മഴക്കാറുകൾ ഒഴിഞ്ഞുമാറിയതോടെ തൃശൂർ സ്വരാജ് റൗണ്ട് അക്ഷരാർത്ഥത്തിൽ പുലികളുടെയും ജനക്കൂട്ടത്തിന്റെയും ആവേശത്തിലേക്ക്. നാലാം ഓണനാൾ സന്ധ്യയിൽ ചെണ്ടമേളങ്ങളുടെയും അരമണികളുടെയും താളത്തിനൊത്ത് ചുവടുവെച്ച് ഒൻപത് പുലിക്കൂട്ടങ്ങളാണ് നഗരത്തിൽ ഇറങ്ങിയത്.
വിവാദങ്ങളും ഭിന്നതകളും മാറ്റിവെച്ച് തൃശൂരിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന പുലിക്കളി ജനങ്ങളുടെ ഉത്സവമായി മാറി. ഇത്തവണത്തെ ആഘോഷത്തിൽ വിയ്യൂർ യുവജന സംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്ക്കൽ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര ദേശം, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നീ ഒൻപത് ദേശങ്ങളാണ് മാറ്റുരച്ചത്.
ഉച്ചവരെ പെയ്ത കനത്ത മഴ കാരണം പരിപാടിക്ക് തടസ്സമുണ്ടാകുമോ എന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും, വൈകിട്ടോടെ മഴ മാറി നിന്നത് സംഘാടകർക്കും ആസ്വാദകർക്കും ആശ്വാസമായി. രാവിലെ തന്നെ വിവിധ ദേശങ്ങളിൽ മെയ്യെഴുത്തും ഒരുക്കങ്ങളും ആരംഭിച്ചിരുന്നു.
ഉച്ചയ്ക്കു ശേഷം പുലിമടകളിൽ നിന്നും സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി പുറപ്പെട്ട സംഘങ്ങളിൽ ഓരോ ദേശത്തുനിന്നും 51 പുലിവേഷക്കാരും വാദ്യകലാകാരന്മാരും അണിനിരന്നു.
പതിവുപോലെ പെൺപുലികളും കുട്ടിപ്പുലികളും ഇത്തവണത്തെയും പ്രത്യേകതയായി. വൈകിട്ട് അഞ്ചുമണിയോടെ ബിനി ജംക്ഷനിൽ മന്ത്രി ഒ.ജെ.
ജനീഷ് ഫ്ലാഗ് ഓഫ് നിർവഹിച്ചതോടെ ഘോഷയാത്രയ്ക്ക് ഔദ്യോഗിക തുടക്കമായി. നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ചാണ് ഓരോ സംഘവും സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചത്.
ദേശങ്ങളുടെ പുലിവാഹനങ്ങളും വൈവിധ്യമാർന്ന നിശ്ചലദൃശ്യങ്ങളും കാണികൾക്ക് വിസ്മയകരമായ കാഴ്ചയാണു സമ്മാനിച്ചത്. രാത്രി പത്തുമണിയോടെ റൗണ്ട് ചുറ്റിയുള്ള ഘോഷയാത്ര സമാപിച്ചു.
അടുത്ത ഓണക്കാലത്ത് വീണ്ടും കാണാമെന്ന ഉറപ്പോടെയാണ് ജനങ്ങൾ മടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

