ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.
പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ടിലാണ് വയോധിക ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായിരിക്കുന്നത്. വെള്ളത്തിൽ വീണതിനെത്തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണം.
അതേസമയം, വയോധിക ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും പരിശോധനയിൽ സ്ഥിരീകരിച്ചു. മൃതദേഹത്തിൽ കാണപ്പെട്ട
പാടുകൾ കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്നവയാണ്. വയോധികയുടെ കഴുത്തിലും കവിളിലുമായി കണ്ടെത്തിയ പാടുകൾ, വായ പൊത്തിപ്പിടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തപ്പോൾ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
വയോധിക മരിച്ചെന്ന് കരുതി കിണറ്റിൽ നിക്ഷേപിക്കുകയായിരുന്നു എന്നാണ് പ്രതിയായ സുരേഷ് പൊലീസിന് നൽകിയ പ്രാഥമിക മൊഴി. എന്നാൽ മരണത്തിന് മുൻപ് ഇയാൾ വയോധികയെ ക്രൂരമായി മർദ്ദിച്ചിരുന്നോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങാൻ ഗുരുവായൂർ ടെമ്പിൾ പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. കഴിഞ്ഞ ദിവസം രാത്രി ഒരു വാടകക്കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് വയോധികയുടെ മൃതദേഹം കണ്ടെടുത്തത്.
മദ്യപാന സദസ്സിനിടെ സുഹൃത്തിനോട് പ്രതി കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു. ഈ സുഹൃത്ത് വിവരം പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നതും പ്രതി പിടിയിലാകുന്നതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

