തൃപ്രയാർ (തൃശൂർ) ∙ സംസ്ഥാനത്തെ കള്ളുഷാപ്പുകളിൽ കറികൾ പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ വരുന്നു. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ശുദ്ധി’ നടപടിയുടെ ഭാഗമായാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ കള്ളുഷാപ്പുകളിൽ പാക്കറ്റുകളിൽ അല്ലാതെ നടത്തുന്ന ഭക്ഷണ വിൽപനയ്ക്ക് ഇനിമുതൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് നിർബന്ധമായും ഉണ്ടായിരിക്കണം. ഭക്ഷ്യസുരക്ഷാ ലൈസൻസിന് പുറമെ ബന്ധപ്പെട്ട
തദ്ദേശ സ്ഥാപനത്തിന്റെ അനുമതിയും ആരോഗ്യ വകുപ്പിന്റെ ക്ലിയറൻസും ഷാപ്പുകൾക്ക് ആവശ്യമാണെന്ന് ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നു. കോട്ടയത്തെ ഷാപ്പിൽ മീനിന്റെ തലക്കറി കഴിച്ചശേഷം ഒരാൾ മരിച്ച സംഭവത്തെ തുടർന്നുണ്ടായ വ്യാപക പരാതികളുടെ പശ്ചാത്തലത്തിലാണ് എക്സൈസ് വകുപ്പ് ഈ നിർണായക നിർദേശം നൽകിയിട്ടുള്ളത്.
അതേസമയം, പുഴുങ്ങിയ മുട്ട വിൽക്കാൻപോലും സാധാരണ ഹോട്ടലുകൾക്ക് സമാനമായ രീതിയിൽ ഉയർന്ന ലൈസൻസുകൾ എടുക്കേണ്ടി വരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഷാപ്പ് ലൈസൻസികൾ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഷാപ്പ് ഉടമകളുടെ ആശങ്കകൾ കണക്കിലെടുത്ത് നിലവിലെ ചട്ടങ്ങൾ വിശദമായി പരിശോധിച്ച് ഉത്തരവ് പുതുക്കി ഇറക്കുമെന്ന് എക്സൈസ് കമ്മിഷണർ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്. കള്ളുഷാപ്പുകളെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചുകൊണ്ട് പരിഷ്കരിച്ച പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കാനാണ് അധികൃതരുടെ ആലോചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

