ചാലക്കുടി ∙ തൃശൂർ ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന ചാലക്കുടിപ്പാലം ഇന്നലെ രാത്രി അടച്ചു. ദേശീയപാതയിൽ കൊരട്ടി മേൽപ്പാലത്തിന്റെയും മുരിങ്ങൂർ, ചിറങ്ങര അടിപ്പാതകളുടെയും നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും അറ്റകുറ്റപ്പണിക്കും ചാലക്കുടിപ്പാലത്തിലെ ബലപരിശോധനയ്ക്കും ബെയറിങ് മാറ്റുന്നതുമായി ബന്ധപ്പെട്ടുമാണു പാലം അടച്ചത്.
ഈ പാലത്തിലൂടെ പോകേണ്ട
വാഹനങ്ങൾ ഇതിനു സമാന്തരമായി അരികിലുള്ള പുതിയ പാലത്തിലൂടെ (തൃശൂരിൽ നിന്നു എറണാകുളത്തേക്കുള്ള പാതയിൽ) കടത്തിവിടാൻ തുടങ്ങി. ഇന്നലെ രാത്രി ഒൻപതോടെ പാലം അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂർ വൈകിയാണു പാലം അടച്ചു പുതിയ ഗതാഗതക്രമീകരണം ഏർപ്പെടുത്തിയത്.
പഴയ പാലത്തിലൂടെ പോകേണ്ട വാഹനങ്ങൾ കൂടി ദേശീയപാതയിലെ മീഡിയൻ രണ്ടിടത്തു മുറിച്ചുണ്ടാക്കിയ വഴിയിലൂടെ പുതിയ പാലത്തിലേക്കും തിരികെ ദേശീയപാതയിലെ നേർദിശയിലെ പാതയിലേക്കും കടത്തിവിട്ടു.
ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾ ഒരു പാലത്തിലൂടെ കടത്തിവിടാൻ തുടങ്ങിയതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്കു കൂടുതൽ രൂക്ഷമായി. വാഹനഗതാഗതം നിരോധിച്ച പാലത്തിൽ നടത്തുന്ന ബല പരിശോധനയുടെ അടിസ്ഥാനത്തിലാണു നേരത്തെ തീരുമാനിച്ച ബെയറിങ് മാറ്റുന്ന ജോലി നടത്തുക.
അതിന്റെ തീയതി പിന്നീട് അറിയിക്കുമെന്നു ദേശീയപാത ബ്രിജസ് വിഭാഗം അധികൃതർ അറിയിച്ചു.
കുരുക്കു ലഘൂകരിക്കാൻ
∙ തൃശൂരിൽനിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കോട്ടമുറിയിൽനിന്നു തിരിഞ്ഞു സാൻജോ നഗർ, പാറക്കൂട്ടം, കിൻഫ്ര പാർക്ക്, കോനൂർ, പെരുമ്പി വഴി ദേശീയപാതയിലേക്കു തിരിച്ചുവിടും.
∙ എറണാകുളം ഭാഗത്തുനിന്നു തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ചിറങ്ങര മേൽപ്പാലം വഴി തിരിഞ്ഞു ദേവമാത, കൊരട്ടി പള്ളി, കാടുകുറ്റി, മുരിങ്ങൂർ വഴി ദേശീയപാതയിലേക്ക് തിരിച്ചുവിടും.
∙ ഗതാഗത നിയന്ത്രണത്തിനായി 10 പൊലീസ് ഉദ്യോഗസ്ഥർ, 10 ട്രാഫിക് വാർഡൻമാർ, 5 സായുധ പൊലീസ് സേനാംഗങ്ങൾ, 2 ഹോം ഗാർഡുകൾ എന്നിവരെ നിയോഗിച്ചു.
∙ 24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫിസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ഹൈവേ പൊലീസിന്റെ പ്രത്യേക നിരീക്ഷണവും സ്ഥലത്തുണ്ടാകും.
∙ കിഴക്കുഭാഗത്തുള്ള പാലത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടും.
∙ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ക്രമീകരണത്തിൽ കുരുക്കിന് അയവുണ്ടായില്ലെങ്കിൽ എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊടകരയിൽനിന്നും തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പൊങ്ങത്തുനിന്നും സമാന്തര റോഡുകൾ വഴി തിരിച്ചുവിടാനും ആലോചനയുണ്ട്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

