പുന്നയൂർക്കുളം∙പരൂർ കോൾ പടവിൽ കഴിഞ്ഞ വർഷം പൂർത്തിയാക്കേണ്ട ബണ്ട് ബലപ്പെടുത്തൽ ഉൾപ്പെടെയുള്ള ജോലികൾ നടക്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിൽ.
എൻ.കെ.അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പണി തുടങ്ങുമെന്നു കരാറുകാരൻ ഉറപ്പു നൽകിയിരുന്നെങ്കിലും നടന്നില്ല. ചമ്മന്നൂർ മുതൽ 940 മീറ്റർ ദൂരം ബണ്ട് ബലപ്പെടുത്തൽ, 9 കിലോമീറ്റർ ഉൾത്തോട് ആഴംകൂട്ടൽ, വടക്കേ പടവിൽ മോട്ടർ ഷെഡ്, ചമ്മന്നൂരിൽ കലുങ്ക് എന്നിവയാണ് റീ ബിൽഡ് കേരളയിൽ 1.75 കോടി രൂപയുടെ പദ്ധതിയിൽ ഉള്ളത്.
700 മീറ്റർ ബണ്ടിൽ മണ്ണ് അടിച്ചെന്നും തോട് ആഴം കൂട്ടി എന്നുമാണ് കരാറുകാരന്റെ വിശദീകരണം.
എന്നാൽ ഇത് തട്ടിപ്പാണെന്നാണ് പടവ് കമ്മിറ്റിയുടെ ആക്ഷേപം. മേയിൽ ബണ്ട് ബലപ്പെടുത്തൽ തുടങ്ങിയെങ്കിലും മഴ പെയ്തതിനാൽ പണി അവസാനിപ്പിച്ചു.
കഴിഞ്ഞ മാസം പണി ആരംഭിക്കുമെന്നു പറഞ്ഞെങ്കിലും നടന്നില്ല. മണ്ണ് അടിക്കാൻ ലോറികൾ പോയപ്പോൾ പലയിടത്തും ബണ്ട് താഴ്ന്നു.
ഇതു ശരിയാക്കാൻ പോലും കരാറുകാരൻ തയാറായില്ല. ബന്ധപ്പെട്ടവരുടെ അനാസ്ഥ കാരണം പദ്ധതികൾ കൃത്യസമയത്ത് നടക്കാത്ത അവസ്ഥയാണെന്നും ഇവർ ആരോപിച്ചു.
നൂറടി തോട്ടിൽ നിന്നു ബണ്ടിനു മുകളിലൂടെ പാടശേഖരത്തിലേക്ക് വെള്ളം തിരിച്ച് ഒഴുകുന്നത് ബണ്ട് തകരാൻ കാരണമാകും.
ഇതിനാൽ പലപ്പോഴും പമ്പിങ് നിർത്തേണ്ട അവസ്ഥയാണ്.
നടീൽ വൈകുന്നതിനാൽ ഇത് കൃഷിയെ മൊത്തം ബാധിക്കുമെന്നും ഇവർ പറയുന്നു. നിർമാണത്തിനായി ഇന്നലെ എത്തിയെങ്കിലും ബണ്ടിൽ വെള്ളം കയറിയതിനാൽ പണി തുടങ്ങാൻ സാധിച്ചില്ലെന്നും വെള്ളം കുറഞ്ഞാൽ പ്രവൃത്തി പുനരാരംഭിക്കുമെന്നും കെഎൽഡിസി അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

