തിരുവനന്തപുരം∙ എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച പുതിയ സംസ്ഥാന ബജറ്റ്, കേരളത്തിലെ പ്രൊഫഷണലുകൾക്കും യുവജനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും വലിയ നിരാശയാണ് ഉണ്ടാക്കിയതെന്ന് ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷനിലേക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് സർക്കാരിന്റെ ദീർഘവീക്ഷണക്കുറവാണ് വ്യക്തമാക്കുന്നതെന്ന് എഐപിസി അഭിപ്രായപ്പെട്ടു.
ബജറ്റിൽ ടെക്നോപാർക്കിനും ഇൻഫോപാർക്കിനും ആവശ്യമായ പ്രാധാന്യം നൽകായില്ലെന്നും എഐപിസി ആരോപിച്ചു. ‘സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് മേഖല ശക്തിപ്പെടുത്തേണ്ട സമയത്ത്, കേരള സ്റ്റാർട്ടപ്പ് മിഷനിലേക്കുള്ള ബജറ്റ് വിഹിതം 130 കോടിയിൽ നിന്ന് 99 കോടിയായി കുറച്ചിരിക്കുന്നത് സർക്കാരിന്റെ ദീർഘവീക്ഷണക്കുറവാണ് വ്യക്തമാക്കുന്നത്.
പുതുമയും സംരംഭകത്വവും തൊഴിൽസൃഷ്ടിയും അനിവാര്യമായ ഈ കാലഘട്ടത്തിൽ ഇത്തരം വെട്ടിക്കുറവ് സംസ്ഥാനത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ 8 വർഷമായി കേരളത്തിൽ പുതിയ ഐടി നയം നിലവിൽ വന്നിട്ടില്ല എന്നതും ഗുരുതരമായ വിഷയമാണ്.
സാങ്കേതികവിദ്യയും തൊഴിൽരീതികളും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പഴയ ഐടി നയത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകുന്നത് ഐടി മേഖലയിലെ യുവപ്രൊഫഷണലുകളോടുള്ള അവഗണനയാണ്.
ടെക്നോപാർക്കിലും ഇൻഫോപാർക്കിലും അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ ആവശ്യമായ പ്രാധാന്യം നൽകുന്നില്ല. നിലവിൽ ടെക്നോപാർക്കിൽ മാത്രം ഏകദേശം 300 കമ്പനികൾ ഓഫിസ് സ്പേസിനായി കാത്തിരിക്കുമ്പോൾ, ടെക്നോപാർക്കിന് 25 കോടി, ഇൻഫോപാർക്കിന് 21 കോടി എന്നിങ്ങനെ വളരെ കുറഞ്ഞ തുകയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.
ഈ വിഹിതം നിലവിലെ ആവശ്യങ്ങൾ പോലും നിറവേറ്റാൻ പര്യാപ്തമല്ല. 2021-ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ 40 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് എൽഡിഎഫ് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ ആ വാഗ്ദാനത്തിന്റെ നാലിലൊന്നുപോലും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സർക്കാരിന്റെ അപ്രാപ്തിയും ധനത്തിന്റെ ദുരുപയോഗവും ഇതിന് കാരണമായതായി വ്യക്തമാകുന്നു.
അടുത്തുള്ള സംസ്ഥാനങ്ങൾ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് പ്രത്യേക പ്രാധാന്യം നൽകുന്ന സമയത്ത്, കേരളം പിന്നില്‍ നിൽക്കുകയാണ്.
തെലങ്കാന ‘ഗ്ലോബൽ എഐ സിറ്റി’, തമിഴ്നാട് ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മിഷൻ’, കര്‍ണാടക ‘എഐ അഡ്മിനിസ്ട്രേഷൻ യൂണിറ്റ്’ എന്നിവ ആരംഭിച്ചപ്പോൾ കുറഞ്ഞത് 100 കോടി വിഹിതമുള്ള പ്രത്യേക ‘കേരള എഐ മിഷൻ’ ഈ ബജറ്റിൽ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും സർക്കാർ നിറവേറ്റിയില്ല. പ്രൊഫഷണലുകളുടെയും യുവജനങ്ങളുടെയും ഭാവി ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഐടി നയം പുതുക്കുകയും ടെക്നോപാർക്കുകളും ഇൻഫോപാർക്കുകളും വിപുലീകരിക്കുകയും സ്റ്റാർട്ടപ്പ് മേഖലക്കും ഭാവി സാങ്കേതികവിദ്യകൾക്കും യഥാർഥ പിന്തുണ നൽകുകയും വേണം’, ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത് ബാലൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

