തിരുവനന്തപുരം ∙ അമ്പലമുക്ക് ജംക്ഷന് സമീപം ജലഅതോറിറ്റിയുടെ 900 എംഎം പിഎസ്സി പൈപ്പിൽ ഉണ്ടായത് രണ്ടു പൊട്ടലുകൾ. ജോയിന്റിലും പൈപ്പിലുമാണ് പൊട്ടൽ.
കാലപ്പഴക്കത്തെ തുടർന്ന് പൈപ്പ് താങ്ങി നിർത്തുന്ന കമ്പി ദ്രവിച്ചു. ഇതു കാരണമാണ് ഈ ഭാഗത്ത് പൊട്ടൽ ഉണ്ടായത്.
ഇതിന് അടുത്ത് തന്നെയാണ് രണ്ടാമത്തെ പൊട്ടലും കണ്ടെത്തിയത്. 50 വർഷത്തിലേറെ പഴക്കമുള്ള കോൺക്രീറ്റ് പൈപ്പുകളാണിത്.
ഇത് കൂട്ടി ചേർക്കുമ്പോൾ വീണ്ടും പൊട്ടൽ ഉണ്ടാകുകയോ പൈപ്പുകൾ തമ്മിൽ ചേരാതെ വന്നാലോ അറ്റകുറ്റപ്പണി വീണ്ടും നീണ്ടു പോകും.
നിലവിൽ ഇന്ന് രാത്രി 10 ഓടെ അറ്റകുറ്റപ്പണി പൂർത്തിയാകുമെന്നാണ് ജലഅതോറിറ്റി അധികൃതരുടെ പ്രതീക്ഷ. അറ്റകുറ്റപ്പണി പൂർത്തിയായി കഴിഞ്ഞാൽ ഉടൻ പമ്പിങ് ആരംഭിക്കാനാണ് തീരുമാനം.
കഴിഞ്ഞ മാസവും അമ്പലമുക്കിൽ പൈപ്പ് പൊട്ടിയിരുന്നു.
പൈപ്പ് പൊട്ടലിന് പിന്നാലെ കഴക്കൂട്ടം മേഖലയിലെ ഉൾപ്പെടെ 22 വാർഡുകളിൽ ശുദ്ധജലവിതരണം തടസ്സപ്പെട്ടിരുന്നു. ജലഅതോറിറ്റി അറിയിപ്പ് അനുസരിച്ച് 25ന് രാത്രി 10വരെ പൂർണമായും ശനിയാഴ്ച വരെ ഭാഗികമായും ജലവിതരണം തടസ്സപ്പെടും.
എന്നാൽ 25ന് പണി പൂർത്തിയായാലും വാൽവ് അടച്ചിരിക്കുന്നതിനാൽ പൈപ്പുകളിലൂടെ ഒഴുകി എത്തി ടാങ്കുകൾ നിറഞ്ഞാൽ മാത്രമേ മറ്റിടങ്ങളിലേക്ക് വെള്ളം എത്തൂ. ഇതിന് ബുധനാഴ്ച വൈകിട്ട് വരെ സമയമെടുക്കും.
ചുരുക്കത്തിൽ 22 വാർഡുകളിൽ 4 ദിവസം തുടർച്ചയായി ശുദ്ധജലവിതരണം തടസ്സപ്പെടും.
ശനിയാഴ്ച വരെ കാട്ടായിക്കോണം വരെയുള്ള സ്ഥലങ്ങളിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെടുമെന്ന് ജലഅതോറിറ്റി അധികൃതർ അറിയിച്ചു. നിലവിൽ നഗരത്തിൽ ഭൂരിപക്ഷം സ്ഥലങ്ങളിലും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമാണ് കൃത്യമായി ശുദ്ധജലം എത്തുന്നത്. മറ്റു ദിവസങ്ങളിൽ രാത്രി ചെറിയ അളവിലും ഒന്നിടവിട്ട
ദിവസങ്ങളിലോ ആണ് വെള്ളം ലഭിക്കുന്നത്. ഞായറാഴ്ചയാണ് അമ്പലമുക്കിൽ പൈപ്പ് പൊട്ടിയത്. പൂർണമായ തോതിൽ എല്ലായിടത്തും വെള്ളം എത്താൻ അടുത്ത ഞായറാഴ്ച വരെ കാത്തിരിക്കേണ്ടി വരും.
പൊട്ടൽ പരിഹരിക്കാനായി സ്റ്റീൽ ഷീറ്റ് വളച്ച് പൈപ്പ് രൂപത്തിലാക്കി യോജിപ്പിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്.
ഇതിനായി 8 മണിക്കൂർ എടുക്കും. സ്റ്റീൽ വളച്ച് എടുക്കുന്ന പൈപ്പുകൾ ചേരാതെ വന്നാലോ മറ്റെവിടെയെങ്കിലും പൊട്ടൽ വീഴുകയോ ചെയ്താൽ പണി പിന്നെയും നീളും.
ശുദ്ധജലവിതരണം പൂർണമായി തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടും ജലഅതോറിറ്റി പകരം സംവിധാനങ്ങൾ ഒരുക്കാത്തത് നാട്ടുകാരുടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കഴക്കൂട്ടം, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, ശ്രീകാര്യം, പൗഡിക്കോണം, ചെറുവയ്ക്കൽ, ചെമ്പഴന്തി, ഞാണ്ടൂർകോണം, ചെല്ലമംഗലം, ഉള്ളൂർ, ഇടവക്കോട്, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, കേശവദാസപുരം, പട്ടം, ഉള്ളൂർ, പരുത്തിപ്പാറ, മുട്ടട
വാർഡുകളിലേക്കുള്ള ശുദ്ധജല വിതരണമാണ് രാത്രി വരെ പൂർണമായും ശനിയാഴ്ച വരെ ഭാഗികമായും തടസ്സപ്പെടുകയെന്നു ജലഅതോറിറ്റി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

