രണ്ട് ദിവസത്തിലേറെ നീണ്ട തീവ്രമായ തിരച്ചിലിനൊടുവിൽ ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കേരള പൊലീസ് പിടുകൂടി.
കണ്ണൂരിലെ രഹസ്യ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഉത്തരമേഖലാ ഡിഐജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെന്റിലായിരുന്നു അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇയാളോടൊപ്പം ഒരു സുഹൃത്തും ഈ കേന്ദ്രത്തിലുണ്ടായിരുന്നു.
പൊലീസ് സംഘം വളഞ്ഞ ഉടൻ തന്നെ അർജുൻ രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ ആ നീക്കം പരാജയപ്പെടുത്തുകയായിരുന്നു. കണ്ണൂരിലെ നടപടികൾക്ക് ശേഷം പ്രതിയെ എറണാകുളത്തേക്ക് മാറ്റിയേക്കുമെന്നാണ് വിവരം.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ പ്രത്യേക നിർദ്ദേശാനുസരണമാകും കേസിൽ തുടർനടപടികൾ സ്വീകരിക്കുക. കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് സംഘം ചേർന്നെന്ന സംശയത്തിന്റെ പേരിൽ അർജുൻ ആയങ്കിയെയും കൂട്ടാളികളെയും നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം, റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്പെക്ടർക്കെതിരെയും ഊന്നുകൽ എസ്.എച്ച്.ഒയ്ക്ക് എതിരേയും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപങ്ങളും ഭീഷണി സന്ദേശങ്ങളും പ്രചരിപ്പിച്ചതിന് മേൽ കേസെടുത്തിരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ശേഷവും ഒളിവിലിരുന്ന് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്നത് തുടർന്നതാണ് പൊലീസിന് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കാൻ കാരണമായത്.
ഒളിവില് കഴിയുന്ന വേളയിൽ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ച് കൊണ്ട് അർജുൻ ആയങ്കി പലതവണ രംഗത്ത് വന്നിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത്, സ്വർണ്ണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, കൂടാതെ വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം തുടങ്ങി വിവിധ സ്റ്റേഷനുകളിലായി നിരവധി ഗുരുതരമായ കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

