സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികളുടെ ഭാഗമായി, അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മീൻപിടിത്ത തുറമുഖത്തിന്റെ തറക്കല്ലിടൽ ഒക്ടോബർ ആദ്യവാരത്തിൽ നടക്കും. ഒക്ടോബർ 7നും 9നും ഇടയിലുള്ള തീയതികളിലൊന്നിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കും.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയോട് അനുബന്ധിച്ചാണ് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കുന്നത്. ഇതിനു പുറമെ, നിലവിലുള്ള മീൻപിടിത്ത തുറമുഖത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ, ഹാർബറിലേക്ക് കാലവർഷ സമയത്ത് തിരയടിക്കുന്നത് പ്രതിരോധിക്കുന്നതിനായി ആവിഷ്കരിച്ച പുലിമുട്ട് ദീർഘിപ്പിക്കൽ പദ്ധതി എന്നിവയുടെ പ്രവർത്തന ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
കൂടാതെ, മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡി കുടിശികയുടെ വിതരണവും ചടങ്ങിൽ വെച്ച് നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനും നിലവിലുള്ള മീൻപിടിത്ത തുറമുഖത്തിനും ഇടയിലുള്ള ‘വലിയ കടപ്പുറം’ എന്നറിയപ്പെടുന്ന വിശാലമായ തീരപ്രദേശത്താണ് പുതിയ തുറമുഖം വരുന്നത്.
271 കോടി രൂപ വകയിരുത്തി തയ്യാറാക്കിയിരിക്കുന്ന ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയാണ് (വിസിൽ). പുതിയ മീൻപിടിത്ത തുറമുഖ പദ്ധതിയുടെ ഭാഗമായി, രാജ്യാന്തര തുറമുഖത്തിന്റെ പ്രധാന പുലിമുട്ടിനോട് (ബ്രേക്വാട്ടർ) ചേർന്ന് ഏകദേശം 135 മീറ്റർ നീളത്തിൽ പുതിയ ചെറിയ പുലിമുട്ട് നിർമ്മിക്കും.
അതേസമയം, വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷന് സമീപം സജ്ജമാക്കാൻ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന വേദി സ്ഥലം എം.വിൻസന്റ് എംഎൽഎയും വിസിൽ ഉദ്യോഗസ്ഥ സംഘവും ചേർന്ന് ഇന്നലെ സന്ദർശിച്ചു വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

