തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിലെ കാറാത്തല–പുള്ളിയിൽ റോഡിൽ വീണ്ടും അട്ടിമറി. ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച റോഡിന്റെ നന്നാക്കിയ ഭാഗം വീണ്ടും മണ്ണെണ്ണയൊഴിച്ച് കേടാക്കി.
നാല്നൂറോളം മീറ്റർ ദൂരമുള്ള റോഡിലാണ് ഈ സംഭവം ആവർത്തിച്ചത്. നേരത്തെ സാമൂഹിക വിരുദ്ധർ മണ്ണെണ്ണയൊഴിച്ച് റോഡ് ഇളക്കിമാറ്റിയതിനെ തുടർന്ന് കരാറുകാരന്റെ ബിൽ പാസായിരുന്നില്ല.
തുടർന്ന് എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ റോഡിൽ മണ്ണെണ്ണ ഒഴിച്ചതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനുപിന്നാലെ, റോഡ് തകർന്ന ഭാഗം വീണ്ടും ടാർ ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കരാറുകാരന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
റോഡ് തകർന്ന സംഭവവുമായി ബന്ധപ്പെട്ട് കരാറുകാരനെതിരെ വിജിലൻസ് കേസും നിലവിലുണ്ട്. നാട്ടുകാരുടെ സമ്മർദ്ദത്തെയും തുടർന്നുള്ള പ്രതിസന്ധികളെയും തുടർന്ന് 5.5 ലക്ഷം രൂപ കടം വാങ്ങിയാണ് കരാറുകാരൻ കഴിഞ്ഞ ദിവസം ഈ ഭാഗം വീണ്ടും ടാർ ചെയ്തത്.
എന്നാൽ, ഈ പണി പൂർത്തിയായി അന്നുരാത്രി തന്നെ വീണ്ടും റോഡിൽ മണ്ണെണ്ണയൊഴിച്ച് നശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കരാറുകാരൻ റോഡിന്റെ ഇരുവശങ്ങളും കെട്ടിയടച്ച് പ്രതിഷേധം രേഖപ്പെടുത്തി.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തിയ ശേഷം ഗതാഗതം പുനഃസ്ഥാപിക്കാനും ഔദ്യോഗികമായി പരാതി നൽകാനും ആവശ്യപ്പെട്ടു. പൊതുമുതൽ നശിപ്പിച്ചതിന് കർശന നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ട് കരാറുകാരൻ ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
പഞ്ചായത്ത് അധികൃതരും സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

