തൃശൂർ ചെന്ത്രാപ്പിന്നിയിൽ മൊബൈൽ ഫോൺ നന്നാക്കാനെത്തിയ യുവാവിനെ അക്രമിച്ച് പണം കവർന്ന സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട
സൂരജ് (40), വിഷ്ണു (33) എന്നിവരാണ് കയ്പമംഗലം പോലീസിന്റെ പിടിയിലായത്. സംഭവം നടന്നത് ജൂലൈ 12-ന് വൈകുന്നേരം 6:45 ഓടെയാണ്.
ചെന്ത്രാപ്പിന്നി ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തുള്ള ‘ഈസി മൊബൈൽ’ ഷോപ്പിൽ ഫോൺ നന്നാക്കാനായി എത്തിയ ചാമക്കാല സ്വദേശി യദുവിനെ (31), പ്രതികൾ കടയ്ക്കുള്ളിൽ വെച്ച് മർദ്ദിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം.
കൈകൾ കൊണ്ടും കീചെയിനിലുണ്ടായിരുന്ന ചെറിയ കത്രിക ഉപയോഗിച്ചും പ്രതികൾ യദുവിനെ പരുക്കേൽപ്പിച്ചു. ഇതിനുശേഷം ഇയാളുടെ സ്കൂട്ടർ താക്കോൽ ബലമായി പിടിച്ചുവാങ്ങുകയും, ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴി ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,000 രൂപ തട്ടിയെടുക്കുകയും ചെയ്തു.
പോലീസ് രേഖകൾ പ്രകാരം പിടിയിലായവർ കുപ്രസിദ്ധ കുറ്റവാളികളാണ്. കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട
സൂരജ് 25 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വധശ്രമം, ആയുധ നിയമപ്രകാരമുള്ള കേസുകൾ, കാപ്പ നിയമലംഘനം, അടിപിടി തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇയാൾക്കെതിരെ നിലവിലുണ്ട്.
ഒല്ലൂർ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള വിഷ്ണു എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കവർച്ച, അടിപിടി, അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തൽ തുടങ്ങിയവയാണ് ഇയാൾക്കെതിരെയുള്ള പ്രധാന കേസുകൾ.
കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ബിജിത്ത്, എസ്.ഐ.
മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. രാജേഷ് പി.വി., രാജേഷ് പി.കെ., ജോബി, ജോസഫ്, രമേഷ്, സുനിൽകുമാർ, ജ്യോതിഷ്, രജനീഷ്, സിനോജ്, വിപിന്ദാസ് എന്നിവരടങ്ങിയ സംഘം അന്വേഷണത്തിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

