കോഴിക്കോട് ജില്ലയിലെ കാരന്തൂരിൽ മെംസ് ഇന്റർനാഷനൽ സ്കൂളിൽ പുതുതായി നിർമിച്ച അത്ലറ്റിക് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കായിക മന്ത്രി ഒ.ജെ.ജനീഷ് തിങ്കളാഴ്ച നിർവഹിക്കും. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി.
അബൂബക്കർ മുസല്യാരുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ, വിദ്യാഭ്യാസ, കായിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. സ്കൂൾ പിടിഎയുടെ സഹകരണത്തോടെ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് മർകസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ ക്യാംപസിൽ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം യാഥാർത്ഥ്യമാക്കിയത്.
ഉന്നത നിലവാരമുള്ള അത്ലറ്റിക് ട്രാക്ക്, ഫുട്ബോൾ ടർഫ് കോർട്ട്, ഹർഡ്ല്സ്, റിലേ, സ്പ്രിന്റ് മത്സരങ്ങൾക്കുള്ള റണ്ണിങ് ട്രാക്ക്, വിവിധ ജംപിങ് ഇനങ്ങൾക്കുള്ള പിറ്റ്, ഷോട്ട് പുട്ട് സർക്കിൾ, വോളിബോൾ, ബാഡ്മിന്റൻ, ബാസ്കറ്റ്ബോൾ, അനുബന്ധ ഗെയിം കോർട്ടുകൾ എന്നിവ സ്റ്റേഡിയത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അക്കാദമിക രംഗത്ത് ബ്രിട്ടിഷ് കൗൺസിൽ, യുനെസ്കോ തുടങ്ങിയ രാജ്യാന്തര ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സ്കൂളിന്റെ കായിക പുരോഗതിക്ക് ഈ പുതിയ പദ്ധതി വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിങ്കളാഴ്ച രാവിലെ 9.30 ന് കാരന്തൂർ മെംസ് ക്യാംപസിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ചടങ്ങിൽ എം.എ.റസാഖ് എംഎൽഎ മുഖ്യാതിഥിയാകും.
കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സിവി ഷംജിത്ത്, മർകസ് ഡയറക്ടർ സി.പി. ഉബൈദുല്ല സഖാഫി, മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സിഎഒ വി.എം.
റഷീദ് സഖാഫി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബുമോൻ, പഞ്ചായത്ത് മെമ്പർമാരായ വി.അനിൽകുമാർ, ബിജു പൂതക്കണ്ടി, പിടിഎ പ്രസിഡന്റ് ഡോ. ഉമ്മർ മാസ്റ്റർ, എംജിഎസ് അക്കാദമിക് ഡയറക്ടർ മുഹമ്മദ് ഷാഫി, മുഹമ്മദ് ദിൽഷാദ്, ഹനീഫ് അസ്ഹരി തുടങ്ങിയവർ സന്നിഹിതരായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

