തൃശൂർ ∙ വാദ്യമേളങ്ങളുടെയും പൂരക്കാഴ്ചകളുടെയും വർണവിസ്മയ ലോകം ഹൃദയത്തിലേറ്റാൻ തയാറെടുത്ത് സാംസ്കാരിക നഗരി. തൃശൂരിന് ഇനി ഒരാഴ്ച പൂരക്കാലം.
പ്രധാന പങ്കാളികളായ തിരുവമ്പാടി–പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും തൃശൂർ പൂരത്തിനു കൊടിയേറി. വരും ദിവസങ്ങളിൽ ക്ഷേത്ര ഗോപുരങ്ങളും പൂരപ്പന്തലുകളും ദീപപ്രഭയിൽ നിറയും.
കുടകൾ, ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം തുടങ്ങിയവയുടെ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. 26നാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം.
24ന് രാവിലെ തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനം ആരംഭിക്കും. 24ന് രാത്രി 7നാണു സാംപിൾ വെടിക്കെട്ട്.
25ന് രാവിലെ പൂരം വിളംബരം ചടങ്ങ്. 26ന് രാവിലെ ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്.
തുടർന്നു മഠത്തിൽ വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലർച്ചെ പ്രധാന വെടിക്കെട്ടും. 27ന് പകൽപൂരവും തുടർന്നു ഉപചാരം ചൊല്ലലും.
27നു രാത്രി ആറാട്ടോടെ പൂരം കൊടിയിറങ്ങും.
തിരുവമ്പാടി ക്ഷേത്രത്തിൽ കൊടിയേറ്റത്തിനു മുന്നോടിയായി രാവിലെ തിരുവമ്പാടി രമേശ് മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം അരങ്ങേറി. തുടർന്ന് പതിനൊന്നരയോടെ പൂജിച്ച കൊടിക്കൂറ കെട്ടി ദേശക്കാർ ചേർന്നു കൊടിമരം ഉയർത്തി.
പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ ആശാരി ഗൃഹത്തിൽ സുന്ദരൻ, സുഷിത്ത് എന്നിവരാണ് അടയ്ക്കാമരം ചെത്തി മിനുക്കി കൊടിമരം നിർമിച്ചത്. കൊടിയേറ്റ ശേഷം വൈകിട്ടു നടന്ന പൂരം പുറപ്പാടിനു തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി.
തുടർന്ന് തേക്കിൻകാട് മൈതാനത്ത് നായ്ക്കനാലിലും നടുവിലാലിലും യഥാക്രമം നീല നിറത്തിലും മഞ്ഞ നിറത്തിലുമുള്ള കൊടികൾ ഉയർത്തി ആചാര വെടികൾ മുഴക്കി. തുടർന്നു പൂരം പുറപ്പാട് വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്തെത്തി.
അവിടെ മേളം കലാശിച്ച ശേഷം പടിഞ്ഞാറേച്ചിറയിൽ ആറാട്ടും ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളത്തും നടന്നു. പാറമേക്കാവ് ക്ഷേത്രത്തിൽ വലിയപാണിക്കു ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷി നിർത്തി ദേശക്കാർ സിംഹ മുദ്രയുള്ള കൊടിയുയർത്തി.
ചെമ്പിൽ കുട്ടനാശാരി നിർമിച്ച കമുകിൻ കൊടിമരം ആലില, മാവില, ദർഭപ്പുല്ല് എന്നിവയാൽ അലങ്കരിച്ചിരുന്നു.
പിന്നാലെ ക്ഷേത്രത്തിലെ പാലമരത്തിലും തേക്കിൻകാട്ടിലെ മണികണ്ഠനാലിലും സിംഹ മുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തി. തുടർന്ന് അഞ്ചാനകളോടെ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നളളിപ്പ് നടന്നു.
പാറമേക്കാവ് കാശിനാഥൻ തിടമ്പേറ്റി. ഇതിനു മുന്നോടിയായി ക്ഷേത്രാങ്കണത്തിൽ കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും അരങ്ങേറി.
എഴുന്നള്ളിപ്പിനു ശേഷം ഭഗവതിക്കു വടക്കുന്നാഥ ക്ഷേത്രം ചന്ദ്രപുഷ്കരണിയിൽ ആറാട്ടും നടന്നു. കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, പനമുക്കുംപ്പിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നീ ഘടക ക്ഷേത്രങ്ങളിലും ഇന്നലെ വിവിധ സമയങ്ങളിലായി പൂരം കൊടിയേറ്റ് നടന്നു.
പൂരത്തിനൊപ്പം തലപ്പൊക്കത്തിൽ പന്തലുകൾ
തൃശൂർ ∙ പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സ്വരാജ് റൗണ്ടിൽ കെട്ടിപ്പൊക്കുന്ന തിളങ്ങുന്ന അദ്ഭുതങ്ങളായ കൂറ്റൻ പൂരപ്പന്തലുകൾ.
സങ്കീർണമായ രൂപകൽപന, 100 അടിയിലേറെ ഉയരം, ലൈറ്റുകളുടെ മിഴിവ് തുടങ്ങിയവയാൽ കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന റൗണ്ടിലെ മൂന്ന് അലങ്കാര പന്തലുകൾ തൃശൂരിന്റെ പൂരപ്രൗഢിയുടെ തലപ്പൊക്കമാണ്. വടക്കുന്നാഥന്റെ പ്രദക്ഷിണ വഴിയായ സ്വരാജ് റൗണ്ടിൽ മണികണ്ഠനാലിനു സമീപം പാറമേക്കാവും നടുവിലാൽ, നായ്ക്കനാൽ എന്നിവിടങ്ങളിൽ തിരുവമ്പാടിയുമാണ് പൂരപ്പന്തലുകൾ ഉയർത്തുന്നത്.
മൂന്നിടത്തും ഈ ബഹുനില പന്തലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. മണികണ്ഠനാൽ പന്തൽ എടപ്പാൾ നാദം സൗണ്ട് ആൻഡ് ഇലക്ട്രിക്കൽസിന്റെ ബൈജുവാണ് നിർമിക്കുന്നത്.
നടുവിലാൽ പന്തൽ ചെറുതുരുത്തി ആരാധന പന്തൽ വർക്സിന്റെ സെയ്തലവിയുടെ നേതൃത്വത്തിലും നായ്ക്കനാലിൽ ചേറൂർ സ്വദേശി പള്ളത്ത് മണികണ്ഠന്റെ നേതൃത്വത്തിലുമാണ് പന്തൽ നിർമാണം. മൂവരും പന്തൽ നിർമാണത്തിൽ പരിചയ സമ്പന്നർ.
പകൽ കടുത്ത വെയിലും ചൂടുമുള്ളതിനാൽ രാവിലെയും വൈകിട്ടുമായാണ് പ്രധാനമായി നിർമാണം.
തലപ്പൊക്കത്തിന്റെ വീറും വാശിയും പന്തലുകൾക്കും ഉണ്ടാകുമെന്നതിനാൽ എല്ലാ വർഷവും പുതുമയുമായാണ് ഇവ ഉയരുക. 24ന് സാംപിൾ വെടിക്കെട്ടിന് മുൻപ് സന്ധ്യയോടെ പന്തലുകളിൽ വൈദ്യുതിവിളക്കുകൾ തെളിയും.
ഇതോടെ സ്വരാജ് റൗണ്ടും സമീപ പ്രദേശങ്ങളും പന്തലുകളുടെ പ്രഭയിൽ തിളങ്ങും. പിന്നാലെ സെൽഫികൾ, സ്റ്റേറ്റസ് അപ്ഡേറ്റുകൾ, വൈറൽ റീലുകൾ എന്നിവയിലും പന്തലുകളാകും താരം.
ചരിത്രവും ആചാരങ്ങളും
മൂന്ന് പന്തലുകളും പൂരം ആചാരങ്ങളുടെയും ഭാഗമാണ്.
മഠത്തിൽ എഴുന്നള്ളിപ്പു സമയത്ത് തിരുവമ്പാടി ഭഗവതി നടുവിലാൽ പന്തലിൽ നിന്നാണ് വടക്കുന്നാഥനെ ദർശിക്കുന്നത്. പഞ്ചവാദ്യം കലാശിക്കുന്നത് ഈ സമയത്താണ്.
പുലർച്ചെ പ്രധാന വെടിക്കെട്ടിനു തിരുവമ്പാടി–പാറമേക്കാവ് ഭഗവതിമാരുടെ തിടമ്പേറ്റിയ ആനകൾ എഴുന്നള്ളി നിൽക്കുന്നതു നായ്ക്കനാൽ, മണികണ്ഠനാൽ പന്തലുകളിലാണ്. പന്തലുകൾക്കും ചരിത്രമുണ്ട്.
ആദ്യകാലങ്ങളിൽ കുരുത്തോലയും തെങ്ങിൻകുലകളും പനങ്കുലകളും മറ്റും ഉപയോഗിച്ചായിരുന്നു പന്തലുകൾ ഒരുക്കിയിരുന്നത്. വെളിച്ചത്തിന് പെട്രോമാക്സ് വിളക്കുകളും.
പിന്നീട് മുളയും ട്രില്ലിസും പനമ്പട്ടയും ഉപയോഗിച്ചുള്ള ബഹുനില പന്തലുകളായി. വെളിച്ചത്തിന് വൈദ്യുത ദീപാലങ്കാരങ്ങളും.
ഇപ്പോൾ ആധുനിക സാങ്കേതിക വിദ്യ പന്തലുകൾക്കും ദീപാലങ്കാരങ്ങൾക്കും മാറ്റു കൂട്ടുന്നു.
∙ പല നിലകൾ, തട്ടുകൾ
പല നിലകളിലും തട്ടുകളിലുമായാണ് ബഹുനില പൂരപ്പന്തലുകൾ നിർമിക്കുന്നത്. കവുങ്ങിൻ തടികൾക്കൊപ്പം ഇത്തവണ കൂടുതൽ ഉറപ്പിനും സുരക്ഷയ്ക്കുമായി ഇരുമ്പ് കമ്പികളും ഉപയോഗിക്കുന്നുണ്ട്.
പല നിലകളിൽ പട്ടങ്ങളും (മൂലകൾ) ഇവയിൽ ക്ഷേത്ര മാതൃകകളും ചേർന്ന ശൈലിയിലാണ് നിർമാണം. ഏറ്റവും മുകളിൽ ത്രിമാന രൂപമുണ്ടാകും.
പിക്സൽ ബൾബുകൾ
പിക്സൽ ബൾബുകളാണ് പ്രധാനമായും പന്തലുകളിൽ വൈദ്യുത ദീപാലങ്കാരമൊരുക്കാൻ ഉപയോഗിക്കുന്നത്.
പിക്സൽ ബൾബിലേക്ക് ഏതു നിറം വേണമെങ്കിലും നൽകാം. അതിനാൽ ബൾബുകളുടെ എണ്ണമനുസരിച്ച് ഇഷ്ട
രൂപങ്ങളും വരുത്താം. ഡിജിറ്റൽ, എൽഇഡി സംവിധാനങ്ങളും പ്രയോജനപ്പെടുത്തും.
ഒന്നര ലക്ഷത്തിലേറെ ബൾബുകളാണ് ഉപയോഗിക്കുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

