തൃശൂർ ∙ മറന്നുതുടങ്ങിയ ആ ദുരന്തം വീണ്ടും ഓർമകളിലേക്ക്. നഗരത്തിൽനിന്ന് 5 കിലോമീറ്റർ അകലെ പാടൂക്കാടുള്ള പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ടു പുര പൊട്ടിത്തെറിച്ച് 7 പേരാണ് 2006 മേയ് 4ന് എരിഞ്ഞടങ്ങിയത്.
സാംപിൾ വെടിക്കെട്ടിന്റെ തലേന്നായിരുന്നു അപകടം. സ്ഫോടനം നടന്ന വീട് പൂർണമായും തകർന്നു.
അടുത്തുണ്ടായിരുന്ന വീടിന്റെ മേൽക്കൂര തകർന്നു. 4 കിലോമീറ്റർ അകലെയുള്ള വീടുകളുടെ ജനൽചില്ലുകൾ പോലും പൊട്ടി.
വിയ്യൂർ സെൻട്രൽ ജയിൽ ആശുപത്രിയുടെ മേൽക്കൂര തകർന്നു. ശരീരഭാഗങ്ങൾ സമീപത്തെ പറമ്പുകളിലേക്ക് തെറിച്ചു.
വെടിക്കെട്ടു കരാറുകാരൻ വെണ്ണൂർ മേക്കോണത്ത് രാധാകൃഷ്ണൻ, ജീവനക്കാരായ വടക്കേക്കുന്നത്ത് സുദേവ്, വേശൂട്ടൻ, സുരേഷ്, സുരേഷ്, സതീശൻ, അജീഷ് എന്നിവരാണ് മരിച്ചത്.
ചുറ്റുവട്ടത്തുള്ള എഴുപതോളം 70 വീടുകൾക്കു കേടുപറ്റി. 30 വീട്ടുകാരെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു.
പ്രദേശത്തെ കിണറുകൾ ഉപയോഗശൂന്യമായി. വെടിക്കെട്ടിന്റെ വിശേഷങ്ങൾ പൂരപ്രേമികളെ അറിയിക്കാൻ മാധ്യമപ്രവർത്തകരെ നിർമാണ കേന്ദ്രത്തിലേക്കു കൊണ്ടുപോയ ദിവസമാണ് അന്നും അപകടം നടന്നത്.
വെടിക്കെട്ടു ദിവസം ആകാശത്ത് വിരിയാനിരിക്കുന്ന അത്ഭുതങ്ങൾ ആവേശത്തോടെ വിവരിച്ച ജീവനക്കാർ പലരും അൽപസമയത്തിനകം ഇല്ലാതായ സത്യം വേദനയോടെയാണ് അന്നു മാധ്യമപ്രവർത്തകർ പങ്കുവച്ചത്.
രക്ഷാപ്രവർത്തകരുടെ ധൈര്യവും സംയമനവും അന്നും തൃശൂർ കണ്ടു. പരിമിതികളിൽ വീർപ്പുമുട്ടുന്ന ആശുപത്രികളിൽ, ആരോഗ്യപ്രവർത്തകർ തോളോടുതോൾ ചേർന്നുനിന്നു.
ദുരന്തം അന്നു വൻ ചർച്ചകൾക്കു വഴിവച്ചു. ഇനിയൊരു പാളിച്ചയുണ്ടാവാത്ത വിധം മുൻകരുതലുകളുണ്ടാകുമെന്ന് ബന്ധപ്പെട്ടവർ ആവർത്തിച്ചുറപ്പിച്ചു.
2006 ലെ അപകടം അവസാനത്തേതാകുമെന്ന് എല്ലാവരും കരുതി. എന്നിട്ടും… …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

