തിരുവനന്തപുരം ∙ താപനില റെക്കോർഡുകൾ ഭേദിച്ചുയരുമ്പോൾ, മണ്ണ് ഗുണനിലവാരം കുറഞ്ഞു ഗുരുതരമായ നിലയിലേക്ക്. മണ്ണിന്റെ സ്വാഭാവിക ജൈവഘടനയെ തകർക്കുന്ന മാറ്റങ്ങളാണ് കാണുന്നത്.
ചൂടിൽ വെന്തുരുകി മണ്ണിലെ ജൈവാംശം ഇല്ലാതാവുകയാണ്. ഇതോടെ വളം നൽകിയാൽ പോലും ആഗിരണം ചെയ്യാനാകാത്ത വിധം മണ്ണ് ‘മൃതമായി’ മാറുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
മണ്ണിന്റെ ഫലഭൂയിഷ്ഠത നിശ്ചയിക്കുന്നത് കോടിക്കണക്കിന് വരുന്ന ബാക്ടീരിയകളും കുമിളും മണ്ണിരയുമാണ്. താപനില 35 ഡിഗ്രി സെൽഷ്യസ് പിന്നിട്ടതോടെ ഇവ കൂട്ടത്തോടെ നശിക്കുകയാണ്.
ഇതുവഴി ജൈവ അവശിഷ്ടങ്ങളെ വിഘടിപ്പിച്ചു വളമാക്കി മാറ്റുന്ന സ്വാഭാവിക പ്രക്രിയ തടസ്സപ്പെടുകയാണ്.
‘കൃഷിക്ക് അനുയോജ്യമായ മണ്ണ് ഉപരിതലത്തിൽനിന്ന് ഏകദേശം ഒന്നര അടി വരെ മാത്രമാണ്. അമിതമായ ചൂട് മൂലം ഈ ഭാഗത്തെ സൂക്ഷ്മ ജീവികൾ നശിക്കുന്നത് അടുത്ത സീസണിൽ കൃഷിയെ ദോഷകരമായി ബാധിക്കും.’
കെ.പി.അബ്ദു സമദ്, ഡപ്യൂട്ടി ഡയറക്ടർ, സോയിൽ കൺസർവേഷൻ വകുപ്പ്
മണ്ണിരകൾ ചൂട് താങ്ങാനാവാതെ ചത്തൊടുങ്ങുകയോ മണ്ണിന്റെ ആഴങ്ങളിലേക്കു നീങ്ങുകയോ ചെയ്യുന്നു.
ഇത് മണ്ണിനകത്തെ വായുസഞ്ചാരത്തെ തടസ്സപ്പെടുത്തിയിട്ടുണ്ട്. കരിയിലകളും മറ്റും ഉണങ്ങി ദ്രവിച്ചുണ്ടാകുന്ന ജൈവാംശം കടുത്ത ചൂടിൽ രാസമാറ്റത്തിനു വിധേയമാകും.
ഇത് മണ്ണിന്റെ നിറം മാറ്റത്തിനും ഘടന മണൽ രൂപമാകുന്നതിനും കാരണമായിട്ടുണ്ട്. പാലക്കാട്, ആലപ്പുഴ, തൃശൂർ ജില്ലകളിലെ പാടശേഖരങ്ങളിൽ മണ്ണ് വലിയ തോതിൽ വിണ്ടുകീറിയിട്ടുണ്ട്.
ചൂടു കൂടി മണ്ണിന്റെ ഉപരിതലം സിമന്റ് പോലെ കട്ടിയാകുന്നത് മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നതു തടയും. സ്പോഞ്ചു പോലെ വെള്ളം ശേഖരിക്കാനുള്ള മണ്ണിന്റെ പ്രത്യേകത നഷ്ടമായതാണ് ഭൂഗർഭ ജലനിരപ്പ് താഴാൻ കാരണമായത്.
ഈർപ്പം പിടിച്ചുനിർത്താനുള്ള ശേഷി കുറഞ്ഞത് കിണറുകളെയും വറ്റിച്ചു.
മണ്ണിനെ സംരക്ഷിക്കാം
∙ കരിയിലയോ വൈക്കോലോ ഉപയോഗിച്ച് മണ്ണിലേക്ക് നേരിട്ട് വെയിൽ ഏൽക്കാത്ത വിധം കൃഷിയിടം മൂടിയിടാം. ∙ ഏക വിള കൃഷിക്ക് പകരം ഇടയ്ക്ക് മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് മണ്ണിന്റെ താപനില നിയന്ത്രിക്കും.
∙ ചാണകം, കംപോസ്റ്റ് എന്നിവ ഉപയോഗിക്കുന്നതു മണ്ണിന്റെ ജലസംഭരണ ശേഷി നിലനിർത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

