തിരുവനന്തപുരം ∙ വിദ്യാഭ്യാസരംഗത്തും സാക്ഷരതയിലും കേരളം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് അഭിമാനമാണെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാജ്യത്തിന്റെ ഐക്യവും സാമൂഹിക ബന്ധങ്ങളും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർ ഇവാനിയോസ് കോളജിന്റെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന പൊതുസമ്മേളനം കോളജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
വെറും ബിരുദങ്ങൾക്കും തൊഴിലിനും അപ്പുറം, വ്യക്തിത്വ രൂപീകരണത്തിനും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും വിദ്യാഭ്യാസം മുൻഗണന നൽകണം. യുവതയെ ഭാവിയിലേക്ക് സജ്ജമാക്കുന്ന വലിയ മാറ്റമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമിടുന്നത്.
ക്രിയാത്മകമായ ചിന്തയ്ക്കും ഗവേഷണത്തിനുമാണ് ഇതിൽ പ്രാധാന്യം നൽകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ വിദ്യാർഥികൾ പഠിക്കണം.
വൈവിധ്യങ്ങളെ ബഹുമാനിക്കാനും ശാസ്ത്രീയ അവബോധം വളർത്താനും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനും വിദ്യാർഥികൾക്ക് കഴിയണം. വിദ്യാർഥികൾ പുതിയ സാങ്കേതിക വിദ്യകളിലൂടെയും സംരംഭങ്ങളിലൂടെയും തൊഴിൽദായകരായി മാറണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ സ്വാഗതം ആശംസിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യപ്രഭാഷണം നടത്തി. മന്ത്രി എം.ബി.രാജേഷ്, ശശി തരൂർ എംപി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മേയർ വി.വി.രാജേഷ്, മുൻ ചീഫ് സെക്രട്ടറി ഡോ.
കെ.ജയകുമാർ, പ്രിൻസിപ്പൽ ഡോ. മീരാ ജോർജ് എന്നിവർ സംബന്ധിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

