നെടുമങ്ങാട്∙ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് അക്രമത്തിൽ പരുക്കേറ്റതിനു പിന്നാലെ നെടുമങ്ങാട്ട് ഡിവൈഎഫ്ഐ– എസ്ഡിപിഐ സംഘർഷം. കായ്പാടിയിൽ എസ്ഡിപിഐ ആംബുലൻസിന്റെ ചില്ലും നേതാക്കളുടെ വീടുകളുടെ ജനൽച്ചില്ലുകളും അടിച്ചുതകർത്തു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നിൽ ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചു.ഞായറാഴ്ച രാത്രി 9 മണിയോടെയാണു സംഭവങ്ങളുടെ തുടക്കം. സിപിഎം മുക്കോല ബ്രാഞ്ച് സെക്രട്ടറി, കരകുളം ഹൈസ്കൂൾ ജംക്ഷൻ സോമശ്രീയിൽ എസ്.എസ്.ദീപുവിനെയാണ്(45) കത്തിയും കമ്പിപ്പാരകളും ഉപയോഗിച്ച് അഴിക്കോട്ട് നാലംഗ സംഘം ആക്രമിച്ചത്.
ഭാര്യയും മകനും ബേക്കറിയിൽ കയറി സാധനങ്ങൾ വാങ്ങുമ്പോൾ ദീപു പുറത്ത് സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു.
പിന്നിൽ നിന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ദീപു പറഞ്ഞു. നെഞ്ചിനു നേരെ കുത്തിയപ്പോൾ കൈകൊണ്ടു തടഞ്ഞു.
ഇടതു കയ്യിൽ ആഴത്തിൽ കുത്തേറ്റെന്നും ദീപു പറഞ്ഞു. കയ്യിൽ 3 തുന്നലുണ്ട്.
കഴുത്തിലും കയ്യിലും കാലിലും പരുക്കേറ്റ ദീപു പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകരായ നിസാം, റഫീഖ്, സമദ്, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെ അരുവിക്കര പൊലീസ് കേസെടുത്തു.ഇതിനു പിന്നാലെ രാത്രി പതിനൊന്നോടെ കായ്പാടി കുമ്മിപ്പള്ളി പള്ളിമുക്ക് ജംക്ഷനിൽ എസ്.എൻ. മൻസിലിൽ എസ്ഡിപിഐ പള്ളിമുക്ക് ബ്രാഞ്ച് പ്രസിഡന്റ് നാദിർഷായുടെ വീടിന്റെ ജനൽച്ചില്ലുകളും ബൈക്കും സിസിടിവിയും തകർത്തു.
എസ്ഡിപിഐ കരകുളം പഞ്ചായത്ത് സെക്രട്ടറി കായ്പാടി പള്ളിമുക്ക് സ്വദേശി സമദിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിന്റെയും കാറിന്റെയും ചില്ലുകളും വീടിന്റെ ജനൽച്ചില്ലും 2 ബൈക്കുകളും അടിച്ചുതകർത്തു.
സംഭവത്തിനു പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. അർധരാത്രിയോടെ നെടുമങ്ങാട് ജില്ലാ ആശുപത്രിക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ റെഡ് കെയർ ആംബുലൻസ് കത്തിച്ചു. ഇതിനുപിന്നിൽ എസ്ഡിപിഐ ആണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ എത്തി.
ആംബുലൻസ് കത്തിച്ചതിൽ പ്രതിഷേധിച്ച് സിപിഎം നെടുമങ്ങാട് ടൗണിൽ നടത്തിയ പ്രതിഷേധം ഏരിയ സെക്രട്ടറി കെ.പി.പ്രമോഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയും എസ്ഡിപിഐയും പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തിറങ്ങിയോടെ സംഘർഷാവസ്ഥ കനത്തു. ആംബുലൻസ് തീവച്ചു നശിപ്പിച്ച എസ്ഡിപിഐ നടപടി മനുഷ്യത്വവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.
കഴിഞ്ഞ 4ന് കായ്പാടി ജംക്ഷനിൽ സിപിഎം–എസ്ഡിപിഐ സംഘർഷമുണ്ടായിരുന്നു.
അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പരാതികളിൽ കേസെടുത്തതായി നെടുമങ്ങാട് ഡിവൈഎസ്പി അച്യുത് അശോക് അറിയിച്ചു.ഡിവൈഎഫ്ഐ റെഡ് കെയർ ആംബുലൻസ് എസ്ഡിപിഐക്കാർ കത്തിച്ചുനശിപ്പിച്ചെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ.ജെ.എസ്.ഷിജുഖാൻ പറഞ്ഞു.
ഇതിൽ പ്രതിഷേധിച്ച് ബ്ലോക്ക് പരിധിയിലുടനീളം ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിക്കും. ആംബുലൻസ് കത്തിച്ച കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിൽ ആയുധങ്ങളുമായി എത്തി സിപിഎം അക്രമം നടത്തുകയായിരുന്നുവെന്ന് എസ്ഡിപിഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി എ.റഫീഖ് കായ്പാടി പറഞ്ഞു. മുൻപ്, എസ്ഡിപിഐ ഭാരവാഹികളെ സിപിഎമ്മിലെ 70 പേർ മാരകമായി ആക്രമിച്ചിരുന്നു.
ഇതിൽ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എസ്ഡിപിഐയുടെ ആംബുലൻസ് കേടാക്കിയവർക്കെതിരെ നടപടി സ്വീകരിക്കണം.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ചതിലും ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചതിലും എസ്ഡിപിഐക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒഴിവായത് വൻദുരന്തം
നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നിൽ ആംബുലൻസ് കത്തിച്ച സംഭവത്തിൽ ഒഴിവായതു വൻദുരന്തം. ഇതിനു സമീപം ഒട്ടേറെ ആംബുലൻസുകൾ ഉണ്ടായിരുന്നു.ഡിവൈഎഫ്ഐയുടെ ആംബുലൻസിൽ തീ പടർന്നതിനു പിന്നാലെ മറ്റ് ആംബുലൻസുകൾ അവിടെനിന്നു മാറ്റി.
ഒരു ആംബുലൻസിന്റെ വശത്തിനു ചെറിയ കേടുപാടുണ്ടായി.
ആംബുലൻസ് കത്തിക്കൽ: പോസ്റ്റ് തിരുത്തി വസീഫ്
തിരുവനന്തപുരം∙ ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചതിൽ പ്രതിഷേധിച്ചുള്ള സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ ഫെയ്സ്ബുക് പോസ്റ്റിൽ എസ്ഡിപിഐയുടെ പേര് പറയാത്തതിൽ വിമർശനം. വസീഫ് ഇന്നലെ ആദ്യമിട്ട
പോസ്റ്റിൽ ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചതിൽ എസ്ഡിപിഐയുടെ പേര് പറഞ്ഞിരുന്നില്ല. ഇതു സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കു കാരണമായതോടെ ഒരു മണിക്കൂർ കഴിഞ്ഞ് പോസ്റ്റ് തിരുത്തി. അതിലും എസ്ഡിപിഐയുടെ പേര് വിട്ടു.
വീണ്ടും വിമർശനം വന്നതോടെ, 6 മണിക്കൂറിനു ശേഷം എസ്ഡിപിഐയുടെ പേരു പറഞ്ഞ് പോസ്റ്റ് തിരുത്തി. ആദ്യത്തെ പോസ്റ്റിൽ ആംബുലൻസ് കത്തിച്ച സ്ഥലത്ത് താൻ നേരിട്ടു ചെന്നെന്നു വസീഫ് വ്യക്തമാക്കിയിരുന്നു. തിരുത്തിൽ നേരിട്ടു സ്ഥലത്തെത്തിയെന്ന ഭാഗം ഒഴിവാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

