മൂവാറ്റുപുഴ / പുന്നയൂർക്കുളം ∙ ബംഗാളിലെ തിരഞ്ഞെടുപ്പു തിരക്കുകളിലേക്ക് അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നതു കേരളത്തിലെ തൊഴിൽ മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കുമ്പോൾ ഈ സാഹചര്യം ആഘോഷമാക്കുകയാണു സ്വകാര്യ ടൂറിസ്റ്റ് ബസ് ഉടമകൾ. ട്രെയിനുകളിലെ കടുത്ത തിരക്ക് ഒഴിവാക്കാൻ തൊഴിലാളികൾ ലക്ഷങ്ങൾ ചെലവിട്ട് ബസുകൾ വാടകയ്ക്കെടുത്തു നാട്ടിലേക്കു മടങ്ങുന്നതാണു പുതിയ കാഴ്ച.
പ്രധാനമായി ട്രെയിനുകളെ ആശ്രയിച്ചിരുന്ന തൊഴിലാളികൾ ഇപ്പോൾ ഗ്രൂപ്പുകളായി തിരിഞ്ഞാണു ടൂറിസ്റ്റ് ബസുകൾ ബുക്ക് ചെയ്യുന്നത്.
3.5 മുതൽ 5 ലക്ഷം രൂപ വരെയാണു ബസ് സർവീസിനു ബസ് ഉടമകൾ ഈടാക്കുന്നത്. ഒരാൾക്കു വരാനും പോകാനുമായി പതിനായിരം രൂപയോളമാണു ചെലവ്.
മൂവാറ്റുപുഴ, പെരുമ്പാവൂർ, കോതമംഗലം തുടങ്ങിയ മേഖലകളിൽ നിന്ന് ദിവസേന ഒട്ടേറെ ബസുകളാണ് ബംഗാൾ, അസം ലക്ഷ്യമാക്കി നീങ്ങുന്നത്. 10 ദിവസം വരെ നീളുന്ന പാക്കേജുകളിൽ നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇവരെ തിരികെ കേരളത്തിലെത്തിക്കുമെന്ന ഉറപ്പിലാണു സർവീസുകൾ.
വെറുമൊരു യാത്ര എന്നതിലുപരി ബംഗാളിലെ കാഴ്ചകളും വൈവിധ്യമാർന്ന വിവാഹ രീതികളും ഭക്ഷണരീതികളും റീലുകളാക്കി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ടൂറിസ്റ്റ് ബസ് ജീവനക്കാർ നേട്ടമുണ്ടാക്കുന്നുമുണ്ട്.
ഇത്തരം വിഡിയോകൾക്കു വൻ പ്രചാരമാണു ലഭിക്കുന്നത്. രാത്രിയും പകലും നടത്തുന്ന ഇത്തരം സുദീർഘമായ ബസ് യാത്രകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ അധികൃതർക്ക് ആശങ്കയുണ്ട്.
കൃത്യമായ പെർമിറ്റും ഡ്രൈവറുടെ വിശ്രമവും ഉറപ്പുവരുത്താതെ നടത്തുന്ന സർവീസുകൾ അപകടങ്ങൾക്കും വഴിവച്ചേക്കാം.
അതേസമയം, തിരഞ്ഞെടുപ്പു പ്രമാണിച്ചു തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നതു കേരളത്തിലെ നിർമാണമേഖലയെയും കാർഷിക മേഖലയെയും ബാധിച്ചിട്ടുണ്ട്. വൻകിട
കരാറുകൾ ഏറ്റെടുത്തവർ തൊഴിലാളികളില്ലാതെ പണി പൂർത്തിയാക്കാൻ ബുദ്ധിമുട്ടുകയാണ്. വോട്ടു കഴിഞ്ഞ് ഇവർ തിരികെയെത്തുന്നതുവരെ കേരളത്തിലെ പല നിർമാണപ്രവർത്തനങ്ങളും പാതിവഴിയിൽ നിലയ്ക്കുന്ന അവസ്ഥയാണ്.
ഭായിമാർ പോയി; തൊഴിൽമേഖലയിൽ പ്രതിസന്ധി
പുന്നയൂർക്കുളം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് പോയതോടെ നിർമാണമേഖലയും കോൾപാടങ്ങളിലെ കൊയ്ത്തും ഹോട്ടലുകളും പ്രതിസന്ധിയിൽ.
പാടത്തെ പണി അറിയാവുന്ന സ്ഥിരം പണിക്കാർ പോയതോടെ കൊയ്ത്ത് മന്ദഗതിയിലാണ്. തമിഴ്നാട്, ബംഗാൾ, അസം എന്നിവിടങ്ങളിലെ തൊഴിലാളികളാണ് വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോയത്.
എസ്ഐആർ നടപ്പാക്കിയതിനാൽ വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം നഷ്ടപ്പെടുമെന്ന ഭയവും കൂടിയാണ് ഇവർ നാടു പിടിക്കുന്നതിനു പിന്നിൽ.
ബംഗാളിൽ ലക്ഷക്കണക്കിനു വോട്ടർമാരുടെ പേര് പട്ടികയിൽനിന്നു ഒഴിവാക്കിയെന്നും ഇത്തവണ വോട്ട് ചെയ്യാൻ വന്നില്ലെങ്കിൽ പിന്നീട് നാട്ടിലേക്ക് വരേണ്ടിവരില്ലെന്ന തരത്തിലുള്ള വാട്സാപ് സന്ദേശങ്ങളും ഭായിമാർക്കിടയിൽ പ്രചരിച്ചിരുന്നു. ഇതോടൊപ്പം നാട്ടിലേക്ക് വരാൻ ഓഫറുകളും ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പുകാലത്ത് നാട്ടിൽ എത്തിയാൽ ഗുണമുണ്ടെന്ന് തമിഴ് തൊഴിലാളികളും പറയുന്നു. തമിഴ്നാട്ടിൽ 23നും ബംഗാളിൽ 23 മുതൽ 29 വരെയുമാണ് വോട്ടെടുപ്പ്.
അസമിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു. എങ്കിലും ഫലപ്രഖ്യാപനത്തിനു ശേഷമേ മടങ്ങൂ എന്നാണ് തൊഴിലാളികൾ പറയുന്നത്.
കോൾപാടത്ത് കൊയ്ത നെല്ല് ഉണക്കാനും ചാക്കിൽ നിറയ്ക്കാനും വണ്ടിയിൽ കയറ്റാനും ഇതര സംസ്ഥാന തൊഴിലാളികളാണ് ആശ്രയം.
വർഷങ്ങളായി പാടത്തെ പണി ചെയ്യുന്ന പരിചയസമ്പന്നരായ തൊഴിലാളികളും നാട്ടിലേക്ക് പോയതോടെ കർഷകർ വെട്ടിലായി. നിർമാണ മേഖലയും പ്രതിസന്ധിയിലാണ്.
പാചകവാതക ക്ഷാമത്തിനു പിന്നാലെ ഹോട്ടൽ തൊഴിലാളികളായ ഭായിമാർ നാട്ടിലേക്ക് പോയിരുന്നു. ഇവരും തിരഞ്ഞെടുപ്പിനു ശേഷമേ മടങ്ങൂവെന്നതിനാൽ ഹോട്ടലുകളുടെ പ്രവർത്തനവും പ്രശ്നത്തിലാണ്.
ബിഹാർ തൊഴിലാളികളാണ് എല്ലായിടത്തും താൽക്കാലിക ആശ്രയം. ഇവിടെ കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് നടന്നിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

