് കോര്പറേഷന് നടപ്പാക്കിയ പദ്ധതി പ്രതിസന്ധിയില്‍. കോടിക്കണക്കിന് രൂപ ചെലവഴിച്ച് ആരംഭിച്ച സിറ്റി സൈക്കിള്‍ പദ്ധതിയാണ് നിലവില്‍ അവതാളത്തിലായിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വാങ്ങി വിവിധയിടങ്ങളില്‍ എത്തിച്ച സൈക്കിളുകള്‍ ആര്‍ക്കും ഉപകരിക്കാതെ തുരുമ്പെടുത്ത് നശിക്കുന്ന സ്ഥിതിയാണുള്ളത്. നഗരയാത്രകള്‍ കൂടുതല്‍ സുഖകരമാക്കുക എന്ന ലക്ഷ്യത്തോടെ സൈക്കിളുകള്‍ വാടകയ്ക്ക് നല്കി ഉപയോഗപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തത്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ച ഈ പദ്ധതി 2023 ഫെബ്രുവരിയിലാണ് ഔദ്യോഗികമായി ആരംഭിച്ചത്. ഇതിനായി പ്രത്യേകമായി സൈക്കിളുകള്‍ വാങ്ങുകയും തുടര്‍ന്ന് വിവിധ വാര്‍ഡുകളിലേക്ക് അവ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
വനിതകള്‍ക്ക് മണിക്കൂറിന് 20 രൂപ നിരക്കില്‍ സൈക്കിളുകള്‍ വാടകയ്ക്ക് ലഭ്യമാക്കാനായിരുന്നു അധികൃതരുടെ തീരുമാനം. രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയായിരുന്നു വാടകയ്ക്ക് കൊടുക്കാനുള്ള സമയം നിശ്ചയിച്ചിരുന്നത്.
എന്നാല്‍, അധികൃതരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി പദ്ധതിക്ക് ജനങ്ങളില്‍ നിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ല. തുടര്‍ന്ന് ഒരു കോടിയിലേറെ രൂപയാണ് ഇതിനായി പാഴായിപ്പോയത്.
പദ്ധതിയുടെ ഭാഗമായി എരഞ്ഞിപ്പാലം, ചെലവൂര്‍, മാറാട്, സരോവരം തുടങ്ങിയ പ്രദേശങ്ങളില്‍ സൈക്കിള്‍ ഷെഡുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സ്ഥലപരിമിതി കാരണം പലയിടങ്ങളിലും ഷെഡുകളുടെ നിര്‍മ്മാണം പോലും പൂര്‍ത്തിയാക്കാനായില്ല. നിലവില്‍ അവശേഷിക്കുന്ന സൈക്കിളുകള്‍ കൃത്യമായ പരിപാലനമില്ലാതെ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്.
ഇതോടെ വനിതകളുടെ യാത്രാസൗകര്യത്തിനായി ലക്ഷ്യമിട്ടുതുടങ്ങിയ പദ്ധതി യാതൊരു ഫലവുമില്ലാതെ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

