വടക്കാഞ്ചേരി ∙ മുള്ളൂർക്കര പഞ്ചായത്തിലെ ഓപ്പൺ ജിംനേഷ്യത്തിൽ ‘തട്ടിക്കൂട്ട് ഉദ്ഘാടനം’. ഞായറാഴ്ച നടന്ന ഉദ്ഘാടനത്തിനു പിന്നാലെ ജിമ്മിലെ ഉപകരണങ്ങൾ എടുത്തുകൊണ്ടുപോയി.
സംഭവം വിവാദമായതോടെ ഉപകരണങ്ങൾ ഊരിക്കൊണ്ടു പോയവർ തന്നെ ഇന്നലെ രാവിലെ തിരികെ കൊണ്ടുവന്ന് ഫിറ്റ് ചെയ്തു. പഞ്ചായത്തിലെ കോട്ടക്കുളത്തിനു സമീപം ഓപ്പൺ ജിംനേഷ്യം യു.ആർ.പ്രദീപ് എംഎൽഎയെക്കൊണ്ടാണു പഞ്ചായത്ത് ഉദ്ഘാടനം ചെയ്യിച്ചത്.തിങ്കളാഴ്ച തിരഞ്ഞെടുപ്പു വിജ്ഞാപനം വരുമെന്നു കണ്ട് പണി തീരാത്ത ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ധൃതി പിടിച്ച് ഞായറാഴ്ച വൈകിട്ട് ‘തട്ടിക്കൂട്ടുക’യായിരുന്നുവെന്നാണ് ആരോപണം.
സ്ഥാപിച്ച പല ഉപകരണങ്ങളും വാടകയ്ക്ക് എടുത്തുകൊണ്ടു വന്നതാണെന്നാണു നാട്ടുകാർ പറയുന്നത്.
പൊതുപ്രവർത്തകരെയോ നാട്ടുകാരെയോ അറിയിക്കാതെ ഏതാനും പേരെ മാത്രം പങ്കെടുപ്പിച്ചായിരുന്നു ഉദ്ഘാടനം. ഉപകരണങ്ങൾ താൽക്കാലികമായി സ്ഥാപിച്ചതാണെന്നും ഉദ്ഘാടനത്തിനു ശേഷം വിദഗ്ധരുടെ സാന്നിധ്യത്തിൽ അവ പിന്നീട് ഫിറ്റ് ചെയ്യാൻ വേണ്ടിയാണ് അഴിച്ചുകൊണ്ടു പോയതെന്നുമാണു പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
ഉദ്ഘാടനത്തിനു പിന്നാലെ ഉപകരണങ്ങൾ അഴിച്ചെടുക്കുന്നതും അവിടെനിന്നു കൊണ്ടുപോകുന്നതും പ്രാദേശിക ചാനലുകളും നാട്ടുകാരും വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ നാണംകെട്ട
അധികൃതർ ‘വിദഗ്ധരെ’യൊന്നും കാത്തുനിൽക്കാതെ ഊരിക്കൊണ്ടു പോയവരെക്കൊണ്ടു തന്നെ അതു തിരികെ എത്തിച്ച് ഇന്നലെ പഴയപടി ഫിറ്റ് ചെയ്യിക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

